'ഇവന്‍ നാടിന് അപമാനം'; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച പൊലീസുകാരന്റെ വീടിന് മുന്നില്‍ പോസ്റ്റര്‍ പതിച്ച് യൂത്ത് കോണ്‍ഗ്രസ്
എസ്‌ഐ നുഹ്മാന്‍, സിപിഒമാരായ സന്ദിപ്, സജീവന്‍, ശശിധരന്‍ എന്നിവരാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ സുജിത്തിനെ ക്രൂരമായി മര്‍ദിച്ചത്
തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവായ വി.എസ് സുജിത്തിനെ മര്‍ദിച്ച സിപിഒ സജീവന്റെ വീടിന് മുന്നില്‍ പോസ്റ്റര്‍ പതിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. 'ഇവന്‍ നാടിന് അപമാനം' എന്ന് എഴുതിയ ഫഌക്‌സുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. പൊലീസ് ക്രിമിനലായ സജീവനെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും ഫ്ലക്സിൽ എഴുതിയിട്ടുണ്ട്. സജീവിന്റെ വീടിന്റെ മതിലില്‍ 'വാണ്ടഡ്' പോസ്റ്ററുകള്‍ പതിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. തുടര്‍ന്ന് വീടിന് സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റുകളിലും മറ്റും പോസ്റ്ററുകള്‍ പതിച്ചാണ് പ്രവര്‍ത്തകര്‍ മടങ്ങിയത്.
എസ്‌ഐ നുഹ്മാന്‍, സിപിഒമാരായ സന്ദിപ്, സജീവന്‍, ശശിധരന്‍ എന്നിവരാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ സുജിത്തിനെ ക്രൂരമായി മര്‍ദിച്ചത്. 2023ല്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എസ്‌ഐ നുഅമാന്റെ വീട്ടിലേക്കും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരുന്നു.