ഗസ്സയില്‍ ദിനംപ്രതി ഒരു മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നു

ഫലസ്തീന്‍ പ്രശ്‌നം തുടങ്ങിയതു മുതല്‍ വര്‍ഷത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനാണ് ഗസ്സയില്‍ കൊല്ലപ്പെട്ടിരുന്നതെങ്കില്‍, ഒക്ടോബര്‍ 7 ന് ശേഷം ദിനംപ്രതി ഒരു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നു.

Update: 2024-01-28 07:40 GMT
Advertising

ഇതെഴുതുമ്പോള്‍ ഫലസ്തീനിലെ വംശീയ നിഗ്രഹം നൂറ് ദിവസം പിന്നിടുകയും 26000 ല്‍ അധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നു. സകല അന്താരാഷ്രാ നിയമങ്ങളും ലംഘിച്ചുകൊണ്ട് ഇസ്രയേല്‍ എന്ന ഭീകരരാഷ്ട്രം അമേരിക്കയുടെ പൂര്‍ണ്ണ പിന്തുണയോടെ ഫലസ്തീന്റെ മണ്ണില്‍ അഴിഞ്ഞാടുകയാണ്. ലോക കോടതിയെയും, ഭൂരിപക്ഷം വരുന്ന രാജ്യങ്ങളിലെ കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ യുദ്ധ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് നിരപരാധികളായ ഒരു കൂട്ടം മനുഷ്യരുടെ മേല്‍ ദിനേന ടണ്‍ കണക്കിന് ബോംബുകള്‍ വര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവിധ യുദ്ധ നിയമങ്ങളും ലംഘിച്ച്, ഒന്നിലധികം ഐക്യരാഷ്ട്ര സഭാ പ്രമേയങ്ങള്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിട്ടും ഇസ്രയേല്‍ നിയമ ലംഘനം തുടരുകയാണ്. നൂറ് ദിവസത്തിലധികം നീണ്ട യുദ്ധത്തില്‍ ഏറ്റവും നീചമായ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നത് ആരോഗ്യ മേഖലക്ക് നേരെയാണ്.

യുദ്ധം നൂറ് ദിവസം പിന്നിട്ടപ്പോള്‍ നൂറിലധികം ആശുപത്രികളും, 150 ലധികം ആംബുലന്‍സുകളും ഇസ്രയേല്‍ പട്ടാളം തകര്‍ത്തു. പിറന്നു വീഴുന്ന കുട്ടികള്‍ക്കുള്ള ഇന്‍ക്യുബേറ്റുകള്‍ മുതല്‍ ഇന്റന്‍സീവ് വാര്‍ഡുകളില്‍ അത്യാസന്ന നിലയില്‍ കിടത്തിയിരുന്ന ആയിരക്കണക്കിന് പേരെ ആക്രമിച്ച് കൊന്നൊടുക്കി. ആശുപത്രി കെട്ടിടങ്ങളുടെ അടിയില്‍ ഹമാസിന്റെ ഒളിത്താവളങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാണ് ആശുപത്രികള്‍ക്ക് മുകളില്‍ ബോംബുകള്‍ വര്‍ഷിച്ചത്.

1949-ലെ ജനീവ കണ്‍വെന്‍ഷന്‍ ആര്‍ട്ടിക്കിള്‍ 19 പ്രകാരം ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളെയോ ചലിച്ചു കൊണ്ടിരിക്കുന്ന ആംബുലന്‍സ് പോലുള്ളവയെയോ ഒരു സാഹചര്യത്തിലും ആക്രമിക്കാന്‍ പാടില്ല എന്നാണ്. അവയെല്ലാം ഏത് യുദ്ധ സാഹചര്യത്തിലും സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന ലോക രാജ്യങ്ങള്‍ അംഗീകരിച്ച മനുഷ്യാവകാശ നിയമങ്ങള്‍ പറയുന്നത്. എന്നാല്‍, ഇത്തരം നിയമങ്ങള്‍ ഇസ്രായേല്‍ എന്ന ഭീകര രാഷ്ട്രത്തിന്റെ നിയമ സംഹിതയില്‍ ഇല്ലാത്തതിനാല്‍ അവര്‍ ഗസ്സയിലെ ആശുപത്രികള്‍ മാത്രം തിരഞ്ഞുപിടിച്ച് ബോംബിട്ട് തകര്‍ത്തുകൊണ്ടിരിക്കുന്നു ഇസ്രായേല്‍ സൈന്യം ഇതിനകം ഗസ്സയിലെ ഭൂരിഭാഗം ആശുപത്രികളും തകര്‍ത്തു കഴിഞ്ഞു. ഏറ്റവും പ്രശസ്തമായ അല്‍ശിഫ ആശുപത്രി, അല്‍ഖുദ്‌സ് , ഇന്ത്യോനേഷ്യന്‍ ആശുപത്രികള്‍ മുതല്‍ ചികിത്സാ സൗകര്യം നല്‍കുന്ന ചെറുതും വലുതുമായ എല്ലാ ആശുപത്രികളും ഇതിനകം പൂര്‍ണ്ണമായും തകര്‍ത്തു കഴിഞ്ഞു. യുദ്ധം നൂറ് ദിവസം പിന്നിട്ടപ്പോള്‍ നൂറിലധികം ആശുപത്രികളും, 150 ലധികം ആംബുലന്‍സുകളും ഇസ്രയേല്‍ പട്ടാളം തകര്‍ത്തു. പിറന്നു വീഴുന്ന കുട്ടികള്‍ക്കുള്ള ഇന്‍ക്യുബേറ്റുകള്‍ മുതല്‍ ഇന്റന്‍സീവ് വാര്‍ഡുകളില്‍ അത്യാസന്ന നിലയില്‍ കിടത്തിയിരുന്ന ആയിരക്കണക്കിന് പേരെ ആക്രമിച്ച് കൊന്നൊടുക്കി. ആശുപത്രി കെട്ടിടങ്ങളുടെ അടിയില്‍ ഹമാസിന്റെ ഒളിത്താവളങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാണ് ആശുപത്രികള്‍ക്ക് മുകളില്‍ ബോംബുകള്‍ വര്‍ഷിച്ചത്. എന്നാല്‍ അതെല്ലാം വെറും നുണകള്‍ മാത്രമായിരുന്നുവെന്ന് ഇന്ന് അന്താരാഷ്ട്രാ സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു. 


