നിങ്ങളുടെ ബാത്‍റൂമിലെ ഷവറിൽ നിന്നും വെള്ളം വരുന്നില്ലേ...ഉടൻ പ്ലംബറെ വിളിക്കാൻ ഓടണ്ട. വീട്ടിൽ ലഭ്യമായ വസ്തുക്കൾ കൊണ്ട് മിനിറ്റുകൾക്കുള്ളിൽ ഷവര്‍ വൃത്തിയാക്കാൻ സാധിക്കും.
കടുപ്പമേറിയ വെള്ളമുള്ള (Hard water) പ്രദേശങ്ങളിൽ ഷവർ ഹെഡുകളിൽ അടവുകൾ ഉണ്ടാകുന്നത് സാധാരണമായ ഒരു പ്രശ്നമാണ്. ചെറിയ സുഷിരങ്ങൾക്കുള്ളിൽ മിനറലുകൾ അടിയുന്നതോടെ വെള്ളം പല വഴിക്കായി ചിതറിത്തെറിക്കാനും പ്രഷർ പതുക്കെ കുറയാനും തുടങ്ങുന്നു.
വെള്ളത്തിൽ കാണപ്പെടുന്ന കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ കാലക്രമേണ പാത്രങ്ങളിലോ പൈപ്പുകളിലോ ഷവറുകളിലോ അടിഞ്ഞുകൂടി ഉണ്ടാകുന്ന കടുപ്പമേറിയ വെളുത്ത പാടുകളെയാണ് കാൽസ്യം അടിഞ്ഞുകൂടൽ (Limescale) എന്ന് പറയുന്നത്. വെള്ളത്തിൽ മിനറലുകളുടെ അളവ് കൂടുന്നതിനനുസരിച്ച് ഇവ വേഗത്തിൽ അടിയുകയും, വെള്ളം ഒരുപോലെ ഒഴുകേണ്ട ചെറിയ സുഷിരങ്ങൾ അടയുകയും ചെയ്യുന്നു. വാട്ടർ പ്രഷറിനെ ബാധിക്കുന്നതിന് പുറമെ, കൃത്യസമയത്ത് വൃത്തിയാക്കിയില്ലെങ്കിൽ ഇത്തരത്തിൽ കടുപ്പമേറിയ മിനറലുകൾ അടിയുന്നത് ഷവർ ഹെഡിന്‍റെ ആയുസ്സ് കുറയ്ക്കാനും അത് വേഗത്തിൽ കേടാകാനും കാരണമാകുന്നു.
വിനാഗിരിയും ബേക്കിംഗ് സോഡയും ഉപയോഗിച്ച് വൃത്തിയാക്കാം
ഒരു കപ്പ് വിനാഗിരിയിൽ 1-2 ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ചേര്‍ക്കുക. ഒരു പ്ലാസ്റ്റിക് കവറിലേക്ക് ബേക്കിംഗ് സോഡയും വിനാഗിരിയും ഒഴിക്കുക. ഷവർ ഹെഡ് പൂർണ്ണമായും ഈ ലായനിയിൽ മുങ്ങിയിരിക്കുന്ന രീതിയിൽ കവർ ഷവറിന് മുകളിലേക്ക് വെച്ച് റബ്ബർ ബാൻഡ് ഉപയോഗിച്ച് നന്നായി മുറുക്കിക്കെട്ടുക. 30 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ ഇത് മാറ്റാതെ വെക്കുക. അധികം കടുപ്പമുള്ള കാൽസ്യം പാടുകളാണെങ്കിൽ രാത്രി മുഴുവൻ ഇങ്ങനെ വെക്കുന്നത് കൂടുതൽ ഫലം ചെയ്യും. കവർ അഴിച്ചുമാറ്റിയ ശേഷം, ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഷവറിന്റെ സുഷിരങ്ങൾക്ക് ചുറ്റുമുള്ള അഴുക്കുകൾ നന്നായി തേച്ചുരയ്ക്കുക. ഷവറിലൂടെ ചൂടുവെള്ളം ശക്തമായി തുറന്നുവിടുക. സുഷിരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അഴുക്കുകളും കാൽസ്യവും പൂർണമായി പുറത്തുപോയി ജലപ്രവാഹം (Water Pressure) പഴയപടിയാകും.
സിട്രിക് ആസിഡ്
സൂപ്പർമാർക്കറ്റുകളിലും ഹാർഡ്‌വെയർ കടകളിലും ക്ലീനിംഗ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകളിലും സിട്രിക് ആസിഡ് ലഭ്യമാണ്. മിനറൽ പാടുകളെ വളരെ എളുപ്പത്തിൽ അലിയിച്ചു കളയാനുള്ള ഇതിന്റെ കഴിവ്, ഷവറിൽ കടുപ്പത്തിൽ അടിഞ്ഞുകൂടിയ കാൽസ്യം പാടുകളെ നീക്കം ചെയ്യാൻ വളരെ ഫലപ്രദമാണ്.ഒരു പാത്രത്തിൽ രണ്ട് അല്ലെങ്കിൽ മൂന്ന് ടേബിൾസ്പൂൺ സിട്രിക് ആസിഡ് ചൂടുവെള്ളത്തിൽ നന്നായി കലക്കുക. ഷവർ ഹെഡ് അഴിച്ചെടുക്കാൻ സാധിക്കുമെങ്കിൽ, അത് അഴിച്ച് ഈ ലായനിയിൽ 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ മുക്കിവെക്കുക. തുടര്‍ന്ന് ബാക്കിയുള്ള മിനറൽ പാടുകൾ ഒരു പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് പതിയെ തേച്ചുരച്ച് വൃത്തിയാക്കുക. ഷവര്‍ ഹെഡ് തിരിച്ചു ഫിറ്റ് ചെയ്യുന്നതിന് മുൻപ് ശുദ്ധജലത്തിൽ നന്നായി കഴുകുക.
മാസത്തിലൊരിക്കൽ ഷവർഹെഡ് വൃത്തിയാക്കുന്നത് ഗുരുതരമായ തടസങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് തടയാൻ സഹായിക്കും. ഉപയോഗ ശേഷം ബാത്‍റൂമിന്‍റെ തറ എപ്പോഴും ഉണക്കി സൂക്ഷിക്കുക. ഷവറിന്റെ സുഷിരങ്ങളിൽ മിനറലുകൾ അടിഞ്ഞുകൂടുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കുക, വെള്ളത്തിൽ മിനറലുകളുടെ അളവ് കൂടുതലാണെങ്കിൽ ഫിൽട്ടറുകളോ 'ആന്റി-ലൈംസ്കെയിൽ' സിസ്റ്റങ്ങളോ ഘടിപ്പിക്കുക.