സാത്ക ഒരു വെല്ലുവിളിയല്ല, അവസരമാണ് : എത്തിക്‌ഫിൻ സിഇഒ നദീർ വി.കെ
സാത്‌ക ഒരേ സമയം എങ്ങനെ നിക്ഷേപ സൗഹൃദവും ചെറുകിട-ഇടത്തരം ബിസിനസുകളെ പിന്തുണയ്ക്കുന്നുവെന്നും എത്തിക്‌ഫിൻ സിഇഒ നദീർ വികെ സെഷനിൽ വിശദീകരിച്ചു
റിയാദ്: ബിസിനസിന്റെ വിവിധ മേഖലകളിൽ കാര്യക്ഷമമായ മുന്നേറ്റം കൊണ്ടുവരാൻ സൗദി അറേബ്യയുടെ ഇ-ഇൻവോയിസിങ്ങായ സാത്ക (ZATCA)യ്ക്ക് സാധിക്കുമെന്ന് എത്തിക്‌ഫിൻ സിഇഒയും കോ-ഫൗണ്ടറുമായ നദീർ വി.കെ. മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച 'സാത്കയും ഇന്റലിജന്റ് അക്കൗണ്ടിങ്ങിന്റെ ഭാവിയും' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ ബിസിനസ് മേഖലകളുടെ കാര്യക്ഷമത വർധിപ്പിക്കാനും സുതാര്യമാക്കാനും സാത്കയിലൂടെ സാധിക്കും. വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പരിസ്ഥിതിയിൽ നികുതി പ്രക്രിയ എന്നതിനപ്പുറത്തേക്ക് പ്രവർത്തിക്കാൻ സാത്‌കയ്ക്ക് സാധിക്കും. അതിനാൽ ബിസിനസ് വികസിപ്പിക്കാനുള്ള മാർഗങ്ങൾ സാത്കയിലൂടെ കണ്ടെത്താൻ സാധിക്കണം.
സംരംഭകരും ബിസിനസുകാരും മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും ഒരേ പോലെ ഇ-ഇൻവോയിസിങ് ഉപയോഗിക്കുന്നതിലൂടെ സാമ്പത്തിക വളർച്ച ഒരുമിച്ച് പങ്കിടാനും പറ്റും. സാത്‌ക ഒരേ സമയം എങ്ങനെ നിക്ഷേപ സൗഹൃദവും ചെറുകിട-ഇടത്തരം ബിസിനസുകളെ പിന്തുണയ്ക്കുന്നുവെന്നും സെഷനിൽ വിശദീകരിച്ചു. കൂടാതെ നിലവിലെ സാഹചര്യത്തിൽ ഫിൻടെക്കുകളുടെ വളർച്ചയും എങ്ങനെ ബിസിനസ് പരിസ്ഥിതി വളർത്തി കൊണ്ടുവരാൻ അവ സഹായിക്കുമെന്നും നദീർ പറഞ്ഞു. വികസന കുതിപ്പ് നടത്തികൊണ്ടിരിക്കുന്ന സൗദിയുടെ വിഷൻ 2030ന്റെ ഭാഗമാകാൻ ബിസിനസുകൾക്ക് എങ്ങനെ സത്കയുടെ സാങ്കേതികത ഉപയോഗപ്പെടുത്താമെന്ന് മനസിലാക്കാൻ സെഷനിൽ വിശദീകരിച്ചു.
വാർത്താമന്ത്രാലയം ഡിറക്ടർ ഹുസൈൻ അൽ ഷമ്മാരി അടക്കം നിരവധി പ്രമുഖർ ഫ്യൂച്ചർ സമ്മിറ്റിന്റെ ഭാഗമായിരുന്നു.