'ഹിന്ദുക്കൾ സംഭാവന നൽകുന്ന കോളേജിൽ അന്യമതസ്ഥർ വേണ്ട;' ജമ്മുകശ്മീരിലെ BJPയുടെ വർഗീയ കാർഡിന് പിന്നിൽ?
ജമ്മു കശ്മീരിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്‌സലൻസിൽ ഹിന്ദു വിദ്യാർഥികൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് ബിജെപി. ഹൈന്ദവ വിശ്വാസികളുടെ സംഭാവനകൊണ്ട് പ്രവർത്തിക്കുന്നതാണ് കോളേജ് എന്നാണ് അതിനവർ പറയുന്ന ന്യായം
ഇന്ത്യയെന്ന മതേതര ജനാധിപത്യ രാജ്യത്ത് പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ, മുസ്‌ലിം വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി കൂടുതലായി പ്രവേശനം ലഭിച്ചു എന്നതിന്റെ പേരിൽ പ്രതിഷേധമുന്നയിച്ചിരിക്കുകയാണ് രാജ്യം ഭരിക്കുന്ന പാർട്ടി. ജമ്മു കശ്മീരിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്‌സലൻസ്, ഹൈന്ദവ വിശ്വാസികളുടെ സംഭാവനകൊണ്ട് പ്രവർത്തിക്കുന്നതാണ് എന്നാണ് അതിനവർ പറയുന്ന ന്യായം. അതുകൊണ്ടുതന്നെ ഹിന്ദു വിദ്യാർത്ഥികൾക്കാണ് മുൻഗണന നൽകേണ്ടതെന്നും വാദിക്കുന്നുണ്ട് ബിജെപിയും സംഘ്പരിവാരങ്ങളും. എന്താണ് വൈഷ്ണോ ദേവി കോളേജിലെ വിവാദം? എന്തുകൊണ്ട് ഇപ്പോൾ ഇങ്ങനെയൊരു വിവാദം ഉടലെടുത്തു.
2025-26 അധ്യയന വർഷമാണ് ശ്രീ മാതാ വൈഷ്‌ണോ ദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്‌സലൻസിൽ ആദ്യമായൊരു MBBS ബാച്ച് ആരംഭിക്കുന്നത്. അഡ്മിഷൻ ലഭിച്ച ആകെയുള്ള 50 സീറ്റുകളിൽ 42 പേരും മുസ്ലീം വിദ്യാർത്ഥികളായിരുന്നു. നാഷണൽ മെഡിക്കൽ കൗൺസിലിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരുന്നു പ്രവേശന നടപടികൾ. 85% സീറ്റുകൾ ജമ്മു കശ്മീർ സ്വദേശികൾക്കും ബാക്കി 15 ശതമാനം രാജ്യത്തിൻറെ മറ്റുഭാഗങ്ങളിൽ നിന്നുള്ളവർക്കും എന്ന നിലയ്ക്കായിരുന്നു സീറ്റുകളിലെ ആകെയുള്ള സംവരണം.
പക്ഷെ, 42 സീറ്റുകളിലേക്ക് മുസ്ലിം വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചത് ഹിന്ദുത്വ സംഘങ്ങളെ പ്രകോപിപ്പിച്ചു. ആർ എസ എസുമായി ബന്ധമുള്ള രാഷ്ട്രീയ ബജ്‌റംഗ്ദൾ പ്രവർത്തകർ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിയാസി കാമ്പസിലേക്ക് ഇരച്ചുകയറി. വിശ്വ ഹിന്ദു പരിഷത്ത് ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകളും അവർക്കൊപ്പമുണ്ടായിരുന്നു. വൈഷ്‌ണോ ദേവി ക്ഷേത്ര ബോർഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കോലം കത്തിച്ച ഇക്കൂട്ടർ, മുസ്ലിം വിദ്യാർത്ഥികളുടെ അഡ്മിഷൻ റദ്ദാക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. വൈഷ്‌ണോ ദേവി ക്ഷേത്ര ബോർഡ് ധനസഹായം നൽകുന്ന ഒരു സ്ഥാപനത്തിൽ ഹിന്ദു വിദ്യാർഥികൾക്ക് മുൻഗണന നൽകണമെന്നായിരുന്നു അവരുടെ വാദം.
പിന്നാലെയാണ് ഹിന്ദുത്വ ഗ്രൂപ്പുകൾക്ക് പിന്തുണയുമായി ജമ്മുകശ്മീരിലെ പ്രതിപക്ഷമായ ബിജെപിയും രംഗത്തെത്തുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച, ബിജെപി നേതാവ് സുനിൽ ശർമയുടെ നേതൃത്വത്തിലുള്ള സംഘം ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയെ കണ്ട്, നിവേദനവും സമർപ്പിച്ചിരുന്നു. ഹിന്ദു വിദ്യാർത്ഥികൾക്ക് വേണ്ടി കോളേജിൽ സീറ്റ് റിസർവ് ചെയ്യണമെന്നായിരുന്നു നിവേദനത്തിലെ ആവശ്യം. ഒപ്പം നിലവിലെ പ്രവേശനം പുനഃപരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
മറ്റുമതങ്ങളിൽനിന്നുള്ള ആളുകളും വിദ്യാർത്ഥികളും കോളേജിലുണ്ടാകുന്നത് ക്ഷേത്ര ബോർഡിനോ സംഭാവന നല്കുന്നവർക്കോ നല്ലതല്ല എന്നായിരുന്നു സുനിൽ ശർമ്മ പ്രതികരിച്ചത്. അതിനാൽ വൈഷ്ണോ ദേവിയിൽ വിശ്വാസമുള്ള വിദ്യാർത്ഥികൾക്ക് മാത്രം പ്രവേശനം നൽകണമെന്ന് ലെഫ്റ്റനന്റ് ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബിജെപി നേതാവ് വ്യക്തമാക്കിയിരുന്നു.
