മാന്‍ ഓഫ് ദ മാച്ചിന് സമ്മാനമായി നല്‍കിയത് അഞ്ച് ലിറ്റര്‍ പെട്രോള്‍
സലാഹുദ്ദീൻ അബ്ബാസി എന്ന ക്രിക്കറ്ററാണ് മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടത്.
രാജ്യത്ത് പെട്രോള്‍, ഡീസല്‍, പാചകവാതക വില കുതിച്ചുയരുകയാണ്. ചില സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില സെഞ്ച്വറി അടിച്ചുകഴിഞ്ഞു. ഡീസല്‍ വിലയും പിന്നാലെയുണ്ട്. ദിനംപ്രതി ഇന്ധനവില വര്‍ധിപ്പിക്കുന്നതിനെതിരെ പല തരത്തിലുള്ള പ്രതിഷേധങ്ങള്‍ രാജ്യത്ത് നടക്കുന്നു.
ഏറ്റവും ഒടുവിലായി ഭോപ്പാലില്‍ നിന്നുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ക്രിക്കറ്റ് ടൂർണമെന്‍റിലെ ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ട താരത്തിന് 5 ലിറ്റർ പെട്രോളാണ് സമ്മാനമായി നൽകിയത്. കോൺഗ്രസ് നേതാവ് മനോജ് ശുക്ലയാണ് ക്രിക്കറ്റ് ടൂർണമെന്‍റ് സംഘടിപ്പിച്ചത്. സലാഹുദ്ദീൻ അബ്ബാസി എന്ന ക്രിക്കറ്ററാണ് മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹം അഞ്ച് ലിറ്റര്‍ പെട്രോള്‍ ഏറ്റുവാങ്ങുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
മുന്‍പെല്ലാം പ്രകടനം നടത്തിയും ഹര്‍ത്താല്‍ നടത്തിയുമൊക്കെയായിരുന്നു ഇന്ധനവില വര്‍ധനക്കെതിരെ ജനങ്ങള്‍ പ്രതിഷേധിച്ചിരുന്നത്. ഇപ്പോഴാകട്ടെ സര്‍ഗാത്മകമായ പ്രതിഷേധങ്ങളുമുണ്ട്. തമിഴ്നാട്ടില്‍ ഒരു വിവാഹത്തിന് വധൂവരന്മാര്‍ക്ക് സുഹൃത്തുക്കള്‍ നല്‍കിയത് 'വില കൂടിയ' സമ്മാനങ്ങളായിരുന്നു. ഒരു കാന്‍ പെട്രോള്‍, ഒരു ഗ്യാസ് കുറ്റി, ഉള്ളി കൊണ്ടുണ്ടാക്കിയ മാല എന്നിങ്ങനെയാണ് സുഹൃത്തുക്കള്‍ വധൂവരന്മാര്‍ക്ക് നല്‍കിയത്.
തമിഴ്നാട്ടിലെ കരൂർ ജില്ലയിലെ ഒരു പെട്രോൾ പമ്പ്, തെറ്റില്ലാതെ തിരുക്കുറൾ വായിക്കുന്ന കുട്ടികൾക്ക് ഒരു ലിറ്റർ പെട്രോൾ സമ്മാനമായി പ്രഖ്യാപിക്കുകയുണ്ടായി. തിരുവള്ളുവർ ദിനത്തോട് അനുബന്ധിച്ച് ജനുവരി 16നാണ് ഈ സമ്മാനം പ്രഖ്യാപിച്ചത്. പെട്രോൾ പമ്പിന് മുന്നിൽ ബാറ്റും ഹെൽമറ്റുമായി നിൽക്കുന്ന യുവാവിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സെഞ്ച്വറി നേടിയ ബാറ്റ്സ്മാനെ പോലെയാണ് ആ യുവാവ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. പെട്രോൾ വില ആദ്യമായി 100 കടന്നപ്പോഴായിരുന്നു ഇത്.