കുട്ടികളോട് സംസാരിക്കുമ്പോൾ നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾ അവർ എങ്ങനെയാണ് മനസ്സിലാക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നല്ല ഉദ്ദേശ്യത്തോടെ പറയുന്ന കാര്യങ്ങൾ പോലും പലപ്പോഴും കുട്ടികളുടെ മനസിൽ വിപരീത ഫലമാകും ഉണ്ടാക്കുക.
മാതാപിതാക്കൾ നിസാരമായി പറയുന്ന ചില വാക്കുകൾ കുട്ടികളുടെ ആത്മവിശ്വാസത്തെയും സ്വഭാവത്തെയും, എന്തിനേറെ നിങ്ങളുമായുള്ള ബന്ധത്തെപ്പോലും ദോഷകരമായി ബാധിച്ചേക്കാം. മാതാപിതാക്കളുടെ വാക്കുകൾ കുട്ടികളുടെ വൈകാരിക സുരക്ഷിതത്വത്തിന്റെയും ആത്മാഭിമാനത്തിന്റെയും അടിത്തറയാണെന്ന് മനഃശാസ്ത്ര പഠനങ്ങൾ വ്യക്തമാക്കുന്നു.
കുട്ടികളോട് ഒരിക്കലും പറയാൻ പാടില്ലാത്ത അഞ്ച് വാചകങ്ങളും അവയ്ക്ക് പകരം ഉപയോഗിക്കേണ്ട കാര്യങ്ങളും എന്തൊക്കെയെന്ന് താഴെ പറയുന്നവയാണ്.
1. "ഞാൻ പറയുന്നതുപോലെ കേട്ടാൽ മതി"
കുട്ടികൾ ചോദ്യങ്ങൾ ചോദിക്കുമ്പോഴോ തർക്കിക്കുമ്പോഴോ പെട്ടെന്ന് സംസാരം അവസാനിപ്പിക്കാൻ ഭൂരിഭാഗം മാതാപിതാക്കളും ഉപയോഗിക്കുന്ന സ്ഥിരം ഡയലോഗാണിത്. ഇത് തർക്കം അവസാനിപ്പിച്ചേക്കാമെങ്കിലും കുട്ടികളിൽ തങ്ങൾക്ക് യാതൊരു വിലയുമില്ലെന്ന തോന്നൽ ഉണ്ടാക്കും.
ഇതിനുപകരം അവർക്ക് മനസ്സിലാകുന്ന രീതിയിൽ ചെറിയ വിശദീകരണങ്ങൾ നൽകാം. ഉദാഹരണത്തിന്, "പാർക്ക് അടയ്ക്കാൻ സമയമായി, അതുകൊണ്ട് നമുക്ക് ഇപ്പോൾ പോകാം" എന്ന് പറയാം. കാര്യകാരണങ്ങൾ വിശദീകരിക്കാതെയുള്ള ഇത്തരം കടുത്ത നിയന്ത്രണങ്ങൾ കുട്ടികളുടെ സ്വയംപര്യാപ്തതയെയും മാതാപിതാക്കളോടുള്ള വിശ്വാസത്തെയും തകർക്കുമെന്ന് 1991-ൽ ജേണൽ ഓഫ് ഏർളി അഡോളസെൻസിൽ (Journal of Early Adolescence) പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
2. "നിനക്കെന്താ അവനെപ്പോലെ/അവളെപ്പോലെ ആയിക്കൂടാ?"
സഹോദരങ്ങളുമായോ മറ്റ് കുട്ടികളുമായോ ഉള്ള താരതമ്യം കുട്ടികളെ നന്നാക്കാൻ ഉദ്ദേശിച്ചുള്ളതാണെങ്കിലും, ഇത് അവരിൽ അപകർഷതാബോധവും വെറുപ്പും ഉണ്ടാക്കാനേ ഉപകരിക്കൂ.
ഇതിനുപകരം ഓരോ കുട്ടിയുടെയും വ്യത്യസ്തമായ കഴിവുകളെ അംഗീകരിക്കുകയും "നിന്റെ ഈ കഴിവ് എനിക്ക് വലിയ ഇഷ്ടമാണ്" എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. സഹോദരങ്ങളുമായുള്ള താരതമ്യം കുട്ടികളിൽ ശത്രുത വർധിപ്പിക്കുകയും അവരുടെ ആത്മാഭിമാനം കുറയ്ക്കുകയും ചെയ്യുമെന്ന് 2005-ലെ ജേണൽ ഓഫ് ഫാമിലി സൈക്കോളജിയിലെ പഠനം പറയുന്നു.