അതേസമയം, ആരെയും പ്രത്യേകമായി പരിഗണിച്ചല്ല, മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടന്നത് എന്നാണ് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല ഇതിനോട് പ്രതികരിച്ചത്. ശ്രീ മാതാ വൈഷ്ണോദേവി സർവകലാശാല സ്ഥാപിക്കുന്നതിനുള്ള ബിൽ നിയമസഭ പാസാക്കിയപ്പോൾ, ഒരു പ്രത്യേക സമുദായത്തിൽപ്പെട്ട ആൺകുട്ടികളെയും പെൺകുട്ടികളെയും അതിൽ നിന്ന് മാറ്റി നിർത്തുമെന്ന് എവിടെയെങ്കിലും എഴുതിയിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
അധഃപതിച്ച ആക്രമണമാണ് ഭരണഘടയ്ക്കും, മാ വൈഷ്ണോദേവിയുടെ പവിത്രതയ്ക്കും നേരെ ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിന്റെ മുതിർന്ന നേതാവായ അലി മുഹമ്മദ് സാഗർ ചൂണ്ടിക്കാട്ടിയത്.ബിജെപി ജമ്മു കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ "വിശ്വാസത്തിന്റെ യുദ്ധക്കളങ്ങൾ" ആക്കി മാറ്റുകയാണ് എന്നും എൻ സി നേതാക്കൾ വിമർശിച്ചു.
ബിജെപിയുടെ ശക്തികേന്ദ്രമായ ജമ്മുവിൽ ഒമർ അബ്ദുല്ലയ്ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന വർധിച്ച സ്വീകാര്യതയാണ് ഈ വിവാദം ഇപ്പോൾ പൊട്ടിപുറപ്പെട്ടതിന് പിന്നിലെ കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. പരമ്പരാഗതമായി നടത്തിപോന്നിരുന്ന ജമ്മു കശ്‌മീരിലെ ദർബാർ നീക്കം എന്ന പതിവ് ഒമർ അബ്ദുല്ല സർക്കാർ പുനരാരംഭിച്ചതാണ് ജമ്മുവിലെ സ്വീകാര്യതയ്ക്ക് കാരണമായത് എന്നാണ് വിലയിരുത്തൽ.
ശൈത്യകാലത്ത് ജമ്മുവിലും വേനലിൽ കശ്മീരിലെ ശ്രീനഗറിലുമായി ആറുമാസം കൂടുമ്പോഴുള്ള തലസ്ഥാനം മാറലാണ് ദർബാർ നീക്കമെന്ന് അറിയപ്പെട്ടിരുന്നത്. വെറുമൊരു തലസ്ഥാനമാറ്റം മാത്രമായിരുന്നില്ല അത്. തലസ്ഥാനം മാറുന്നതിനൊപ്പം അതാത് മേഖലയിലെ വാണിജ്യത്തെ കൂടി ഉത്തേജിപ്പിക്കുന്ന പ്രക്രിയയായിരുന്നു ഈ ദർബാർ നീക്കം. എന്നാലിത് സാമ്പത്തിക ലാഭം പരിഗണിച്ച് 2021ൽ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നിർത്തലാക്കിയിരുന്നു. പക്ഷെ ജമ്മുവിലെ ജനങ്ങൾക്കത് വലിയ തിരിച്ചടിയായിരുന്നു. അത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ബാധിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ്, അധികാരത്തിലേറിയ ഒമർ അബ്ദുല്ല സർക്കാർ ദർബാർ നീക്കം പുനരാരംഭിക്കുന്നത്. ഇത് ജമ്മുവിൽ ഒമർ അബ്ദുല്ലയ്ക്ക് വലിയ ജനപ്രീതിയാണ് ഉണ്ടാക്കിയത്. ഈ ഘട്ടത്തിലാണ്, വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന വിവാദവുമായി ഹിന്ദുത്വ ഗ്രൂപ്പുകൾ രംഗത്തെത്തുന്നത്.
സമൂഹത്തെ പാടെ ഭിന്നിപ്പിക്കുന്ന ഈ വിവാദത്തെ കത്തിക്കാനാണ് ഹിന്ദുത്വ സംഘം നിലവിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ലെഫ്റ്റനന്റ് ഗവർണറുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായില്ല എങ്കിൽ, പ്രതിഷേധം കടുപ്പിക്കുമെന്നാണ് ബിജെപി പറയുന്നത്.