ഫ്രണ്ട് ലോഡോ, ടോപ് ലോഡ് വാഷിങ് മെഷീനോ? ഏതാണ് നന്നായി തുണിയലക്കുന്നത് !

ആദ്യത്തേതും പലർക്കും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം അലക്കിന്റെ ഗുണനിലവാരം തന്നെയാണ്

Update: 2026-09-28 12:48 GMT

ഒരു പുതിയ വാഷിങ് മെഷീൻ വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം മനസിൽ വരിക ടോപ് ലോഡോ അല്ലെങ്കിൽ ഫ്രണ്ട് ലോഡോ ആയിരിക്കും. എന്നാൽ ഇതിൽ ഏതാണ് നല്ലതെന്ന് ചിന്തിച്ചിട്ടുണ്ടോ? രണ്ട് തരം മെഷീനുകൾക്കും അവരുടേതായ ഫാൻ ബേസും ഒപ്പം ഗുണദോഷങ്ങളുമുണ്ട്. എന്നാൽ അലക്കിന്‍റെ ഗുണനിലവാരം, പ്രവർത്തനച്ചെലവ്, ദൈനംദിന സൗകര്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുമ്പോൾ കൃത്യമായ ഒരു ഉത്തരം ലഭിക്കും. ഇതിൽ ഏതാണ് നിങ്ങൾക്ക് കൂടുതൽ അനുയോജ്യമെന്ന് പരിശോധിക്കാം.

അലക്കിന്‍റെ ഗുണനിലവാരം

ആദ്യത്തേതും പലർക്കും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം അലക്കിന്റെ ഗുണനിലവാരം തന്നെയാണ്. വളരെ ലളിതമായി പറഞ്ഞാൽ, ഈ കാര്യത്തിൽ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകൾ വളരെ മുന്നിലാണ്. തുണികൾ വെള്ളത്തിലേക്കും ഡിറ്റർജന്റിലേക്കും ഉയർത്തി താഴേക്ക് ഇടുന്ന രീതിയിലുള്ള 'ടംബിൾ-വാഷ്' സാങ്കേതികവിദ്യയാണ് ഇവയിൽ ഉപയോഗിക്കുന്നത്.

Advertising
Advertising

ഇത് തുണിയിലെ അഴുക്ക് പൂർണമായി നീക്കം ചെയ്യാൻ വളരെ ഫലപ്രദവുമാണ്. ടോപ്പ് ലോഡ് മെഷീനുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഫ്രണ്ട് ലോഡുകൾ വളരെ മികച്ചതാണ്. കാരണം ടോപ്പ് ലോഡ് മെഷീനുകൾ തുണികളെ കറക്കി തിരുമ്മുന്ന രീതിയാണ് ഉപയോഗിക്കുന്നത്, ഇത് തുണികൾക്ക് കൂടുതൽ കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ട്. പുതിയ ടോപ്പ് ലോഡ് മെഷീനുകൾ ഇതിൽ മാറ്റം വരുത്തുന്നുണ്ടെങ്കിലും, തുണികൾ നന്നായി അലക്കി വൃത്തിയാക്കാൻ ഇപ്പോഴും ഫ്രണ്ട് ലോഡ് തന്നെയാണ് ഏറ്റവും നല്ലത്.

വെള്ളത്തിന്‍റെയും വൈദ്യുതിയുടേയും ഉപയോഗം

അലക്കിന്റെ ഗുണനിലവാരം മാത്രമല്ല, വെള്ളത്തിന്റെയും വൈദ്യുതിയുടേയും ഉപയോഗത്തിലും ഫ്രണ്ട് ലോഡ് മെഷീനുകൾ തന്നെയാണ് വളരെ മുന്നിൽ. ഒരു സാധാരണ ടോപ്പ് ലോഡ് മെഷീനുമായി താരതമ്യം ചെയ്യുമ്പോൾ, ഫ്രണ്ട് ലോഡ് മെഷീനുകൾ ഒരു പ്രാവശ്യത്തെ അലക്കിന് 40% മുതൽ 60% വരെ കുറച്ച് വെള്ളം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. കൂടാതെ, ഇവ വൈദ്യുതിയും വളരെ കുറഞ്ഞ അളവിലേ ഉപയോഗിക്കുന്നുള്ളൂ.