3. "കരയാതിരിക്ക്, ഇതിപ്പോ അത്ര വലിയ കാര്യമാണോ!"
കുട്ടികളുടെ സങ്കടങ്ങളെ നിസാരവൽക്കരിക്കുന്നത്, സ്വന്തം വികാരങ്ങളെ ഉള്ളിലൊതുക്കാൻ അവരെ പഠിപ്പിക്കുകയാണ് ചെയ്യുന്നത്.
പകരം, "നിനക്ക് സങ്കടമുണ്ടെന്ന് എനിക്കറിയാം, നമുക്ക് ഒരുമിച്ച് ഇതിനൊരു പരിഹാരം കണ്ടെത്താം" എന്ന് പറഞ്ഞുനോക്കൂ. കുട്ടികളുടെ വികാരങ്ങളെ പരിഗണിക്കാതിരിക്കുന്നത് അവരിൽ ഉത്കണ്ഠ വർധിപ്പിക്കാനും വൈകാരിക നിയന്ത്രണം നഷ്ടപ്പെടാനും കാരണമാകുമെന്ന് 2014-ലെ സോഷ്യൽ ഡെവലപ്മെന്റ് പഠനം തെളിയിച്ചിട്ടുണ്ട്.
4. "നിനക്കിതൊന്നും മനസിലാവില്ല, നീ ചെറിയ കുട്ടിയല്ലേ"
മുതിർന്നവരെപ്പോലെ ജീവിതപരിചയം കുട്ടികൾക്ക് ഉണ്ടാകില്ലെങ്കിലും, അവരുടെ കാഴ്ചപ്പാടുകൾക്കും വിലയുണ്ട്. കുട്ടികളെ പറയുന്നത് കേൾക്കാൻ തയാറാകുന്നത് അവരോടുള്ള ബഹുമാനം കാണിക്കാനും വിശ്വാസം വളർത്താനും സഹായിക്കും.
ചെറിയ കുട്ടികൾക്ക് പോലും അവരുടെ പ്രായത്തിനനുസരിച്ചുള്ള യുക്തിചിന്താശേഷി ഉണ്ടെന്ന് 1969-ലെ 'ദ സൈക്കോളജി ഓഫ് ദി ചൈൽഡ്' എന്ന ഗവേഷണ പ്രബന്ധം ചൂണ്ടിക്കാട്ടുന്നു.
5. "നീ വല്ലാത്ത മടിയനാണ് / നാണക്കാരനാണ്"
കുട്ടികളെ എപ്പോഴും ഇങ്ങനെ മോശം പേരുകൾ വിളിച്ച് കുറ്റപ്പെടുത്തുന്നത് അവരുടെ വ്യക്തിത്വത്തെ മോശമായി ബാധിക്കും. തമാശയ്ക്ക് പോലും ഇങ്ങനെ വിളിക്കരുത്.
ഇതിന് പകരം, "നീ വല്ലാതെ ക്ഷീണിച്ചുവെന്ന് തോന്നുന്നു, അതാണോ ഇന്ന് ഹോംവർക്ക് ചെയ്യാൻ മടി?" എന്ന് ചോദിക്കാം. മോശം ലേബലുകൾ നൽകുന്നത് അവരുടെ സ്വയം വിലയിരുത്തലിനെ ദോഷകരമായി ബാധിക്കുമെന്ന് 2017-ലെ ചൈൽഡ് ഡെവലപ്മെന്റ് പഠനം വ്യക്തമാക്കുന്നു. കുറ്റപ്പെടുത്തുന്ന വാക്കുകൾക്ക് പകരം കാര്യങ്ങൾ ചോദിച്ചറിയുന്നത് അവരിൽ വൈകാരിക സുരക്ഷിതത്വം വളർത്തും.
മാതാപിതാക്കളുടെ വാക്കുകൾക്ക് വലിയ ശക്തിയുണ്ട്. കുട്ടികളെ തളർത്തുന്നതും താരതമ്യം ചെയ്യുന്നതുമായ വാക്കുകൾ ഒഴിവാക്കി, അവർക്ക് ആത്മവിശ്വാസം നൽകുന്ന വാക്കുകൾ ഉപയോഗിക്കാൻ എപ്പോഴും ശ്രദ്ധിക്കുക. അവരുടെ വികാരങ്ങളെ മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോൾ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകും.