യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം; അവസാന ഘട്ട സമ്മർദം ശക്തമാക്കി ഗ്രൂപ്പുകള്‍

കെ.എം അഭിജിതിനെ പ്രസിഡന്റാക്കണമെന്ന ആവശ്യം ആവർത്തിച്ച് എ ഗ്രൂപ്പ്, അബിന്‍ വർക്കിയെ പ്രസിഡന്റാക്കണമെന്ന സമ്മർദ തന്ത്രവുമായി ഐ ഗ്രൂപ്പ്

Update: 2025-09-29 09:17 GMT
Editor : Lissy P | By : Web Desk

കെ.എം അഭിജിത്ത്,ബിനു ചുള്ളിയിൽ,അബിൻ വർക്കി, ഒ ജെ ജനീഷ് Photo| Special Arrangement

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തില്‍ തീരുമാനം അടുത്തിരിക്കേ സമ്മർദം ശക്തമാക്കി ഗ്രൂപ്പുകള്‍. കെ.എം അഭിജിത്തിനെ പ്രസിഡന്റാക്കണമെന്ന ആവശ്യം എ ഗ്രൂപ്പ് ആവർത്തിച്ചു. അബിന്‍ വർക്കിയെ പ്രസിഡന്റാക്കണമെന്ന സമ്മർദ തന്ത്രവുമായി ഐ ഗ്രൂപ്പും രംഗത്തുണ്ട്. ബിനു ചുള്ളിയില്‍, ഒ.ജെ ജനീഷ് എന്നിവരുടെ പേരും സജീവ ചർച്ചയിലുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ച് ഒരു മാസമായിരിക്കെ  പുതിയ പ്രസിഡന്റിനെ വേഗം പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വവും ഹൈക്കമാന്‍ഡും. ഇതിനിടയിലാണ് അവസാന ഘട്ട സമ്മർദം ഗ്രൂപ്പുകള്‍ ശക്തമാക്കുന്നത്.

Advertising
Advertising

സംഘടനാ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിന്റെ പ്രതിനിധിയായി മത്സരിച്ചാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രസിഡന്റായത്. രാഹുല്‍ രാജിവെച്ച ഒഴിവില്‍ എ ഗ്രൂപ്പ് നോമിനി തന്നെ വേണമെന്നാണ് കെ.എം അഭിജിതിന്റെ പേര് നിർദേശിക്കുന്ന എ ഗ്രൂപ്പിന്റെ വാദം. കഴിഞ്ഞ ദിവസം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെക്കണ്ട് എ ഗ്രൂപ്പ് ആവശ്യം ആവർത്തിച്ചു.

സംഘടനാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍വർക്കിയെ പ്രസിഡന്റാക്കിയില്ലെങ്കില്‍ സംഘടനയില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഐ ഗ്രൂപ്പ് ഉന്നയിക്കുന്നത്. കെ.സി പക്ഷക്കാരനായ ദേശീയ സെക്രട്ടറി ബിനു ചുള്ളിയില്‍, മറ്റൊരു സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.ജെ ജനീഷ് തുടങ്ങിവരുടെ പേരും ചർച്ചകളില്‍ മുന്‍പന്തിയിലുണ്ട്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നിലപാടാകും തീരുമാനത്തില്‍ നിർണായകമാവുക. പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, കെപി സി സി പ്രസിഡന്റ് സണ്ണിജോസഫ് എന്നിവരുമായി കൂടിയാലോചിച്ചാകും തീരുമാനം.

സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കേണ്ട സമയത്ത് യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് സ്ഥാനം കൂടുതല്‍ നാള്‍ ഒഴിച്ചിടുന്നത് ശരിയല്ലെന്നാണ് നേതാക്കള്‍ക്ക് പൊതുവെയുള്ള അഭിപ്രായം.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News