അടഞ്ഞുപോയ ഗ്യാസ് ബർണർ മിനിറ്റുകൾക്കുള്ളിൽ വൃത്തിയാക്കാം; 20% ഗ്യാസ് ലാഭിക്കാം!

പാചകത്തിനിടെ തിളച്ചുതൂവുന്ന പാലും എണ്ണയും മറ്റ് അവശിഷ്ടങ്ങളും വീണ് സുഷിരങ്ങൾ അടയുമ്പോൾ തീ ചുവന്ന നിറത്തിലാവുകയോ, വശങ്ങളിലൂടെ മാത്രം കുറഞ്ഞ അളവിൽ കത്തുകയോ ചെയ്യും

Update: 2026-10-05 16:21 GMT

അടുക്കളകളിൽ നിത്യവും ഉപയോഗിക്കുന്ന ഗ്യാസ് സ്റ്റൗവുകളുടെ കാര്യക്ഷമത കുറയുന്നതിന് പ്രധാന കാരണം ബർണറുകളിലെ സുഷിരങ്ങൾ അടഞ്ഞുപോകുന്നതാണ്. പാചകത്തിനിടെ തിളച്ചുതൂവുന്ന പാലും എണ്ണയും മറ്റ് അവശിഷ്ടങ്ങളും വീണ് സുഷിരങ്ങൾ അടയുമ്പോൾ തീ ചുവന്ന നിറത്തിലാവുകയോ, വശങ്ങളിലൂടെ മാത്രം കുറഞ്ഞ അളവിൽ കത്തുകയോ ചെയ്യും. ഇത് പാചകം വൈകിക്കാൻ മാത്രമല്ല, വൻതോതിൽ പാചകവാതകം പാഴാകാനും കാരണമാകുന്നു. വീട്ടിൽ തന്നെയുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് ഈ പ്രശ്നം വളരെ എളുപ്പത്തിൽ പരിഹരിക്കാം.

സുഷിരങ്ങളിലെ തടസങ്ങൾ നീക്കാം

ബർണർ പൂർണമായും തണുത്ത ശേഷം സ്റ്റൗവിൽ നിന്ന് ശ്രദ്ധയോടെ ഊരിയെടുക്കുക. അടഞ്ഞിരിക്കുന്ന ദ്വാരങ്ങളിലെ അഴുക്കും കരിയും നീക്കം ചെയ്യാൻ ഒരു സേഫ്റ്റി പിന്നോ, ചെറിയ സൂചിയോ ഉപയോഗിക്കാം. ഇവ സുഷിരങ്ങളിലിറക്കി പതുക്കെ തിരിച്ചാൽ തടസങ്ങൾ എളുപ്പത്തിൽ മാറും. എന്നാൽ ഇതിനായി ഒരിക്കലും മരം കൊണ്ടുള്ള ടൂത്ത്പിക്കുകൾ ഉപയോഗിക്കരുത്. ഇവ ഒടിഞ്ഞ് സുഷിരങ്ങൾക്കുള്ളിൽ കുടുങ്ങിയാൽ സ്ഥിതി കൂടുതൽ വഷളാകും.

Advertising
Advertising

വിനാഗിരിയും ബേക്കിങ് സോഡയും ഉപയോഗിക്കാം

കഠിനമായ എണ്ണമയവും അഴുക്കും നീക്കാൻ ചൂടുവെള്ളം ചേർത്തുള്ള ലായനിയാണ് മികച്ചത്. ഒരു പാത്രത്തിൽ ബർണർ പൂർണമായി മുങ്ങിക്കിടക്കാൻ പാകത്തിന് ചൂടുവെള്ളം എടുത്ത്, അതിലേക്ക് രണ്ട് ടീസ്പൂൺ ബേക്കിങ് സോഡയും കാൽ കപ്പ് വിനാഗിരിയും ചേർക്കുക. ഈ ലായനിയിൽ 20 മുതൽ 30 മിനിറ്റ് വരെ ബർണർ ഇട്ടുവെക്കുക. ഇതിന്റെ രാസപ്രവർത്തനത്തിലൂടെ ബർണറിലെ കറുത്ത കരിയും കൊഴുപ്പും പൂർണമായും അലിഞ്ഞുപോകും.

ബ്രഷ് ഉപയോഗിച്ച് ഉരച്ചു കഴുകാം

നിശ്ചിത സമയത്തിന് ശേഷം ലായനിയിൽ നിന്ന് ബർണർ പുറത്തെടുക്കുക. ശേഷം ഉപയോഗശൂന്യമായ ഒരു പഴയ ടൂത്ത് ബ്രഷിൽ അല്പം ബേക്കിങ് സോഡ പേസ്റ്റ് രൂപത്തിലാക്കി ബർണറിലും സുഷിരങ്ങളിലും നന്നായി ഉരച്ചു കഴുകുക. ഇതോടെ അവശേഷിക്കുന്ന അഴുക്കുകളും പൂർണമായും നീക്കം ചെയ്യപ്പെടും.

പൂർണമായി ഉണക്കിയ ശേഷം മാത്രം ഉപയോഗിക്കുക

വൃത്തിയായ ബർണർ പൈപ്പ് വെള്ളത്തിൽ നന്നായി കഴുകിയ ശേഷം, ഉണങ്ങിയ കോട്ടൺ തുണി ഉപയോഗിച്ച് ഒട്ടും നനവില്ലാത്ത രീതിയിൽ തുടച്ചെടുക്കണം. സുഷിരങ്ങൾക്കുള്ളിലെ ഈർപ്പം പൂർണമായും മാറിയെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ സ്റ്റൗവിൽ തിരികെ ഘടിപ്പിക്കാൻ പാടുള്ളൂ.

ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ രീതിയിൽ ബർണറുകൾ വൃത്തിയാക്കുന്നത് ശീലമാക്കിയാൽ പാചകവാതകം പാഴാകുന്നത് 20 ശതമാനം വരെ കുറയ്ക്കാനും, സ്റ്റൗവിന്റെ കാര്യക്ഷമത വർധിപ്പിക്കാനും സാധിക്കും.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News