കവറുകൾക്കുള്ളിൽ പഴയ കവറുകൾ കുത്തിനിറച്ച് വെക്കുന്ന ശീലമുണ്ടോ? ഇതിന് പിന്നിലെ മനഃശാസ്ത്രം ഇതാണ്!

നമ്മുടെയെല്ലാം വീടുകളിലെ അടുക്കളയിലോ സ്റ്റോർ റൂമിലോ ഒന്നു നോക്കിയാൽ പഴയ പ്ലാസ്റ്റിക് കവറുകളോ തുണി സഞ്ചികളോ കുത്തിനിറച്ചുവെച്ച ഒരു വലിയ കവർ കാണാൻ സാധിക്കുമല്ലേ

Update: 2026-09-21 13:18 GMT

നമ്മുടെയെല്ലാം വീടുകളിലെ അടുക്കളയിലോ സ്റ്റോർ റൂമിലോ ഒന്നു നോക്കിയാൽ പഴയ പ്ലാസ്റ്റിക് കവറുകളോ തുണി സഞ്ചികളോ കുത്തിനിറച്ചുവെച്ച ഒരു വലിയ കവർ കാണാൻ സാധിക്കും. ലോകമെമ്പാടുമുള്ള മിക്ക വീടുകളിലും കാണുന്ന ഒരു കൗതുകകരമായ ശീലമാണിത്. സോഷ്യൽ മീഡിയയിൽ ഇതിനെക്കുറിച്ച് നിരവധി ട്രോളുകളും തമാശകളും വരാറുണ്ടെങ്കിലും, ഇത് വെറുമൊരു ശീലം മാത്രമല്ല. ഒരു കവറിനുള്ളിൽ നിരവധി കവറുകൾ സൂക്ഷിക്കുന്നതിന് പിന്നിൽ മനുഷ്യന്റെ അതിജീവനവുമായി ബന്ധപ്പെട്ട വളരെ രസകരമായ ചില മനഃശാസ്ത്ര കാരണങ്ങളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ആ കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം:

Advertising
Advertising

സ്കാസിറ്റി മൈൻഡ്സെറ്റ്

മുൻകാലങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഇല്ലായ്മകളോ അനുഭവിച്ച ആളുകൾക്ക് ഉപകാരപ്പെടുന്ന ഒരു സാധനവും വെറുതെ കളയാൻ സാധിക്കില്ല. ഇതിനെ മനഃശാസ്ത്രജ്ഞർ 'സ്കാസിറ്റി മൈൻഡ്സെറ്റ്' (Scarcity Mindset) എന്നാണ് വിളിക്കുന്നത്. ഇന്നത്തെ ജീവിതം സാമ്പത്തികമായി ഭദ്രമാണെങ്കിൽ പോലും, പഴയകാല അനുഭവങ്ങൾ തലച്ചോറിലുണ്ടാകും. "ഇതിപ്പോൾ എനിക്ക് ആവശ്യമില്ല" എന്ന് ചിന്തിക്കുന്നതിന് പകരം "ഭാവിയിൽ എപ്പോഴെങ്കിലും ഇത് ഉപകാരപ്പെട്ടാലോ" എന്ന ചിന്തയാണ് കവറുകൾ വലിച്ചെറിയുന്നതിൽ നിന്ന് ഇവരെ വിലക്കുന്നത്.

സ്വന്തമാണെന്ന തോന്നൽ

റിച്ചാർഡ് തെയ്‌ലർ (Richard Thaler) ഉൾപ്പെടെയുള്ള സാമ്പത്തിക വിദഗ്ധർ മുന്നോട്ടുവെക്കുന്ന സിദ്ധാന്തമാണ് 'എൻഡോവ്മെന്റ് ഇഫക്റ്റ്'. ഒരു സാധനം നമ്മുടെ വീട്ടിലേക്ക് എത്തുന്ന നിമിഷം മുതൽ നമ്മുടെ തലച്ചോർ അതിനൊരു മൂല്യം കൽപ്പിക്കുകയും അത് നമ്മുടേതാണെന്ന് വിശ്വസിക്കുകയും ചെയ്യും. ഈ തോന്നൽ കാരണം പിന്നീട് ആ കവർ വെറുതെ കളയുന്നത് ഒരു വലിയ നഷ്ടമായി നമുക്ക് തോന്നും.

