ഡിസൈനർ ബാഗുകൾക്ക് വെല്ലുവിളിയായി ‘വിമൽ’; പാൻമസാല കവർ ഇനി ഫാഷൻ ഐക്കൺ
ചില ഓൺലൈൻ സൈറ്റുകളിൽ ഇത്തരം ബാഗുകൾക്ക് 2,000 മുതൽ 5,000 രൂപ വരെയാണ് വില ഈടാക്കുന്നതെന്നും റിപ്പോർട്ടുണ്ട്
ലക്ഷകണക്കിന് വിലയുള്ള ബ്രാൻഡഡ് ലക്ഷ്വറി ബാഗുകളെ പിന്നിലാക്കി വിപണിയിലെ പുതിയ താരമാവുകയാണ് വിമൽ പാൻ മസാല ബാഗ്. പാൻ മസാലയ്ക്കും പലഹാരങ്ങൾക്കും കടകളിൽ നിന്ന് സൗജന്യമായി ലഭിച്ചിരുന്ന സാധാരണ ഇന്ത്യൻ ക്യാൻവാസ് ബാഗുകളാണ് ഇപ്പോൾ ഫാഷൻ ലോകത്ത് തരംഗമാകുന്നത്.
ചുവപ്പും മഞ്ഞയും നിറത്തിലുള്ള വിമൽ പാൻ മസാല ബാഗ്, രമേഷ് നമ്കീൻ ബാഗ്, ചേതക് സ്വീറ്റ്സ് ബാഗ് തുടങ്ങിയവയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മുംബൈ മുതൽ ഇറ്റലിയിലെ മിലാൻ വരെയുള്ള നഗരങ്ങളിൽ ഇവ ആളുകൾ ഫാഷൻ ആക്സസറിയായി ഉപയോഗിക്കുന്ന കാഴ്ചകളാണ് ഇപ്പോൾ വൈറലാകുന്നത്.
ചില ഓൺലൈൻ സൈറ്റുകളിൽ ഇത്തരം ബാഗുകൾക്ക് 2,000 മുതൽ 5,000 രൂപ വരെയാണ് വില ഈടാക്കുന്നതെന്നും റിപ്പോർട്ടുണ്ട്. കൂടുതലും വിദേശികളാണ് ഈ ട്രെൻഡിനുപുറകേ പോകുന്നത്. കൂടാതെ ത്രിഫ്റ്റ് ഫാഷൻ ആരാധകരുടെയും പ്രിയ ഫാഷൻ സ്റ്റേറ്റ്മെന്റ്റ് ആയി മാറിയിരിക്കുകയാണ് പാൻ മസാല ബാഗുകൾ.
തുടക്കത്തിൽ ഒരു വിദേശ സഞ്ചാരി വിമൽ ബാഗുമായി നിൽക്കുന്ന ഒരു റീൽ വലിയ ശ്രദ്ധ നേടുകയും മറ്റുള്ളവർ അതേ സ്റ്റൈൽ പിന്തുടരുകയുമായിരുന്നു. ലിനൻ വസ്ത്രങ്ങൾ, വിന്റേജ് സൺഗ്ലാസുകൾ, വിലകൂടിയ ഷൂസ് എന്നിവയ്ക്കൊപ്പം പാൻ മസാല ബാഗ് എന്നിങ്ങനെയാണ് പുതിയ സ്റ്റൈലിംഗ്.
ഇന്ത്യയിലെ ഓട്ടോറിക്ഷകളിലെ എഴുത്തുകൾ, സ്റ്റീൽ ടിഫിൻ ബോക്സുകൾ, റെയിൽവേയിലെ ചായക്കപ്പുകൾ, ബോളിവുഡ് പോസ്റ്ററുകൾ തുടങ്ങി നിരവധി കാര്യങ്ങൾ ഇപ്പോൾ വിദേശികൾക്ക് പ്രത്യേക ആകർഷണമാകുന്നുണ്ട്.
അതേസമയം വിലകുറഞ്ഞതും സാധാരണവുമായ വസ്തുക്കളെ മനഃപൂർവം ഫാഷൻ ആക്സസറിയായി ഉപയോഗിക്കുന്ന പ്രവണത ആഗോളതലത്തിൽ തന്നെ ശക്തമാകുകയാണ്.സൂപ്പർമാർക്കറ്റ് ബാഗുകൾ, ലളിതമായ ലോൺഡ്രി ബാഗുകൾ തുടങ്ങിയവ നേരത്തെയും ഫാഷൻ സ്റ്റേറ്റ്മെന്റുകളായി മാറിയിട്ടുണ്ട്. അതേ നിരയിലാണ് ഇപ്പോൾ വിമൽ ബാഗും ഇടംപിടിച്ചിരിക്കുന്നത്.