പുൽപ്പള്ളിയിലെ കടുവ കൂട്ടിൽ : മേഖലയിലെ കടുവ ആക്രമണത്തിന്റെ നാൾവഴികൾ
ഒരാഴ്ചയ്ക്കിടെ കടുവ കൊന്ന ആടുകളുടെ എണ്ണം അഞ്ചായി. ഉടൻ പിടിയിലാകുമെന്ന് പല തവണ തോന്നലുണ്ടാക്കിയെങ്കിലും കടുവ കാണാമറയത്തായിരുന്നു
വയനാട് : കഴിഞ്ഞ പത്തു ദിവസങ്ങളായി വയനാട് പുൽപ്പള്ളിയിലെ ജനവാസ കേന്ദ്രത്തിൽ ഭീതി പരത്തിയ കടുവ ഒടുവിൽ കൂട്ടിലായി. പിടികൂടാൻ പതിനെട്ടടവും പയറ്റിയിട്ടും വനംവകുപ്പ് നാടടക്കി തിരച്ചിൽ നടത്തിയിട്ടും പിടികൊടുക്കാതിരുന്ന കടുവ വ്യാഴാഴ്ച അർധ രാത്രിയോടെയാണ് കൂട്ടിലായത്. കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയ കടുവയുടെ പൂർണ ആരോഗ്യം തിരികെവന്നതിനുശേഷം ഭാവി കാര്യങ്ങൾ തീരുമാനിക്കും.
പുൽപ്പള്ളിയിലെ അമരക്കുനി, തൂപ്ര, ദേവർഗദ്ദ, ഊട്ടിക്കവല പ്രദേശങ്ങളിൽ 10 ദിവസത്തിനിടെ 5 ആടുകളെ കൊന്നത് പിടിയിലായ എട്ടുവയസ് പ്രായമുള്ള പെൺകടുവ കടുവ തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച പകൽ ഡ്രോൺ ക്യാമറ വരെ ഉപയോഗിച്ച് ആർആർടി സംഘം നടത്തിയ തെരച്ചിൽ വിഫലമായിരുന്നു. എന്നാൽ രാത്രി ഏഴരയോടെ കടുവ ദേവർഗദ്ദ-തൂപ്ര റോഡ് മുറിച്ചുകടക്കുന്നത് കാർ യാത്രികർ മൊബൈലിൽ പകർത്തി. കൂടുകൾ സ്ഥാപിച്ച് കടുവയെ പിടിക്കുന്നതിനു നടത്തിയ ശ്രമം വിജയം കാണാത്തതിനെ തുടർന്നാണ് മയക്കുവെടി വെച്ചെങ്കിലും കടുവയെ പിടികൂടാൻ വനം വകുപ്പ് തീരുമാനിച്ചത്. 24 മണിക്കൂറും തുടർന്ന ആർ.ടി സംഘത്തിന്റെ പരിശോധനക്കൊപ്പം ആവശ്യമെങ്കിൽ ഉപയോഗിക്കാൻ രണ്ട് കുംകിയാനകളെയും സ്ഥലത്തെത്തിച്ചിരുന്നു. പുൽപ്പള്ളി പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും അമരക്കുനിക്കടുത്ത വിദ്യാലയങ്ങൾക്ക് അവധി നൽകുകയും ചെയ്തു. അഞ്ച് കൂടുകളിലാണ് കടുവക്കായി കെണിയൊരുക്കിയത്. പ്രദേശത്ത് 32 ക്യാമറ ട്രാപ്പുകളും രണ്ട് ലൈവ് ക്യാമറകളും തെർമൽ ഡ്രോണുകളും നോർമൽ ഡ്രോണുകളും ഉപയോഗിച്ച് തിരച്ചിൽ ഊർജ്ജിതമാക്കിയതിനിടയാണ് കടുവ കൂട്ടിൽ ആയത്.