ഭാവിയിലേക്കുള്ള തയാറെടുപ്പ്

മനുഷ്യർ എപ്പോഴും ഭാവിയിലേക്ക് തയാറെടുക്കാൻ ആഗ്രഹിക്കുന്നവരാണ്. സാധനങ്ങൾ പൊതിയാനും, വേസ്റ്റ് കളയാനും, മറ്റുള്ളവർക്ക് എന്തെങ്കിലും കൊടുക്കാനും ഭാവിയിൽ കവറുകൾ ആവശ്യമായി വന്നാലോ എന്ന് കരുതിയാണ് പലരും ഇത് സൂക്ഷിച്ചുവെക്കുന്നത്. അപ്രതീക്ഷിതമായ സാഹചര്യങ്ങളെ നേരിടാൻ മനുഷ്യൻ നടത്തുന്ന ഇത്തരം തയ്യാറെടുപ്പുകളെ 'ആന്റിസിപ്പേറ്ററി കോപ്പിങ്' എന്ന് വിളിക്കുന്നു. ഇത് മനുഷ്യർക്ക് വലിയൊരു സുരക്ഷിതത്വബോധം നൽകുന്നു.

നഷ്ടങ്ങളെ ഒഴിവാക്കാനുള്ള പ്രവണത

ഡാനിയൽ കാൻമാനും ആമോസ് ട്വേർസ്കിയും ചേർന്ന് രൂപപ്പെടുത്തിയ 'പ്രോസ്പെക്ട് തിയറി' പ്രകാരം മനുഷ്യർ എപ്പോഴും നഷ്ടങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നവരാണ്. ഉപയോഗിക്കാൻ കഴിയുന്ന ഒരു കവർ വെറുതെ വലിച്ചെറിയുന്നത് ഒരു ചെറിയ നഷ്ടമായി തലച്ചോറിന് തോന്നും. അതേസമയം മാസങ്ങൾക്ക് ശേഷം ആ കവർ വീണ്ടും ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന സന്തോഷം വളരെ വലുതായിരിക്കും.

കണ്ടുപഠിച്ച കുടുംബ ശീലങ്ങൾ ‌

നമ്മുടെ മാതാപിതാക്കളും മുത്തശ്ശിമാരും കവറുകൾ സൂക്ഷിച്ചുവെക്കുന്നത് കണ്ടാണ് നമ്മളും വളരുന്നത്. ആൽബർട്ട് ബന്ദൂരയുടെ 'സോഷ്യൽ ലേണിങ് തിയറി' പ്രകാരം, നമ്മൾ സ്ഥിരമായി കാണുന്ന കാര്യങ്ങൾ അനുകരിക്കാൻ നമ്മുടെ തലച്ചോർ അബോധപൂർവം ശ്രമിക്കും. അതുകൊണ്ട് തന്നെ എന്തിനാണ് ഈ കവറുകൾ സൂക്ഷിക്കുന്നതെന്ന് പോലും ചിന്തിക്കാതെ നമ്മളും ഈ ശീലം ഒരു പാരമ്പര്യം പോലെ തുടർന്നുപോകുന്നു.

ആവശ്യത്തിന് കവറുകൾ സൂക്ഷിക്കുന്നത് നല്ലതാണെങ്കിലും, നൂറുകണക്കിന് കവറുകൾ വീട്ടിൽ കുന്നുകൂടുന്നത് പഴയ സാധനങ്ങൾ ഉപേക്ഷിക്കാനുള്ള നിങ്ങളുടെ മാനസിക ബുദ്ധിമുട്ടിന്റെ ലക്ഷണമാകാം. എങ്കിലും, "നാളെ എപ്പോഴെങ്കിലും ഉപകാരപ്പെട്ടാലോ" എന്ന തലച്ചോറിന്റെ ഒരു മുൻകരുതൽ മാത്രമാണ് മിക്ക വീടുകളിലെയും ഈ പ്രശസ്തമായ 'കവർ ശേഖരം'.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News