പാത്രങ്ങളിലെ കരിയും കറയും കളയാൻ ഇത്ര എളുപ്പമായിരുന്നോ? അടുക്കളയിലെ സാധനങ്ങൾ കൊണ്ട് പരീക്ഷിക്കാവുന്ന ആറ് വഴികൾ
എത്ര കഴുകിയാലും പോകാത്ത കറകൾ പലപ്പോഴും അടുക്കളയിലെ ജോലികൾ കൂടുതൽ ബുദ്ധിമുട്ടാക്കും
പാചകം ചെയ്യുന്നതിനിടെ പാത്രത്തിന്റെ അടിയിൽ കരി പിടിക്കുന്നത് സാധാരണമാണ്. എത്ര കഴുകിയാലും പോകാത്ത കറകൾ പലപ്പോഴും അടുക്കളയിലെ ജോലികൾ കൂടുതൽ ബുദ്ധിമുട്ടാക്കും. എന്നാൽ വീട്ടിൽ സാധാരണയായി ലഭിക്കുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് ഇത്തരം കറകൾ നീക്കം ചെയ്യാൻ ശ്രമിക്കാം. പാത്രങ്ങളിലെ കരിയും കറയും വൃത്തിയാക്കാൻ സഹായിക്കുന്ന ആറ് മാർഗങ്ങൾ ഇതാ.
1. വിനാഗിരി ഉപയോഗിക്കാം
പാത്രത്തിലെ എണ്ണമയവും ചില കറകളും നീക്കം ചെയ്യാൻ വിനാഗിരി സഹായിക്കും. വെള്ളവും വിനാഗിരിയും തുല്യ അളവിൽ എടുത്ത് ഒരു സ്പ്രേ ബോട്ടിലിൽ നിറയ്ക്കുക. കറയുള്ള ഭാഗത്ത് ഇത് സ്പ്രേ ചെയ്ത ശേഷം കുറച്ച് സമയം വച്ചിട്ട് തുണിയോ സ്പോഞ്ചോ ഉപയോഗിച്ച് തുടച്ച് കഴുകാം.
2. ബേക്കിങ് സോഡ പരീക്ഷിക്കാം
കരിപിടിച്ച പാത്രങ്ങൾക്ക് ബേക്കിങ് സോഡ ഉപയോഗിച്ചും വൃത്തിയാക്കാൻ ശ്രമിക്കാം. ഒരു കപ്പ് വെള്ളത്തിൽ രണ്ട് ടീസ്പൂൺ ബേക്കിങ് സോഡ ചേർത്ത് നന്നായി കലക്കുക. കറയുള്ള ഭാഗത്ത് പുരട്ടി ഏകദേശം അരമണിക്കൂർ വച്ച ശേഷം കഴുകിയെടുക്കാം.
3. നാരങ്ങാനീരും ഒരു വഴിയാണ്
പാത്രത്തിലെ കറ നീക്കം ചെയ്യാൻ നാരങ്ങാനീരും ഉപയോഗിക്കാം. രണ്ട് ടേബിൾസ്പൂൺ നാരങ്ങാനീരിൽ അൽപം വെള്ളം ചേർത്ത് കറയുള്ള ഭാഗത്ത് പുരട്ടുക. ഏകദേശം 20 മിനിറ്റിന് ശേഷം മൃദുവായ ബ്രഷോ തുണിയോ ഉപയോഗിച്ച് വൃത്തിയാക്കാം.
4. സവാളത്തൊലി കളയരുത്
കരിഞ്ഞുപിടിച്ച പാത്രം വൃത്തിയാക്കാൻ സവാളയുടെ തൊലിയും പരീക്ഷിക്കാം. ഇതിനായി പാത്രത്തിൽ വെള്ളം നിറച്ച് അഞ്ചോ ആറോ സവാളയുടെ തൊലി ചേർക്കുക. ശേഷം ഉയർന്ന തീയിൽ 20 മുതൽ 30 മിനിറ്റ് വരെ തിളപ്പിക്കാം. തിളച്ചതിന് ശേഷം തണുപ്പിച്ച് പാത്രം വൃത്തിയാക്കുക.
5. കോളയും പരീക്ഷിക്കാം
പാത്രത്തിലെ കറ നീക്കം ചെയ്യാൻ കോള ഉപയോഗിക്കുന്ന രീതിയും പ്രചാരത്തിലുണ്ട്. കരിപിടിച്ച ഭാഗത്ത് അൽപം കോള ഒഴിച്ച് ചെറിയ തീയിൽ ചൂടാക്കുക. പിന്നീട് പാത്രം തണുത്ത ശേഷം മൃദുവായ സ്പോഞ്ച് ഉപയോഗിച്ച് കറ ഇളക്കി വൃത്തിയാക്കാം.
6. ബേക്കിങ് സോഡയും ഉപ്പും
പാനിലോ പാത്രത്തിലോ പിടിച്ച കരി നീക്കം ചെയ്യാൻ ബേക്കിങ് സോഡയും ഉപ്പും സമ അളവിൽ വിതറാം. ഏകദേശം ഒരു മണിക്കൂർ വച്ച ശേഷം നനഞ്ഞ തുണിയോ സ്പോഞ്ചോ ഉപയോഗിച്ച് പതുക്കെ ഉരച്ച് വൃത്തിയാക്കാം.
എല്ലാ പാത്രങ്ങൾക്കും ഒരേ രീതിയിലുള്ള ക്ലീനിങ് അനുയോജ്യമാകണമെന്നില്ല. പ്രത്യേകിച്ച് നോൺ-സ്റ്റിക്, അലുമിനിയം തുടങ്ങിയ പാത്രങ്ങളിൽ ശക്തമായി ഉരയ്ക്കുകയോ അനുയോജ്യമല്ലാത്ത വസ്തുക്കൾ ഉപയോഗിക്കുകയോ ചെയ്യുന്നതിന് മുമ്പ് നിർമ്മാതാവിന്റെ നിർദേശങ്ങൾ പരിശോധിക്കുന്നത് സുരക്ഷിതമാണ്.