'ഡോക്ടര്‍മാരേ, പൊട്ടാസ്യം സയനൈഡ് ഞാന്‍ രുചിച്ചു, നാവ് പൊള്ളുന്നു, തീക്ഷ്ണമായ രുചിയാണതിന് '; സയനൈഡ് രുചിച്ച മലയാളി

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ സ്വര്‍ണ്ണപ്പണിക്കാരന് സയനയിഡ് വിഴുങ്ങിയതിന് ശേഷം മൂന്ന് വരികള്‍ എഴുതാന്‍ കഴിഞ്ഞു

Update: 2022-01-05 07:08 GMT
Advertising

ചാലിയന്‍ എഴുത്തുകാരനായ ബെഞ്ചമിന്‍ ലെബട്ടൂട്ടിന്റെ ബുക്കര്‍ പ്രൈസിനര്‍ഹമായ കൃതിയാണ് 'വെന്‍ വി സീസ് ടു അണ്ടര്‍സ്റ്റാന്‍ഡ് ദി വേള്‍ഡ് '. ഈ പുസ്തകത്തില്‍ ഒരു മലയാളിയെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.  പാലക്കാട് സ്വദേശിയായ എം പി പ്രസാദ് എന്ന സ്വര്‍ണപ്പണിക്കാരനാണ് തന്‍റെ അസാധാരണമായ മരണത്തിലൂടെ ബുക്കര്‍ സമ്മാനം നേടിയ ഒരു രചനയില്‍ ഇടംപിടിച്ചത്. തന്‍റെ ആത്മഹത്യക്കുറിപ്പിലൂടെ ചുരുളഴിയാത്ത ഒരു രഹസ്യം ലോകത്തെ അറിയിച്ചുകൊണ്ടാണ് പ്രസാദ് മരിച്ചത്. സയനൈഡിന്‍റെ രുചി ലോകത്തോടും പറഞ്ഞുകൊടുക്കുകയായിരുന്നു അദ്ദേഹം.  

പല ശാസ്ത്രജ്ഞരും സയനൈഡിന്‍റെ രുചി എന്താണെന്ന് അറിയാന്‍ ശ്രമിച്ച് ജീവന്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവരെല്ലാം പരാജയപ്പെട്ടിടത്തുനിന്നായിരുന്നു പ്രസാദിന്‍റെ കണ്ടെത്തല്‍. സയനൈഡിന്‍റെ രുചി രേഖപ്പെടുത്തുന്ന ഒരേയൊരു തെളിവ് പ്രസാദിന്‍റേതു മാത്രമാണ്. 32ാം വയസിലാണ് പ്രസാദ് സ്വയം ജീവനൊടുക്കുന്നത്.  ലോഡ്ജില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ സയനൈഡ് കഴിച്ചതായി കണ്ടെത്തിയിരുന്നു. സ്വര്‍ണ്ണപ്പണിക്കാരനായ അദ്ദേഹത്തിന് സയനൈഡ് വാങ്ങാനുള്ള ലൈസന്‍സും ഉണ്ടായിരുന്നു. എന്നാല്‍ ആത്മഹത്യാ കുറിപ്പാണ് അദ്ദേഹത്തിന്‍റെ മരണത്തെ കൂടുതല്‍ കൗതുകകരമാക്കിയത്. തന്‍റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വിശദീകരിക്കുന്ന നീണ്ട ആത്മഹത്യാക്കുറിപ്പിന്‍റെെ അവസാനം, സയനൈഡിന്‍റെ രുചിയെക്കുറിച്ചെഴുതിയ കുറിപ്പാണ് ചുരുളഴിയാത്ത രഹസ്യത്തിലേക്ക് വെളിച്ചം വീശിയത്.

പുസ്തകത്തിന്റെ തുടക്കം ഇങ്ങനെ,

'സയനൈഡിന്റെ അനന്തര ഫലം വളരെ വേഗത്തിലാണ്. അതിന്റെ രുചിയെക്കുറിച്ച് ചരിത്ര പരമായി ഒരു വിവരണം മാത്രമേ ഉള്ളൂ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ എം.പി. പ്രസാദ് എന്ന മുപ്പത്തിരണ്ട് വയസ്സുള്ള, ഇന്ത്യന്‍ സ്വര്‍ണ്ണപ്പണിക്കാരന് സയനൈഡ് വിഴുങ്ങിയതിന് ശേഷം മൂന്ന് വരികള്‍ എഴുതാന്‍ കഴിഞ്ഞു.

അത് ഇങ്ങനെയാണ്,'ഡോക്ടര്‍മാരേ, പൊട്ടാസ്യം സയനൈഡ് ഞാന്‍ രുചിച്ചു, നാവ് പൊള്ളുന്നു, തീക്ഷ്ണമായ രുചിയാണതിന്,'ജീവനൊടുക്കാന്‍ വേണ്ടി വാടകയ്ക്കെടുത്ത ഹോട്ടല്‍ മുറിയില്‍ നിന്ന് ശരീരത്തോട് ചേര്‍ന്ന് കണ്ടെത്തിയ കുറിപ്പിലാണ് പ്രസാദ് ഇങ്ങനെ എഴുതിയത്. പ്രസാദിന് സയനൈഡിനെക്കുറിച്ച് ജിജ്ഞാസയുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു. കേരള പൊലീസിലെ മുന്‍ ക്രിമിനോളജിസ്റ്റ് ഡോ.ജെയിംസ് വടക്കുംചേരിയുടെ പുസ്തകം വായിച്ചതിന് ശേഷമാണ് പ്രസാദിന് സയനൈഡിനെ കുറിച്ച് ജിജ്ഞാസയും കൗതുകവും തോന്നിയതെന്ന് സഹോദരന്‍ പ്രദീപ് പറയുന്നു.

പ്രസാദിന്റെ ശരീരത്തില്‍ പ്രവേശിച്ച സയനൈഡിന്റെ അളവ് 10 മില്ലിഗ്രാമില്‍ താഴെ മാത്രമാണെന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോ.പി.ബി.ഗുജ്റാള്‍ പറയുന്നു. അതുകൊണ്ടാകാം സയനൈഡിന്റെ രുചിയെക്കുറിച്ച് പ്രസാദിന് ഏതാനും വരികള്‍ എഴുതാന്‍ കഴിഞ്ഞതെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ എഴുത്തിനിടെ പ്രസാദ് സയനൈഡ് കലര്‍ത്താന്‍ ഉപയോഗിച്ച പേനയുടെ അറ്റം അബദ്ധത്തില്‍ വായില്‍ വച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. കുറിപ്പില്‍ പറയുന്ന സയനൈഡിന്റെ രുചി സംബന്ധിച്ച് ആരോഗ്യവകുപ്പ് വിദഗ്ധാഭിപ്രായം തേടിയിരുന്നു. എന്നാലിപ്പോള്‍ പ്രസാദിന് ഔദ്യോഗികമായ അംഗീകാരം നല്‍കണമെന്നാണ് പ്രസാദിന്റെ കുടുംബം ആവശ്യപ്പെടുന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News