മേഖലയിൽ കടുവയുടെ ആക്രമണം തുടങ്ങിയതു മുതലുള്ള നാൾവഴികൾ:
ആദ്യം കടുവയുടെ ആക്രമണം ജനുവരി 7ന്. നാരകത്തറയിൽ പാപ്പച്ചൻ എന്ന ജോസഫിൻ്റെ ആടിനെ കൊന്നു. പാതിയോളം ഭക്ഷിച്ച നിലയിലാണ് തൊട്ടടുത്ത തോട്ടത്തിൽ ജഡം കണ്ടത്. തോട്ടത്തിലൂടെ കടുവ ഓടുന്നതും നാട്ടുകാർ കണ്ടു. വിവരമറിഞ്ഞെത്തിയ വനം വകുപ്പുദ്യോഗസ്ഥർ, 24 ക്യാമറ ട്രാപ്പുകളും രണ്ടു നിരീക്ഷണ ക്യാമറകളും സ്ഥാപിച്ച് കടുവയെ കണ്ടെത്താൻ ഊർജിത ശ്രമം തുടങ്ങി. പാതി തിന്ന ആടിനെ ഇരയായി വെച്ച് കെണിയൊരുക്കി. കടുവ കെണിയിൽ കുടുങ്ങിയില്ലെങ്കിലും ക്യാമറയിൽ കുടുങ്ങി. വനംവകുപ്പിന്റെ നിരീക്ഷണ ക്യാമറയിലും ക്യാമറ ട്രാപ്പിലും ദൃശ്യങ്ങൾ ലഭിച്ചു. സൂക്ഷ്മ പരിശോധനയിൽ ഇത് കേരളത്തിൻ്റെ ഡാറ്റാ ബേസിൽ ഇല്ലാത്ത കടുവയാണെന്ന് വനംവകുപ്പിൻ്റെ സ്ഥിരീകരണം. പൂർണാരോഗ്യവാനല്ല എന്നും പ്രാഥമിക നിഗമനം.
ജനുവരി 9 ന് പുലർച്ചെയാണ് അടുത്ത ആക്രമണം. അമരക്കുനി സ്വദേശി രതികുമാറിന്റെ ആട്ടിൻ കൂടിനടുത്ത് ബഹളം കേട്ട് പുറത്തിറങ്ങിയ രതികുമാറിന്റെ മകളും ഭാര്യയും കടുവയെ നേരിൽ കണ്ടു. വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ ആടിൻറെ ജഡം കിട്ടി. ഇവിടെയും ആടിൻറെ ജഡം ഇരയായി വെച്ച് കെണിയൊരുക്കി.
വടക്കനാട് കൊമ്പനും കോന്നി സുരേന്ദ്രനും:
രണ്ടുദിവസം കഴിഞ്ഞ് ജനുവരി 12 ന് തിരച്ചിലിന് കുംകിയാനകളെ വനംവകുപ്പ് പ്രദേശത്തെത്തിച്ചു. കാട്ടാനയായിരിക്കെ നിരന്തരം നാട്ടിലിറങ്ങി ഭീതി വിതച്ച കൊമ്പനാണ് വടക്കനാട് കൊമ്പൻ എന്ന് വിളിക്കുന്ന വിക്രം. കൃഷി നശിപ്പിച്ചും ആളെക്കൊന്നും വാകേരിയിലും വള്ളുവാടിയിലും വിലസിയ വടക്കനാട് കൊമ്പനെ ഒടുവിൽ മയക്കുവെടി വെച്ച് പിടികൂടി കുംകിയാനയാക്കുകയായിരുന്നു വനംവകുപ്പ്.
എന്നാൽ, അമ്മയാന ചരിഞ്ഞതിനെ തുടർന്ന് ചെറു പ്രായത്തിൽ ളാഹ വനത്തിൽ നിന്ന് വനംവകുപ്പിന് ലഭിച്ചതാണ് കോന്നി സുരേന്ദ്രനെ. ശാരീരിക ക്ഷമത കൊണ്ടും ലക്ഷണങ്ങൾ കൊണ്ടും കുംകിയാനയാക്കാൻ യോഗ്യനായിരുന്നു സുരേന്ദ്രൻ.
മുൻ വർഷങ്ങളിൽ വനംവകുപ്പിന്റെ വിവിധ ദൗത്യങ്ങളിൽ പങ്കാളികളായ ആന വീരൻമാരുടെ പുതിയ ദൗത്യം പുൽപ്പള്ളിയിലെ കടുവ തെരച്ചിലാണ്. പുൽപ്പള്ളി ചീയമ്പത്തെ തേക്കിൻ കാട്ടിൽ തളച്ചിട്ടിരിക്കുകയാണ് സുരേന്ദ്രനെയും വിക്രമിനെയും. ആവശ്യം വന്നാൽ ഉടൻ ഇവരെ രംഗത്തിറക്കും
ജനുവരി 13 നാണ് കടുവയുടെ അടുത്ത ആക്രമണം. പുലർച്ചെ രണ്ടു മണിയോടെ അമരക്കുനിക്ക് തൊട്ടടുത്തുള്ള ദേവർഗദ്ദ – തൂപ്ര റോഡിൽ കേശവന്റെ ആട്ടിൻകൂട്ടിൽ എത്തിയ കടുവ, കൂട് തകർത്ത് ആടിനെ കടിച്ച് കൊണ്ടുപോയി. വനംവകുപ്പ് ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്നതിനിടെയാണ് കടുവ ആക്രമിച്ചത്. ഉടൻതന്നെ സംഘം എത്തി പരിശോധന തുടങ്ങി. ഈ ആടിനെ തന്നെ എടുത്ത് കൂട്ടിൽ വച്ച് കെണിയരുക്കി ഡ്രോൺ നിരീക്ഷണം തുടങ്ങി. ഇതിനിടയിൽ കടുവ രണ്ടുതവണ കൂട്ടിനടുത്ത് എത്തിയെങ്കിലും കൂട്ടിൽ കയറിയില്ല. തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനുമായില്ല. ഡിഎഫ്ഒ അജിത് കെ രാമൻ, ചീഫ് വെറ്ററനറി ഫോറസ്റ്റ് ഓഫീസർ ഡോക്ടർ അരുൺ സക്കറിയ, ചെതലത്ത് റേഞ്ച് ഓഫീസർ രാജീവ് എന്നിവരാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്. ഇതിനിടെ അമരക്കുനി അമ്പത്തിയാറിൽ ഒരു തോട്ടത്തിൽ മാനിൻ്റെ ജഡം കണ്ടെത്തി. ആശങ്ക പടരുന്നതിനിടെ പരിശോധന നടത്തിയ വനം വകുപ്പ് സംഘം ആക്രമിച്ചത് കടുവയല്ലെന്നും പട്ടിയാണെന്നും സ്ഥിരീകരിച്ചു. രാത്രിയിലും ഡ്രോൺ പരിശോധന തുടർന്നു. കടുവയെ കണ്ടെത്താനായില്ല.
ജനുവരി 14 പുലർച്ചെ 2.30 ഊട്ടിക്കവല പായിക്കണ്ടത്തിൽ ബിജുവിൻ്റെ വീട്ടിലാണ് കടുവയുടെ ആക്രമണം. ബിജുവിൻ്റെ അമ്മ മറിയം പകൽ വെളിച്ചത്തിൽ എന്ന പോലെ ആ കാഴ്ച കണ്ടു. അമ്മയാടും മൂന്നു കുട്ടികളും കഴിയുന്ന കൂട് തകർത്ത കടുവ, അമ്മയാടിൻ്റെ കഴുത്തിൽ പിടിത്തമിട്ടിരിക്കുന്നു. ആട്ടിൻകുട്ടികൾ കരഞ്ഞുവിളിക്കുന്ന ശബ്ദത്തിനൊപ്പം വീട്ടിൽ ഉള്ളവർ ബഹളം വക്കുക കൂടി ചെയ്തതോടെ കടുവ പിടിത്തം വിട്ടോടി. പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്ന വനം വകുപ്പ് സംഘം വേഗത്തിലെത്തി. ആടിനെ ഇരയാക്കി വച്ച് കൂട് സ്ഥാപിച്ചു. തെർമ്മൽ ഡ്രോൺ പറത്തി. കടുവയുടെ ചലനം വ്യക്തമായതോടെ ഡോക്ടർ അരുൺ സക്കറിയയും ഡോക്ടർ അജേഷ് മോഹൻദാസും സംഘവും മരുന്ന് നിറച്ച തോക്കുമായി ഇറങ്ങി. തെർമൽ ഡ്രോൺ പരിശോധനയിൽ പലകുറി കടുവ തെളിഞ്ഞു.
വനവകുപ്പിന്റെ തെരച്ചിൽനിടെ കടുവയെ സമീപത്തെ കാപ്പിത്തോട്ടത്തിൽ കണ്ടെത്തിയെങ്കിലും ഇരുട്ടും ഇടതൂർന്ന കുറ്റിച്ചെടികളും മൂലം മയക്കുവെടി വെയ്ക്കാനായില്ല. മതിയായ ആരോഗ്യമില്ലാത്തതാകാം കെട്ടിയിട്ട ചെറിയ മൃഗങ്ങളെ മാത്രം വേട്ടയാടാൻ കാരണമെന്നാണ് വനംവകുപ്പ് വിലയിരുത്തൽ.
പതിനാലാം തീയതി രാത്രിയും കടുവ ആടിനെ കൊന്നു. ഇതോടെ, ഒരാഴ്ചയ്ക്കിടെ കടുവ കൊന്ന ആടുകളുടെ എണ്ണം അഞ്ചായി. ഉടൻ പിടിയിലാകുമെന്ന് പല തവണ തോന്നലുണ്ടാക്കിയെങ്കിലും കടുവ ഇപ്പോഴും കാണാമറയത്താണ്.
പതിനാലിന് രാത്രി ആർ.ആർ.ടി സംഘം കടുവയുടെ തൊട്ടടുത്തെത്തിയെങ്കിലും പിടികൂടാനായില്ല. രാത്രി 10 മണിയോടെ കെണിയൊരുക്കിയ കൂടിന് സമീപം നിലയുറപ്പിച്ച കടുവ പിന്നീട് അപ്രത്യക്ഷനായി. പതിനൊന്നേ മുക്കാലോടെ ചന്ദ്രൻ്റെ ആടിനെ കൊന്നു. ജഡം ഭക്ഷിക്കാൻ ഇതേ വീട്ടിൽ കടുവ തിരിച്ചെത്തുന്നതും കാത്ത് മരുന്ന് നിറച്ച തോക്കുമായി കാത്തിരുന്ന മയക്കുവെടി സംഘം, നിരാശരായി. നാലുമണിയോടെ കടുവ വീണ്ടും വീടിനടുത്ത് എത്തിയെങ്കിലും മനുഷ്യ സാന്നിദ്ധും തിരിച്ചറിഞ്ഞതോടെ രക്ഷപ്പെട്ടു.
ജനുവരി 15 ന് രാവിലെ ഏഴരയോടെ രണ്ടു കിലോമീറ്റർ ദൂരെ ആടിക്കൊല്ലി വെള്ളക്കെട്ടിൽ പുല്ലരിയുന്നവർ കടുവയെ കണ്ടു. വിവരമറിഞ്ഞ് ആർആർടി സംഘം കവുങ്ങ് തോട്ടം വളഞ്ഞു. മയക്കുവെടിയ്ക്കായി വിദഗ്ദർ തയ്യാറായി. സമീപ പ്രദേശങ്ങളിൽ നിന്നും നാട്ടുകാരെയും ഒഴിപ്പിച്ചു. രണ്ടു മണിക്കൂർ തെരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തുടർച്ചയായ മൂന്നുദിവസങ്ങളിലും കടുവക്കുന്ന ആടുകളെ ഭക്ഷിക്കാനാവാത്തതിനാൽ അവശ നിലയിലായ കടുവ, മനുഷ്യർക്ക് നേരെ ആക്രമണം നടത്തിയേക്കുമോ എന്ന ആശങ്കയും വർദ്ധിച്ചിരുന്നു. അതിനിടെ പതിനാറാം തീയതി വ്യാഴാഴ്ച ഒരു പകൽ മുഴുവൻ ഡ്രോൺ ക്യാമറകളുടെയും തെർമൽ ഡ്രോൺ ക്യാമറകളുടെയും കണ്ണുവെട്ടിച്ച കടുവ കാടുകയറിയെന്നും ചത്തു എന്നും അഭ്യൂഹങ്ങൾ ഉയർന്നു.
പിന്നാലെ വന്നു കടുവയുടെ ക്യാമറ ദൃശ്യങ്ങൾ. വൈകുന്നേരം 7 മണിയോടെ ദേവർഗദ്ദയിൽ നിന്ന് തൂപ്രയിലേക്ക് പോകുന്ന വഴിയിൽ കാർ യാത്രികർ കടുവയെ നേരിൽ കണ്ടു. ഒട്ടും ധൃതിയില്ലാതെ റോഡ് മുറിച്ച് കടക്കുന്ന കടുവയുടെ ദൃശ്യങ്ങൾ യാത്രക്കാർ മൊബൈലിൽ പകർത്തി.
മണിക്കൂറുകൾക്കുള്ളിൽ ആ പ്രദേശത്തു നിന്ന് തന്നെ ശുഭ വാർത്ത എത്തി. തൂപ്ര അംഗനവാടിക്ക് സമീപം സ്ഥാപിച്ചിരുന്ന കടുവാ കെണിയിൽ കുടുങ്ങിയ പെൺകടുവയുടെ ദൃശ്യങ്ങളും വൈകാതെ പുറത്തുവന്നു.