ദിവസവും ധരിക്കുന്ന വസ്ത്രങ്ങള്‍ കൃത്യമായി അലക്കി ഉണക്കി ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ദിവസവും ധരിക്കുമെങ്കിലും ഏറ്റവും കുറച്ച് ശ്രദ്ധ കൊടുക്കുന്ന ഒന്നാണ് സോക്സ്. ജോലിക്കോ പഠനത്തിനോ യാത്രയ്ക്കോ പോകുമ്പോൾ നമ്മളിൽ ഭൂരിഭാഗം പേരും ഷൂസും സോക്സും ധരിക്കാറുണ്ട്. ഷൂ തുടച്ച് വൃത്തിയാക്കുമെങ്കിലും ഒരേ സോക്സ് ദിവസങ്ങളോളം ധരിക്കുന്നവര്‍ നമുക്കിടയിലുണ്ട്. എന്നാൽ ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിന് എത്രത്തോളം അപകടമാണെന്ന് പലര്‍ക്കുമറിയില്ല. ഓരോ ദിവസവും സോക്സ് മാറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആരോഗ്യ വിദഗ്ദ്ധർക്ക് പറയാനുള്ളത് ഇതാ.
കഴുകാത്ത സോക്സിലെ അപകടങ്ങള്‍
“ഇന്നലെ ധരിച്ച സോക്സ് ഇന്നും ധരിച്ചാൽ പ്രശ്നമുണ്ടോ?” എന്ന സംശയം പലര്‍ക്കും ഉണ്ടാകാറുണ്ട്. ഷൂസിനുള്ളിൽ നമ്മുടെ പാദങ്ങളെ വിയർപ്പിൽ നിന്നും ദുർഗന്ധത്തിൽ നിന്നും സംരക്ഷിക്കാൻ സോക്സുകൾ സഹായിക്കും. നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ വിയർക്കുന്ന ഭാഗങ്ങളിൽ ഒന്നാണ് പാദങ്ങൾ. ദിവസം മുഴുവൻ ഷൂസിനുള്ളിൽ ഇരിക്കുമ്പോൾ പാദങ്ങളിൽ നിന്നുള്ള വിയർപ്പ് സോക്സുകൾ പൂർണ്ണമായും ആഗിരണം ചെയ്യുന്നു. വിയർപ്പിലെ ഈർപ്പം ബാക്ടീരിയകൾക്കും ഫംഗസുകൾക്കും വളരാൻ ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് ഒരുക്കുന്നത്.
ഒരേ സോക്സുകൾ പല ദിവസത്തേക്ക് കഴുകാതെ ധരിക്കുന്നത് ചർമ്മത്തിൽ ചൊറിച്ചിൽ,അലർജികൾ,അസ്വസ്ഥത എന്നിവക്ക് കാരണമാകും. കൂടാതെ വൃത്തികെട്ട ദുര്‍ഗന്ധത്തിനും കാരണമാകും. നഖങ്ങൾക്കും പാദങ്ങൾക്കും ഇടയിൽ ഫംഗസ് അണുബാധകൾ ഉണ്ടാകാൻ ഇത് വഴിയൊരുക്കുന്നു. അത് ഒടുവിൽ നഖം പൊട്ടിപ്പോകുന്നതിനോ നിറം മാറുന്നതിനോ കാരണമായേക്കാം.
കഴുകാത്ത സോക്സുകൾ ധരിക്കുന്നതിലൂടെ ഉണ്ടാകുന്ന ഒരു സാധാരണ അണുബാധയാണ് അത്‌ലറ്റ്‌സ് ഫൂട്ട് (ടീന പെഡിസ്). ഈ ഫംഗസ് അണുബാധ ചൊറിച്ചിൽ, ചർമ്മം അടർന്നു പോകൽ, കുമിളകൾ എന്നിവയിലേക്ക് നയിക്കുന്നു. അഴുക്കുള്ള സോക്സുകൾക്കും ഇറുകിയ ഷൂസിനുമുള്ളിലെ നനവുള്ളതും ചൂടുള്ളതുമായ അന്തരീക്ഷം ഈ ഫംഗസ് അണുബാധ അതിവേഗം പടരാൻ കാരണമാകുന്നു.
എത്ര തവണ സോക്സ് മാറ്റണം?
ദിവസത്തിൽ ഒരിക്കലെങ്കിലും സോക്സ് മാറ്റണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. പാദങ്ങൾ അമിതമായി വിയർക്കുന്നവരോ ചൂടുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവരോ ആണെങ്കിൽ ദിവസം രണ്ടുതവണ മാറ്റുന്നത് കൂടുതൽ നല്ലതാണ്. സ്പോർട്സ്, വർക്കൗട്ട് അല്ലെങ്കിൽ കഠിനമായ ശാരീരിക അധ്വാനത്തിന് ശേഷം സോക്സുകൾ ഉടനടി മാറ്റേണ്ടതാണ്. ഇത് ബാക്ടീരിയകൾ വളരുന്നത് തടയാൻ സഹായിക്കും.
ഏത് തരം സോക്സുകൾ തെരഞ്ഞെടുക്കണം?
കോട്ടന്‍ സോക്സുകളാണ് ധരിക്കാന്‍ ഏറ്റവും അനുയോജ്യം. ഇവ വിയര്‍പ്പ് ആഗിരണം ചെയ്യാനും ചർമ്മത്തിന് ശ്വസിക്കാനും സഹായിക്കുന്നു. സിന്തറ്റിക് സോക്സുകൾ വിയർപ്പിനെ തങ്ങിനിർത്തുകയും അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നതിനാൽ അവ ഒഴിവാക്കുന്നതാണ് നല്ലത്. അമിതമായി വിയർക്കുന്നവർക്ക് 'ആന്റി-ബാക്ടീരിയൽ' തുണിത്തരങ്ങൾ കൊണ്ടുള്ളതോ ഈർപ്പം വേഗത്തിൽ മാറ്റുന്ന സാങ്കേതികവിദ്യയുള്ളതോ ആയ സോക്സുകൾ തെരഞ്ഞെടുക്കാം.
മറ്റ് ആരോഗ്യപ്രശ്നങ്ങൾ
അഴുക്കുള്ള സോക്സുകൾ ധരിക്കുന്നത് പാദങ്ങളെ മാത്രമല്ല ബാധിക്കുന്നത്. കാലിൽ മുറിവുകളോ ചതവുകളോ ഉണ്ടെങ്കിൽ, സോക്സിലെ ബാക്ടീരിയകൾ രക്തത്തിൽ കലരാനും ഗുരുതരമായ അണുബാധകൾക്കും കാരണമായേക്കാം. അതിനാൽ, കേവലം വൃത്തിക്കും സുഖത്തിനും വേണ്ടി മാത്രമല്ല, നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വൃത്തിയുള്ള സോക്സുകൾ ധരിക്കേണ്ടത് പ്രധാനമാണ്.
അതുകൊണ്ട് പാദങ്ങളുടെ ആരോഗ്യം നിലനിർത്താൻ ഓരോ ഉപയോഗത്തിന് ശേഷവും സോക്സുകൾ വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക. ആരോഗ്യകരമായ ഈ ശീലത്തിലൂടെ ദുർഗന്ധവും അണുബാധകളും ഒരു പരിധിവരെ അകറ്റി നിർത്താന്‍ സാധിക്കും