ആര്‍.എസ് വിമലിന്റെ കര്‍ണനില്‍ നിന്ന് പിന്മാറിയോ ?; ഒടുവില്‍ മനസ് തുറന്ന് വിക്രം

കൊച്ചിയില്‍ പൊന്നിയന്‍ സെല്‍വന്‍ 2 വിന്റെ പ്രെമോഷനോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം

Update: 2023-04-21 07:05 GMT

കൊച്ചി: പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രങ്ങളില്‍ ഒന്നായിരുന്നു വിക്രമിനെ നായകനാക്കി മലയാളി സംവിധായകന്‍ ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യാനൊരുങ്ങിയിരുന്ന 'മഹാവീര്‍ കര്‍ണന്‍' എന്ന ചിത്രം.

ആദ്യം പൃഥ്വിരാജിനെ വെച്ച്  പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട്  ചിത്രം വിക്രമില്‍ എത്തുകയായിരുന്നു. എന്നാല്‍ ചിത്രം പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും കര്‍ണനെ കുറിച്ച് നാളിതുവരെയായി പുതിയ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല.

വിക്രം ചിത്രത്തില്‍ നിന്ന് പിന്മാറിയെന്ന തരത്തിലടക്കം വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് വിക്രം. കൊച്ചിയില്‍ പൊന്നിയന്‍ സെല്‍വന്‍ 2 വിന്റെ പ്രെമോഷനോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.

Advertising
Advertising

കര്‍ണന്‍ സിനിമയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നും ചിത്രം അവസാനിച്ചിട്ടില്ലെന്നുമായിരുന്നു താരം പറഞ്ഞത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു വിക്രം ഇക്കാര്യം പറഞ്ഞത്.

2018 ലാണ് ആര്‍.എസ് വിമല്‍ വിക്രമിനെ നായകനാക്കി 'മഹാവീര്‍ കര്‍ണന്‍' പ്രഖ്യാപിച്ചത്. അതേസമയം വിക്രം അഭിനയിക്കുന്ന പൊന്നിയന്‍ സെല്‍വന്‍ ഏപ്രില്‍ 28 നാണ് റിലീസ് ചെയ്യുന്നത്. വിക്രമിന് പുറമെ ഐശ്വര്യ റായ്, ജയം രവി, കാര്‍ത്തി, തൃഷ കൃഷ്ണന്‍, ശരത് കുമാര്‍, പ്രഭു, ജയറാം, ലാല്‍, കിഷോര്‍, ശോഭിത ധൂലിപാല തുടങ്ങിയവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്.

മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രം ലൈക്കാ പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും സംയുക്തമായാണ് നിര്‍മിക്കുന്നത്. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Tags:    

Writer - അശ്വിന്‍ രാജ്

Media Person

Editor - അശ്വിന്‍ രാജ്

Media Person

By - Web Desk

contributor

Similar News