കൊടുംചൂടിൽ ശരീരം തണുപ്പിക്കാൻ എന്ത് കുടിക്കണം? എന്തൊക്കെ ഒഴിവാക്കണം?

അന്തരീക്ഷത്തില്‍ ചൂട് അനുദിനം വർധിക്കുമ്പോൾ ഒട്ടനവധി ആരോഗ്യ പ്രശ്‌നങ്ങളും നമ്മെ തേടിയെത്തും

Update: 2022-03-14 07:27 GMT
Advertising

വേനല്‍ച്ചൂടില്‍ ചുട്ടുപൊള്ളുകയാണ് കേരളം. വേനൽമഴ കുറഞ്ഞതും വരണ്ട വടക്ക്- കിഴക്കൻ കാറ്റിൻ്റെ സ്വാധീനവുമാണ് സംസ്ഥാനം ചുട്ടുപൊള്ളാൻ കാരണമെന്നാണ് വിലയിരുത്തല്‍. കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പുകള്‍ പ്രകാരം വരുംദിവസങ്ങള്‍ ദുസ്സഹമാകാനാണ് സാധ്യത. മാത്രമല്ല, അന്തരീക്ഷത്തിന്റെ ചൂട് അനുദിനം വർധിക്കുമ്പോള്‍ ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങളും നമ്മെ തേടിയെത്തും.

അസഹ്യമായ ചൂടില്‍ നിന്ന് രക്ഷ നേടാനും ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാനും ജീവിതശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്. അതില്‍ സുപ്രധാനം ആഹാരക്രമത്തില്‍ വരുത്തേണ്ട മാറ്റങ്ങളാണ്. ദഹിക്കാൻ എളുപ്പമുളള ലഘുവായ ആഹാരങ്ങൾ കഴിക്കുകയെന്നതുപോലെ തന്നെ പ്രധാനമാണ് ധാരാളം വെള്ളം കുടിക്കുകയെന്നത്. 


 ചൂടിനെ തുരത്താന്‍ ഇവ കുടിക്കാം

ചൂടിനെ നേരിടാനും ശരീരം തണുപ്പിക്കാനും ക്ഷീണവും തളര്‍ച്ചയും അകറ്റാനും പല തരത്തിലുള്ള പാനീയങ്ങൾ നാം തയ്യാറാക്കാറുണ്ട്. മൺപാത്രത്തിൽ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് ചൂടുകാലത്ത് അത്യുത്തമമാണ്. നന്നാറി, കൊത്ത മല്ലി, കരിങ്ങാലി, രാമച്ചം എന്നിവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാന്‍ ഉപയോഗിക്കാം. നേർപ്പിച്ച പാൽ, കഞ്ഞി വെള്ളം, ഫ്രൂട്ട് ജ്യൂസുകൾ എന്നിവയും ഫലപ്രദമാണ്. 


ആപ്പിൾ, ഓറഞ്ച്, തണ്ണിമത്തൻ, മുന്തിരി, മാമ്പഴം, നാരങ്ങ, മാതളം തുടങ്ങിയ പഴവര്‍ഗങ്ങളും അവയുടെ ജ്യൂസുകളും ആരോഗ്യദായകമാണ്. എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന നാരങ്ങവെള്ളം വളരെ ഗുണകരമാണ്. നാരങ്ങാവെള്ളത്തിൽ ഒരുനുള്ള് ഉപ്പുകൂടി ചേർത്തു കുടിച്ചാൽ ലവണ നഷ്ടം തടയാനും പേശികളുടെ കോച്ചിവലിച്ചില്‍, പേശിവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാനും സാധിക്കും.  


സംഭാരമാണ് ചൂടിനെ നേരിടാന്‍ ഫലപ്രദമായ മറ്റൊരു പാനീയം. വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച തൈരില്‍ പച്ചമുളക്, ഇഞ്ചി, കറിവേപ്പില ഇവ ചതച്ചുചേർത്താല്‍ രുചികരവും ആരോഗ്യപ്രദവുമായിരിക്കും. ദാഹമകറ്റാൻ പ്രകൃതി കനിഞ്ഞു നൽകുന്ന മായമില്ലാത്ത പാനീയമാണ് കരിക്കിന്‍വെള്ളം. ദാഹമകറ്റാന്‍ മാത്രമല്ല, ശരീരത്തിന് ഗുണകരമായ ധാരാളം ഘടകങ്ങളും ഇതില്‍ നിന്ന് കിട്ടും. കരിക്കിൻ വെള്ളത്തിൽ പൈനാപ്പിള്‍, തണ്ണിമത്തന്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പാനീയങ്ങളും ശരീരം തണുപ്പിക്കാന്‍ ഉപകരിക്കും.  


ഒഴിവാക്കേണ്ട പാനീയങ്ങള്‍ 

വേനല്‍ച്ചൂടിനെ മറികടക്കാന്‍ വെള്ളം അനിവാര്യമണെങ്കിലും ചില പാനീയങ്ങള്‍ ഒഴിവാക്കേണ്ടതായുമുണ്ട്. സോഡ അടങ്ങിയ ശീതള പാനീയങ്ങളാണ് അതില്‍ പ്രധാനം. കൃത്രിമ ശീതളപാനീയത്തിൽ ആവശ്യത്തിനുള്ള ഒരു പോഷകവുമില്ല. ഇവയിലുള്ള അമിത മധുരവും ഊര്‍ജവും പൊണ്ണത്തടിക്ക് കാരണമാവുകയും ചെയ്യുന്നു. ശരീരത്തിലെ ഷുഗര്‍ ലെവല്‍ കൂടാനും കുറയാനും കാരണമാകുന്നതിനാല്‍ ഇത്തരം പാനീയങ്ങള്‍ കൂടുതല്‍ ക്ഷീണം തോന്നിപ്പിക്കുകയും ചെയ്യും.


 ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗം കുറയ്ക്കുന്നതാണ് വേനല്‍ക്കാലത്ത് നല്ലത്. ഉപ്പ് ചേർത്ത പാനീയങ്ങളുടെ അമിത ഉപയോഗവും ദോഷം ചെയ്യും. മദ്യവും മറ്റു ലഹരി പദാർഥങ്ങളും ഒഴിവാക്കേണ്ടവയാണ്. കൂടാതെ, കുപ്പിവെള്ളം പരമാവധി ഒഴിവാക്കി ശുദ്ധമായ വെള്ളം ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അധികം ചൂടോ തണുപ്പോ ഇല്ലാത്ത വെള്ളം കുടിക്കുന്നതാണ് ഗുണകരം. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News