ശരീരഭാരം കുറക്കാന്‍ 'പ്ലാസ്റ്റിക് ഈറ്റിങ്'; ചൈനയിലെ വൈറല്‍ ട്രെന്‍ഡിന് പിന്നില്‍

അപകടം നിറഞ്ഞ രീതിയാണ് യുവാക്കള്‍ പിന്തുടരുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു

Update: 2026-02-21 09:01 GMT

സോഷ്യൽ മീഡിയ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഒരു വലിയ ഭാഗമാണ്. സോഷ്യല്‍ മീഡിയയില്‍ കാണുന്നതെന്തും ആളുകളെ വളരെയധികം സ്വാധീനിക്കുകയും ചെയ്യും.  വൈറലാകുന്ന പല സോഷ്യല്‍മീഡിയ ട്രെൻഡുകളും  നമ്മെ അപകടത്തിലേക്ക് തള്ളിവിടാറുണ്ട്. ഡയറ്റ്, ശരീരഭാരം കുറക്കല്‍, സൗന്ദര്യ സംരക്ഷണം എന്നിവയെക്കുറിച്ചുള്ള വിഡിയോകള്‍ക്കാകട്ടെ കാഴ്ചക്കാര്‍ ഏറെയാണ്. 

ചൈനയിലെ യുവാക്കളില്‍ ഇപ്പോള്‍ ട്രെന്‍ഡിങ്ങാകുന്ന ഒന്നാണ് 'പ്ലാസ്റ്റിക് ഈറ്റിങ്' അഥവാ 'ക്ലിങ് റാപ് ഡയറ്റ്'. വായിൽ പ്ലാസ്റ്റിക് ഷീറ്റ് വെച്ച് ഭക്ഷണം വെക്കുകയും പിന്നാലെ ഇവ ചവച്ച് പ്ലാസ്റ്റിക്കോടെ  തുപ്പിക്കളയുകയും ചെയ്യുന്നു. ശരീര ഭാരം കുറക്കാനുള്ള പുതിയ തന്ത്രമാണ് ഇതെന്നാണ് പറയുന്നത്. ഭക്ഷണം കഴിച്ചു എന്ന് തലച്ചോറിനെ തോന്നിപ്പിക്കുക, അതുവഴി വിശപ്പ് ഇല്ലാതാക്കുക, കലോറി കഴിക്കാതെ തന്നെ വയര്‍ നിറഞ്ഞതായി തോന്നുക ഇതുവഴി ഭാരം കുറക്കുക എന്നതാണ് ഈ ട്രെന്‍ഡിന് പിന്നിലെ ലക്ഷ്യം. ടിക് ടോക് പോലുള്ള സാമൂഹ്യമാധ്യമങ്ങളിലാണ് ഈ ട്രെന്‍ഡ് വൈറലാകുന്നത്. 

Advertising
Advertising

ഒരു വിഡിയോയില്‍ പെണ്‍കുട്ടി വായയില്‍ പ്ലാസ്റ്റിക് ഷീറ്റ് വെക്കുകയും അതിലേക്ക് ചോപ്സ്റ്റിക്ക് ഉപയോഗിച്ച് നൂഡിൽസ് ഇടുകയും ചെയ്ത് ചവക്കുന്നത് കാണാം. അമിതഭാരം ഭയന്നാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് വിഡിയോയുടെ തലക്കെട്ടായി കൊടുത്തിരിക്കുന്നത്. 

അതേസമയം, ഈ വിഡിയോക്കെതിരെ ആരോഗ്യവിദഗ്ധര്‍ രംഗത്ത് വന്നു. അപകടം നിറഞ്ഞ പ്രവണതയാണ് ഇതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നു. മനുഷ്യശരീരത്തിന് പ്ലാസ്റ്റിക് ദഹിപ്പിക്കാൻ കഴിയില്ല. പ്ലാസ്റ്റിക് ചവക്കുന്നതിലൂടെ മൈക്രോ പ്ലാസ്റ്റിക്കുകള്‍ ശരീരത്തിനുള്ളിലെത്തുകയും അത് ആമാശയത്തിലോ കുടലിലോ തടസ്സങ്ങൾ ഉണ്ടാക്കുകയോ അണുബാധയ്ക്ക് പോലും കാരണമാവുകയോ ചെയ്തേക്കാം. കരൾ, തലച്ചോറ്, ഹോർമോണുകൾ എന്നിവയെ ബാധിക്കുകയും ചെയ്യുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.   

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പ്രസിദ്ധീകരിച്ച പഠനത്തില്‍ മൈക്രോപ്ലാസ്റ്റിക് ശരീരത്തിന് പല തരത്തിൽ ദോഷം ചെയ്യുമെന്ന് പറയുന്നുണ്ട്. 

