മണിക്കൂറുകളോളം ഓഫീസിൽ ഇരിക്കുന്നവരാണോ? ഈ ചെറിയ മാറ്റങ്ങൾ ശീലമാക്കൂ, ശാരീരിക വേദനകൾ മാറ്റാം

വ്യായാമത്തിന് ഒന്നിച്ച് സമയം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവർക്കായി കുറഞ്ഞ സമയത്തെ ചെറിയ ചലനങ്ങൾ ഉൾപ്പെടുത്തിയുള്ള ‘എക്സർസൈസ് സ്നാക്ക്’ രീതി പരീക്ഷിക്കാവുന്നതാണ്

Update: 2026-08-27 16:03 GMT

ജോലി സംബന്ധമായി ദിവസവും മണിക്കൂറുകളോളം കസേരയിൽ ഇരിക്കേണ്ടിവരുന്നവരാണോ? ഇടയ്ക്കിടെ എഴുന്നേറ്റ് അൽപനേരം നടക്കുന്നത് ശരീരത്തിന് ഗുണകരമായിരിക്കുമെന്ന് ഫിറ്റ്നസ് പരിശീലകൻ ഡാൻ ഗോ പങ്കുവച്ച നിർദേശം. വ്യായാമത്തിന് ഒന്നിച്ച് സമയം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവർക്കായി കുറഞ്ഞ സമയത്തെ ചെറിയ ചലനങ്ങൾ ഉൾപ്പെടുത്തിയുള്ള ‘എക്സർസൈസ് സ്നാക്ക്’ രീതി പരീക്ഷിക്കാവുന്നതാണ്.

ദീർഘനേരം തുടർച്ചയായി ഇരിക്കുന്നത് ഒഴിവാക്കാൻ ഓരോ 30 മിനിറ്റിലും അഞ്ച് മിനിറ്റ് നടക്കുന്നത് പരിഗണിക്കാമെന്നാണ് ഡാൻ ഗോ പങ്കുവച്ചത്. ഒരുമിച്ച് ദീർഘനേരം വ്യായാമം ചെയ്യുന്നതിന് പകരം ദിവസത്തിലുടനീളം ചെറിയ ചലനങ്ങൾ ഉൾപ്പെടുത്തുകയാണ് രീതിയുടെ ലക്ഷ്യം.

Advertising
Advertising

എന്താണ് ‘എക്സർസൈസ് സ്നാക്ക്’?

ജിമ്മിൽ പോയി കൃത്യമായ വർക്ക്ഔട്ട് ചെയ്യണമെന്നില്ല. ജോലി ചെയ്യുന്നതിനിടയിൽ ചെറിയ സമയത്തേക്ക് എഴുന്നേറ്റ് നടക്കുകയോ ശരീരം ചലിപ്പിക്കുകയോ ചെയ്യുന്നതാണ് ‘എക്സർസൈസ് സ്നാക്ക്’ എന്ന ആശയം.

ദീർഘനേരം ഇരിക്കുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ കുറയ്ക്കാനും ദിവസം മുഴുവൻ കൂടുതൽ സജീവമായി തുടരാനും ചെറിയ ഇടവേളകളിലെ ചലനങ്ങൾ സഹായിച്ചേക്കാം.

ഓഫീസിൽ ചെയ്യാവുന്ന ചെറിയ മാറ്റങ്ങൾ

കാർ അൽപം ദൂരത്ത് പാർക്ക് ചെയ്യാം: ഓഫീസിലേക്കോ മറ്റേതെങ്കിലും സ്ഥലത്തേക്കോ പോകുമ്പോൾ ലക്ഷ്യസ്ഥാനത്ത് നിന്ന് കുറച്ച് അകലെയുള്ള സ്ഥലത്ത് വാഹനം പാർക്ക് ചെയ്ത് അധികമായി നടക്കാം.

ലിഫ്റ്റിന് പകരം പടികൾ: സാധിക്കുന്ന അവസരങ്ങളിൽ ലിഫ്റ്റിനും എസ്കലേറ്ററിനും പകരം പടികൾ ഉപയോഗിക്കാം.

ജോലിക്കിടയിൽ നടക്കാം: ഫോൺ കോളുകൾ ചെയ്യുമ്പോഴോ ചെറിയ ഇടവേളകളിലോ എഴുന്നേറ്റ് നടക്കുന്നത് ശീലമാക്കാം. സാധ്യമെങ്കിൽ വാക്കിങ് ട്രെഡ്മിൽ ഉപയോഗിച്ച് ജോലി ചെയ്യുന്നതും പരിഗണിക്കാം.

ഒരു മണിക്കൂർ തുടർച്ചയായി വ്യായാമം ചെയ്യാൻ സമയം കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെങ്കിൽ, ദിവസത്തിലെ പല സമയങ്ങളിലായി അഞ്ച് മിനിറ്റ് വീതമുള്ള ചെറിയ ചലനങ്ങൾ ഉൾപ്പെടുത്തുന്നത് കൂടുതൽ എളുപ്പമായ മാർഗമാകാം. പ്രധാന കാര്യം, ശാരീരിക പ്രവർത്തനങ്ങൾ വ്യായാമത്തിനായി മാറ്റിവച്ച ഒരു സമയത്ത് മാത്രം ഒതുക്കാതെ ദിവസം മുഴുവൻ ചെറിയ അവസരങ്ങൾ കണ്ടെത്തി ശരീരം ചലിപ്പിക്കുക എന്നതാണ്.

ശ്രദ്ധിക്കുക: ദീർഘനേരം ഇരിക്കുന്നതുമായി ബന്ധപ്പെട്ട വേദനയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ സ്ഥിരമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശം തേടുന്നതാണ് ഉചിതം.

Tags:    

Writer - റുക്ക്സാന വി ക

contributor

Editor - റുക്ക്സാന വി ക

contributor

By - Web Desk

contributor

Similar News