ബി.ജെ.പിക്ക് 42 എം.എല്‍.എമാര്‍ മതി, സർക്കാറുണ്ടാക്കാന്‍ സി.പി.എം എം.എല്‍.എമാര്‍ പിന്തുണക്കും: എം. ടി രമേശ്

കോലീബീ സഖ്യം ഉണ്ടായിരുന്നുവെന്നത് യാഥാർഥ്യം ആയിരുന്നുവെന്ന് എം. ടി രമേശും

Update: 2021-03-18 10:43 GMT

കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല സിപിഎം നേതാക്കളും ബിജെപിയിലേക്ക് വരുമെന്ന് ബിജെപി നേതാവ് എം. ടി രമേശ്. ഇതിനകം പല സിപിഎം നേതാക്കളും ബിജെപി സ്ഥാനാർഥികളായല്ലോയെന്നും എം.ടി രമേശ് ചോദിച്ചു. ബിജെപിക്ക് 42 എംഎല്‍എമാരെ ലഭിച്ചാല്‍ സർക്കാറുണ്ടാക്കാന്‍ സിപിഎം എംഎല്‍മാരും പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയത്തിൽ കേരളത്തിലെ സിപിഎമ്മിനും കേന്ദ്രത്തിലെ സിപിഎമ്മിനും രണ്ടു നിലപാടാണോ എന്നും എം ടി രമേശ്‌ ചോദിച്ചു. കേരളത്തിലെ വിശ്വാസികളെ വിഡ്ഢികളാക്കാനാണോ സിപിഎം ശ്രമിക്കുന്നത്. സിപിഎമ്മിന്റേത് വഞ്ചനപരമായ നിലപാട് ആണ്. ലീഗിന് വേണ്ടി യെച്ചൂരി ക്യാമ്പയിൻ നടത്താൻ പോകുന്നു. ലീഗ് വർഗീയ പാർട്ടിയാണോ എന്ന ചോദ്യത്തിന് യെച്ചൂരി ഉത്തരം പറയുന്നില്ലെന്നും രമേശ് പറഞ്ഞു.

Advertising
Advertising

പിണറായി കോഴിക്കോട് ജില്ലയിൽ പ്രചാരണത്തിന് കൊടുവള്ളി തെരഞ്ഞെടുത്തത് എന്തിനാണ്. സ്വർണക്കടത്ത് സംഘത്തിന്റെ ഇടനിലക്കാരൻ സ്ഥാനാർഥി ആയതു കൊണ്ടാണോ മുഖ്യൻ കൊടുവള്ളിയിൽ പ്രചാരണത്തിന് ഇറങ്ങിയത്. അഖിലേന്ത്യാ കോൺഗ്രസ്‌ നേതൃത്വവുമായി സിപിഎം ഉണ്ടാക്കിയ ധാരണ പ്രകാരമാണ് ധര്‍മടത്ത് ഇതുവരെ കോൺഗ്രസ്‌ സ്ഥാനാര്‍ത്ഥിയെ നിർത്താത്തതെന്നും രമേശ് കുറ്റപ്പെടുത്തി. കോ ലീ ബീ സഖ്യം ഉണ്ടായിരുന്നുവെന്നത് യാഥാർഥ്യം ആയിരുന്നുവെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാലും കോലിബി സഖ്യമുണ്ടായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരുന്നു.1991 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ് കോലിബി സഖ്യമെന്ന ചര്‍ച്ചയ്ക്ക് തുടക്കമാകുന്നത്. എന്നാല്‍ ബിജെപി നേതാക്കള്‍ അത് തുറന്ന് സമ്മതിച്ചിരുന്നില്ല.

Tags:    

Similar News