'വിനോദിനിക്ക് ഒരു ഫോൺ ഉണ്ട്, അത് പൈസ കൊടുത്തു വാങ്ങിയതാണ്'; ഐ ഫോൺ വിവാദത്തിൽ കോടിയേരി
പിണറായി വിജയൻ തന്നെയാകും അടുത്ത മുഖ്യമന്ത്രിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
തിരുവനന്തപുരം: ഐ ഫോൺ വിവാദത്തിൽ തനിക്കും കുടുംബത്തിനുമെതിരെ ബോധപൂർവ്വം കഥകളുണ്ടാക്കുകയാണ് എന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. പാർട്ടി നേതൃത്വത്തെ അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സന്തോഷ് ഈപ്പന്റെ ഐഫോൺ എന്റെ ഭാര്യ ഉപയോഗിച്ചിട്ടില്ല, വിനോദിനിയുടെ കയ്യിൽ ഒരു ഫോൺ ഉണ്ട്. ആ ഫോൺ പൈസ കൊടുത്ത് വാങ്ങിയ ഫോണാ. അതിന്റെ ബില്ലും അവരുടെ കൈവശമുണ്ട്. ഇതാണ് വസ്തുത. എന്തിനാണ് ഇങ്ങനെ കഥയുണ്ടാക്കുന്നത്?' - അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രിമാർ എന്നിവർക്കെതിരെയൊക്കെ കഥയുണ്ടാക്കുകയാണ്. മയക്കുമരുന്നു കേസിൽ കുറ്റപത്രം കൊടുത്തപ്പോൾ ബിനീഷ് പ്രതിയേ അല്ല. ഇപ്പോൾ അവനെ ജയിലിൽ കിടത്തി പീഡിപ്പിക്കുകയാണ്- അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ തന്നെയാകും അടുത്ത മുഖ്യമന്ത്രിയെന്ന് കോടിയേരി വ്യക്തമാക്കി. പാർട്ടി അത് നേരത്തെ തന്നെ തീരുമാനിച്ചിട്ടുള്ളതാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.