Writer - രാഗേന്ദു പി.ആർ
Web Journalist
രാത്രികാലങ്ങളില്‍ അലസമായി മുടി അഴിച്ചിട്ട് ഉറങ്ങാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കണം, മുടിയുടെ വളര്‍ച്ചയെയും വേരുകളെയും ഈ ശീലം ദോഷകരമായി ബാധിച്ചേക്കാം. രാത്രിയില്‍ മുടി അഴിച്ചിട്ട് ഉറങ്ങുന്നതാണോ അതോ അയഞ്ഞ രീതിയില്‍ പിന്നിക്കെട്ടി ഉറങ്ങുന്നതാണോ നല്ലത് എന്നായിരിക്കും നിങ്ങളുടെ പ്രധാന സംശയം. എങ്കില്‍ ഇതാ വിദഗ്ധര്‍ നല്‍കുന്ന ചില നിര്‍ദേശങ്ങള്‍ നോക്കാം....
അയഞ്ഞ രീതിയില്‍ പിന്നിയിടുക: മുടി അയഞ്ഞ രീതിയില്‍ പിന്നിക്കെട്ടി ഉറങ്ങുന്നതാണ് ഏറ്റവും ഉത്തമം. ഇത് മുടി പരസ്പരം ഉടക്കുന്നത് തടയാനും പൊട്ടിപോകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
മുടി മുറുകെ കെട്ടരുത്: റബ്ബര്‍ ബാന്‍ഡ് ഉപയോഗിച്ച് ഒരു കാരണവശാലും മുടി കെട്ടരുത്. ടൈറ്റ് ആയ ബണ്ണുകളും ഒഴിവാക്കണം. മുടി മുറുകെ കെട്ടുന്നത് മുടികൊഴിച്ചിലിനും മുടിയുടെ വേരുകള്‍ക്ക് സമ്മര്‍ദമുണ്ടാക്കാനും കാരണമാകും.
നനഞ്ഞ മുടിയോടെ ഉറങ്ങരുത്: നനഞ്ഞ മുടിയോടെ ഉറങ്ങുന്നത് മുടിയുടെ ബലം കുറയ്ക്കും. മുടി പൊട്ടിപ്പോകാനും താരനും മുടിക്കായക്കും കാരണമാകും. മുടി നന്നായി ഉണക്കിയതിന് ശേഷം മാത്രം ഉറങ്ങുക.
സില്‍ക്ക്/സാറ്റിന്‍ തലയിണ ഉറകള്‍ ഉപയോഗിക്കുക: കോട്ടണ്‍ തലയിണ ഉറകള്‍ക്ക് പകരം സില്‍ക്ക്/സാറ്റിന്‍ ഉറകള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് മുടിയും തലയിണയും തമ്മിലുള്ള ഉരസല്‍ കുറയ്ക്കാനും മുടിയിലെ ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കും.
മുടി ചീകിയതിന് ശേഷം ഉറങ്ങുക: ഉറങ്ങുന്നതിന് മുമ്പ് മുടി ചീകി കെട്ടുകള്‍ തീര്‍ക്കുന്നത് മുടി വളര്‍ച്ചയ്ക്ക് നല്ലതാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുടി എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും ഇത് സഹായിക്കും. കൂടാതെ, മുടി പൊട്ടിപ്പോകുന്നതും പിളരുന്നതും തടയാം.