ദഹന പ്രശ്നങ്ങള്‍

ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ മൈക്രോപ്ലാസ്റ്റിക്സ് അകത്താകുമ്പോൾ, അവ ദഹനനാളത്തെ പ്രകോപിപ്പിക്കും. ഇത് നീര്‍ക്കെട്ടിന് കാരണമാകും. വയറുവേദന, വയറു വീർക്കൽ, ഓക്കാനം, ഛർദ്ദി, മലവിസർജ്ജനത്തില്‍ മാറ്റങ്ങൾ എന്നിവയും അനുഭവപ്പെടാം. ആളുകൾ ഭക്ഷണം പുറത്തേക്ക് തുപ്പിയാലും, ചെറിയ പ്ലാസ്റ്റിക് കണികകൾ വായിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കും. 

ശ്വസന പ്രശ്നങ്ങൾ

വായക്കുള്ളിലെ പ്ലാസ്റ്റിക് റാപ്പുകളിലൂടെ മൈക്രോപ്ലാസ്റ്റിക് ശ്വാസകോശത്തിലെത്താനും സാധ്യതയുണ്ട്. ഒരിക്കൽ  ശ്വാസകോശത്തിൽ  എത്തിയാൽ ചുമ, തുമ്മൽ, ശ്വാസതടസം, ക്ഷീണം, തലകറക്കം എന്നിവയ്ക്ക് കാരണമാകും.

ഹോർമോൺ അസന്തുലിതാവസ്ഥ

മൈക്രോപ്ലാസ്റ്റിക്സിന് ശരീരത്തിലെത്തിയാല്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥക്ക് കാരണമാകും. ഹോര്‍മോണില്‍ രാസവസ്തുക്കള്‍ എത്തിച്ചേര്‍ന്നാല്‍ വന്ധ്യത, ഗർഭം അലസൽ, ഗര്‍ഭസ്ഥശിശുക്കള്‍ക്ക് ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങള്‍ എന്നിവക്കും കാരണമാകും. 

ശാരീരിക അപകടസാധ്യതകൾക്കപ്പുറം, അത്തരം ശീലങ്ങള്‍ ഗുരുതരമായ മാനസികാവസ്ഥക്കും കാരണമാകും.  ഭക്ഷണം ചവച്ചരച്ച് തുപ്പുന്നത് സാധാരണ ഭക്ഷണശീലമല്ല. ഇത് പതുക്കെ ഒരു ശീലമായി മാറും. ഭക്ഷണത്തോട് വെറുപ്പുണ്ടാകാനും, പിന്നീട് ഭക്ഷണം കഴിക്കാനേ തോന്നാതിരിക്കാനും ഈ ശീലം കാരണമാകും. ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നതിന് പകരം അതിലടങ്ങിയിരിക്കുന്ന കലോറിയെക്കുറിച്ചും അതുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചും ആളുകള്‍ അസ്വസ്ഥരാകാന്‍ തുടങ്ങും. 'ഞാനിത് കഴിച്ചാല്‍ തടി വെക്കുമോ' എന്ന ചിന്ത ദൈനംദിന ജീവിതത്തെ തന്നെ ബാധിച്ചേക്കാം.  പഠനം, ജോലി, സാമൂഹിക ജീവിതം എന്നിവയെപോലും ഇത് ബാധിച്ചേക്കാം. ശരിയായ രീതിയിൽ ഭക്ഷണം കഴിക്കാത്തത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിച്ചേക്കാം. 

പുതിയ ട്രെന്‍ഡിന് പിന്നിലെ ശാസ്ത്രീയത

ഭക്ഷണം ചവപ്പ് തുപ്പിയാല്‍ വിശപ്പ് തോന്നില്ലെന്നും ശരീരഭാരം കുറക്കാന്‍ സഹായിക്കുമെന്നതിനും ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല. യഥാര്‍ഥത്തില്‍ ഇത് ഭക്ഷത്തോടുള്ള ആസക്തി വര്‍ധിപ്പിക്കയാണ് ചെയ്യുന്നത്.  ശരീരത്തിന് യഥാർത്ഥ പോഷകാഹാരം ലഭിക്കാത്തപ്പോൾ, വിശപ്പിന്റെ ഹോർമോണുകൾ ഉയരും. ഇത് പകൽ സമയത്ത് അമിതമായി ഭക്ഷണം കഴിക്കുന്നതിന് കാരണമാകും.

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന എന്തും അതുപോലെ പരീക്ഷിക്കാനൊരുങ്ങുന്നവര്‍ ഒരു നിമിഷം ആലോചിക്കുക. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ആരോഗ്യകരമായ രീതിയിൽ ചെയ്യണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഭക്ഷണം ശരിയായി നിയന്ത്രിക്കുകയും ആവശ്യമായ വ്യായാമങ്ങള്‍ ചെയ്തും ശരീര ഭാരം കുറക്കാനായി സാധിക്കും.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Similar News