എന്നാൽ മറുവശത്ത്, ടോപ്പ് ലോഡ് മെഷീനുകൾ കൂടുതൽ വെള്ളവും വൈദ്യുതിയും ഉപയോഗിക്കുന്നവയാണ്. നമ്മൾ ഒരു വാഷിംഗ് മെഷീൻ വാങ്ങിയാൽ അത് വർഷങ്ങളോളം ഉപയോഗിക്കുന്ന ഒന്നാണ്. അതിനാൽ, ഒരു ഇന്ത്യൻ കുടുംബത്തിലെ ദിവസേനയുള്ള ഉപയോഗത്തിൽ ഈ വ്യത്യാസം നിങ്ങളുടെ കറന്‍റ് ബില്ലിലും വാട്ടർ ബില്ലിലും വ്യക്തമായി കാണാൻ സാധിക്കും.

അലക്കാൻ എടുക്കുന്ന സമയം

അലക്കി തീരാൻ എടുക്കുന്ന സമയത്തിന്റെ കാര്യത്തിൽ ടോപ്പ് ലോഡ് മെഷീനുകൾക്കാണ് കൂടുതൽ മാര്‍ക്ക്. ഒരു ടോപ്പ് ലോഡ് മെഷീനിൽ സാധാരണ ഒരു അലക്ക് പൂർത്തിയാകാൻ 45 മുതൽ 60 മിനിറ്റ് വരെ സമയമേ എടുക്കൂ. എന്നാൽ ഫ്രണ്ട് ലോഡ് മെഷീനുകളിൽ, തെരഞ്ഞെടുക്കുന്ന പ്രോഗ്രാം അനുസരിച്ച് 90 മിനിറ്റ് മുതൽ 2 മണിക്കൂർ വരെ സമയം എടുത്തേക്കാം. ദിവസം ഒന്നിൽക്കൂടുതൽ തവണ അലക്കേണ്ടിവരുന്ന കുടുംബങ്ങൾക്ക് ഇത് വലിയൊരു വ്യത്യാസമുണ്ടാക്കും.

വില

ടോപ്പ് ലോഡ് വാഷിംഗ് മെഷീനുകൾ മുന്നിട്ടുനിൽക്കുന്ന മറ്റൊരു കാര്യം അവയുടെ കുറഞ്ഞ വിലയാണ്. ഫ്രണ്ട് ലോഡ് മെഷീനുകളെ അപേക്ഷിച്ച് ഇവയ്ക്ക് വില കുറവാണ് ഇന്ത്യയിൽ സാംസങ് , എൽജി, വേൾപൂൾ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഫുൾലി ഓട്ടോമാറ്റിക് ടോപ്പ് ലോഡ് മെഷീനുകൾ 15,000 രൂപ മുതൽ 20,000 രൂപ വരെയുള്ള വിലയിൽ ലഭിക്കും. എന്നാൽ ഫ്രണ്ട് ലോഡ് മെഷീനുകൾക്ക് വില കൂടും. 25000 തൊട്ടാണ് വില തുടങ്ങുന്നത്. എന്നാൽ പ്രീമിയം മോഡലുകൾക്ക് 40,000 രൂപയ്ക്ക് മുകളിൽ വില വരും.

ചുരുക്കത്തിൽ, തുണി കഴുകുക എന്ന കാര്യം ടോപ്പ് ലോഡ്, ഫ്രണ്ട് ലോഡ് മെഷീനുകൾ ഒരുപോലെ നന്നായി നിർവ്വഹിക്കുന്നുണ്ട്. എങ്കിലും, ഇവ രണ്ടിൽ ഏത് തെരഞ്ഞെടുക്കണം എന്നതിന് കൃത്യമായ ഉത്തരമില്ല. പകരം, നിങ്ങളുടെ ആവശ്യങ്ങൾ എന്തൊക്കെയാണ് എന്നതിനെ ആശ്രയിച്ചായിരിക്കും അത്. ദീർഘകാലത്തേക്കുള്ള ലാഭവും മികച്ച അലക്കു ഗുണനിലവാരവുമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, കൂടുതൽ തുക മുടക്കി ഒരു ഫ്രണ്ട് ലോഡ് മെഷീൻ വാങ്ങുന്നത് തന്നെയാണ് ലാഭം. എന്നാൽ കുറഞ്ഞ ബജറ്റിൽ വേഗത്തിലും എളുപ്പത്തിലും ഉപയോഗിക്കാവുന്ന ഒന്നാണ് തിരയുന്നതെങ്കിൽ ടോപ്പ് ലോഡ് മെഷീനാണ് അനുയോജ്യം. കൂടുതൽ കുടുംബങ്ങൾക്കും ദീർഘകാല അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ ഒരു ഫ്രണ്ട് ലോഡ് മെഷീൻ വാങ്ങുന്നതാണ് ബുദ്ധിപരമായ തീരുമാനം. എങ്കിലും കുറഞ്ഞ ബജറ്റുള്ളവർക്ക് ടോപ്പ് ലോഡ് മെഷീനും മികച്ചൊരു ഓപ്ഷൻ തന്നെയാണ്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News