അഭിപ്രായങ്ങള്‍ അഭിപ്രായ വ്യത്യാസമായി കാണരുത്: പി കെ കുഞ്ഞാലിക്കുട്ടി

സ്ഥാനാര്‍ഥി പട്ടികയെ ചൊല്ലി പരസ്യ പ്രതിഷേധം ഉയരുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

Update: 2021-03-15 05:57 GMT

അഭിപ്രായങ്ങള്‍ അഭിപ്രായ വ്യത്യാസമായി കാണരുതെന്ന് മുസ്‍ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സ്ഥാനാര്‍ഥി പട്ടികയെ ചൊല്ലി പരസ്യ പ്രതിഷേധം ഉയരുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ലീഗ് സ്ഥാനാര്‍ഥികള്‍ ഈ മാസം 17ന് പത്രിക സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ന് പുനലൂരിലെ സ്ഥാനാര്‍ഥിയെ ലീഗ് പ്രഖ്യാപിച്ചു. അബ്ദുറഹ്മാന്‍ രണ്ടത്താണിയാണ് ഇവിടെ സ്ഥാനാര്‍ഥി. പിഎംഎ സലാമിന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല നൽകി. തിരൂരങ്ങാടിയിൽ വിജയം ഉറപ്പിക്കുന്നതിനൊപ്പം കെപിഎ മജീദിനെ മാറ്റി പിഎംഎ സലാമിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രാദേശിക പ്രതിഷേധം ഇതോടെ അടങ്ങുമെന്നും ലീഗ് നേതൃത്വം കണക്കുകൂട്ടുന്നു. പേരാമ്പ്രയിലെ സ്ഥാനാർഥിയെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് ലീഗ് നേതൃത്വം അറിയിച്ചു.

Advertising
Advertising

അതിനിടെ കളമശ്ശേരിയില്‍ ഇബ്രാഹിംകുഞ്ഞിന്‍റെ മകന്‍ അബ്ദുൽ ഗഫൂറിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് വിമത കണ്‍വെന്‍ഷന്‍ നടന്നു. നിലവിലെ സ്ഥാനാർഥിയെ മാറ്റണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് കണ്‍വെന്‍ഷന് ശേഷം നേതാക്കള്‍ പറഞ്ഞു. അഹമ്മദ് കബീറിനെ വിമതനായി മത്സരിപ്പിക്കാന്‍ ആദ്യ ഘട്ടത്തില്‍ ആലോചന നടന്നെങ്കിലും പിന്നീട് വേണ്ടെന്നുവെച്ചു. പട്ടാമ്പി സീറ്റ് ലഭിക്കാത്തതിനെതിരെയും ലീഗില്‍ പ്രതിഷേധമുണ്ട്.

ഇന്നലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചതോടെ പല മണ്ഡലങ്ങളിലും വിമത നീക്കമുണ്ട്. കഴക്കൂട്ടത്തും എലത്തൂരിലുമാണ് നിലവില്‍ വിമത ഭീഷണിയുള്ളത്. കഴക്കൂട്ടത്ത് എസ് എസ് ലാലിനെതിരെയാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. എലത്തൂരില്‍ മാണി സി കാപ്പന്‍റെ പാർട്ടിയില്‍ നിന്ന് സീറ്റ് ഏറ്റെടുത്തില്ലെങ്കില്‍ വിമതനെ നിർത്തുമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട്. കർഷക കോൺഗ്രസ്‌ വയനാട്‌ ജില്ലാ കമ്മറ്റിയിലെ മുഴുവൻ അംഗങ്ങളും രാജിവെച്ചു. രാജി കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റിന്‌ പോലും സീറ്റ്‌ നൽകാത്തതിൽ പ്രതിഷേധിച്ചാണ്. ടി സിദ്ദിഖിനെ കൽപ്പറ്റയിൽ അംഗീകരിക്കില്ലെന്നും കർഷക കോൺഗ്രസ് വ്യക്തമാക്കി.

Tags:    

Similar News