അരിയിലെ പ്രാണികളാണോ പ്രശ്നം?; തുരത്താൻ ആറ് എളുപ്പവഴികൾ ഇതാ

ഈർപ്പമുള്ള ഇടത്ത് വെക്കുന്നതും ശരിയായി സൂക്ഷിക്കാത്തതുമൊക്കെ അരിയിൽ പ്രാണികൾ കയറാനുള്ള സാധ്യത കൂട്ടും

Update: 2026-10-04 09:43 GMT

പലപ്പോഴും ആവശ്യത്തിലും അധികം അരി വാങ്ങി അടുക്കളയിൽ സൂക്ഷിച്ചുവയ്ക്കുന്നവരാണ് നമ്മളിൽ പലരും. പക്ഷേ ഇങ്ങനെ സൂക്ഷിക്കുന്ന അരിയിൽ പ്രാണികളും മറ്റും കയറി പിന്നീട് ഉപയോ​ഗിക്കാൻ പറ്റാത്ത തരത്തിൽ കേടാകാനും സാധ്യതയേറെയാണ്. ഈർപ്പമുള്ള ഇടത്ത് വെക്കുന്നതും ശരിയായി സൂക്ഷിക്കാത്തതുമൊക്കെ അരിയിൽ പ്രാണികൾ കയറാനുള്ള സാധ്യത കൂട്ടും. എന്നാൽ ഇനി കേടായെന്ന് ഒരിക്കലും നിങ്ങൾ പറയില്ല. അരിയിൽ പ്രാണികൾ വരാതിരിക്കാനും കേടാകാതിരിക്കാനും ഈ ആറ് ടിപ്പുകൾ ചെയ്യാം.

1. എയർടൈറ്റ് പാത്രങ്ങൾ ഉപയോഗിക്കുക

അരി സൂക്ഷിക്കുമ്പോൾ നിർബന്ധമായും വായുകടക്കാത്ത സ്റ്റീൽ, ഗ്ലാസ് പാത്രങ്ങളിലേക്ക് മാറ്റാൻ ശ്രദ്ധിക്കുക. ഇത് ഈർപ്പം, പൊടിപടലങ്ങൾ, പ്രാണികൾ എന്നിവയിൽ നിന്ന് അരിയെ സംരക്ഷിക്കും.

Advertising
Advertising

2. ഉണങ്ങിയ സ്ഥലത്ത് സൂക്ഷിക്കുക

ചൂടും ഈർപ്പവുമാണ് വണ്ടുകൾ, പ്രാണികൾ എന്നിവ പെരുകാനുള്ള പ്രധാന കാരണം. ഇനി അരി സൂക്ഷിക്കുമ്പോൾ നിർബന്ധമായും ഉണങ്ങിയ സ്ഥലങ്ങളിൽ വെക്കാൻ ശ്രദ്ധിക്കണം.

3. വഴനയില ഇടുക

അടുക്കളയിൽ സാധാരണ കാണുന്ന വഴനയില പ്രാണികൾ വരുന്നത് തടയാൻ നല്ലതാണ്. ഇവയുടെ രൂക്ഷ ​ഗ​ന്ധമാണ് പ്രാണികളെ തടയുന്നത്. അരി സൂക്ഷിക്കുന്ന പാത്രത്തിനുള്ളിൽ ഒന്നാ രണ്ടോ വഴനയിലകൾ ഇട്ടു വെക്കുന്നത് വഴി പ്രാണികളെ തുരത്താം.

4. ഉണങ്ങിയ വേപ്പില ഉപയോഗിക്കാം

ഔഷധങ്ങളിൽ പേരുകേട്ട വേപ്പില പ്രാണികളെ തുരത്താൻ വളരെ നല്ലതാണ്. പണ്ടുള്ളവർ വേപ്പിലയെ ഫലപ്രദമായി ഉപയോ​ഗിക്കാറുണ്ട്. നന്നായി കഴുകി ഉണക്കിയ കുറച്ച് വേപ്പിലകൾ അരി പാത്രത്തിൽ ഇട്ടുവെക്കുന്നത് പ്രാണികളെ തുരത്താൻ സഹായിക്കും.

5. പാത്രങ്ങൾ ഇടയ്ക്കിടെ പരിശോധിക്കാം

പ്രാണികളെ തടയാൻ ഏറ്റവും നല്ലത് അവ വരുന്നത് തടയുക എന്നത് തന്നെയാണ്. സ്റ്റോർ ചെയ്ത പാത്രം ഇടയ്ക്കിടെ തുറന്ന് പരിശോധിക്കുന്നതിലൂടെ ഈർപ്പമോ വണ്ടുകളോ കയറിയിട്ടുണ്ടോയെന്ന് കണ്ടെത്തി അവയെ തുരത്താൻ സഹായിക്കും. ഇനി കയറിയിട്ടുണ്ടെങ്കിൽ പോലും അവയെ പെട്ടന്നുതന്നെ കണ്ടെത്തി വൃത്തിയാക്കാൻ ഇതിലൂടെ സാധിക്കും.

6. പഴയ അരിയും പുതിയ അരിയും തമ്മിൽ കൂട്ടിക്കലർത്താതിരിക്കുക

പലരും ചെയ്യുന്നൊരു മണ്ടത്തരമാണ് പഴയ അരി തീരുമ്പോൾ പുതിയ അരി അതേ പാത്രത്തിൽ തട്ടുന്നത്. ഇതുവഴി പഴകിയ അരി പുതിയ അരിയെ പോലും കേടാക്കുന്നതിന് കാരണമാകും.

‌‌‌അരിയിൽ പ്രാണികൾ വരുന്നത് തടയാൻ ഈ മാർ​ഗങ്ങൾ പരീക്ഷിക്കാമെങ്കിലും കൂടുതൽ അരി വാങ്ങി സൂക്ഷിക്കുന്നത് മാറ്റി ആവശ്യത്തിന് വാങ്ങുന്നതാണ് ഏറ്റവും നല്ലത്. കേടായി ഒഴിവാക്കുന്നതിലും നല്ലതാണ് ആവശ്യത്തിന് മാത്രം വാങ്ങി ഉപയോ​ഗിക്കുന്നത്. 

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - അഭിരാമി ഒതയോത്ത്

contributor

Similar News