ആശുപത്രികള്‍ക്ക് താഴെ ഭാഗത്താണ് ഹമാസിന്റെ നീണ്ട കിടങ്ങുകള്‍ ആരംഭിക്കുന്നതെന്ന് പറഞ്ഞ് ഗസ്സയിലെ പ്രശസ്ത ആശുപത്രികള്‍ ബോംബിട്ട് തകര്‍ക്കുന്നത് ലോകം നേരിട്ട് കണ്ടു. എന്നാല്‍, ഇതിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ വന്‍കിട രാജ്യങ്ങള്‍ തയ്യാറായില്ല.

ആശുപത്രികളെ ഉന്നമിട്ട് നശിപ്പിച്ചതുപോലെ ഒന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടി കൊലപ്പെടുത്തല്‍. യുദ്ധം തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇസ്രയേല്‍ പട്ടാളം 60 മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതായി ഗസ്സയിലെ മീഡിയാ ഓഫീസ് പറഞ്ഞിരുന്നു. ദിനം പ്രതി കൊല്ലപ്പെടുന്ന മാധ്യമ പ്രവര്‍ത്തകരില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ മുതല്‍ റോയിട്ടറിന്റെ ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ വരെ ഉണ്ടായിരുന്നു. യുദ്ധം തുടര്‍ന്നതോടെ ഗസ്സയിലെ ഭൂരിപക്ഷം മാധ്യമ സ്ഥാപനങ്ങളും ബോംബിട്ടു തകര്‍ത്തു. ഇതിനകം 150 മാധ്യമ സ്ഥാപനങ്ങളാണ് ഗസ്സയില്‍ തകര്‍ത്തത്. ഫലസ്തീന്‍ പ്രശ്‌നം തുടങ്ങിയതു മുതല്‍ വര്‍ഷത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടിരുന്നതെങ്കില്‍ ഒക്ടോബര്‍ 7 ന് ശേഷം ദിനംപ്രതി ഒരു മാധ്യമപ്രവര്‍ത്തകന്‍ ഗസ്സയില്‍ കൊല്ലപ്പെടുന്നതായി ഫലസ്തീന്‍ മാധ്യമ അതോറിറ്റി വ്യക്തമാക്കുന്നു. ഹമാസിന്റെ ഒളിത്താവളങ്ങാണ് ഇവയെല്ലാം എന്ന് പറഞ്ഞാണ് മാധ്യമ ഓഫീസുകള്‍ തകര്‍ക്കുന്നത്.

ലോകോത്തര യുദ്ധ രഹസ്യ വിഭാഗങ്ങള്‍ സ്വന്തമായുള്ള ഇസ്രായേലി പട്ടാളത്തിന് മുന്‍കൂട്ടി അറിയാതിരുന്ന ഹമാസ് ആക്രമണം പാവപ്പെട്ട ഈ മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയാമായിരുന്നു എന്ന് പറഞ്ഞാണ് ഇവര്‍ ഇപ്പോഴും ആക്രമണം നടത്തുന്നത്. യുദ്ധം തുടങ്ങിയതിന് ശേഷം വിദേശ മാധ്യമങ്ങളെ മുഴുവന്‍ വിലക്കി അവരുടെ ഓഫീസുകള്‍ അടച്ചുപൂട്ടുകയും സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റുകള്‍ വരെ വിലക്കുകയും ചെയ്തു. 

മാധ്യമ പ്രവര്‍ത്തകരെ മാത്രമല്ല, അവരുടെ കുടുംബങ്ങളെയും ഇസ്രയേല്‍ പട്ടാളം തെരഞ്ഞുപിടിച്ചു കൊന്നു കൊണ്ടിരിക്കുകയാണ്. അല്‍ജസീറയുടെ ഗസ്സ ചീഫ് വാഇല്‍ അല്‍ ദഹ്ദൂഹിന്റെ ഭാര്യയും മകനും മകളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് യുദ്ധമുഖത്തു നിന്ന് അദ്ദേഹം തത്സമയം റിപ്പോര്‍ട്ട് ചെയ്തത് ലോകം കണ്ടതാണ്. ഫലസ്തീന്‍ ഔദ്യോഗിക ന്യൂസ് ഏജന്‍സിയുടെ ലേഖകന്‍ മുഹമ്മദ് അബൂ അസീറയുടെ വിട് ബോംബിട്ട് തകര്‍ത്ത് നാല്‍പതിലധികം പേരെയാണ് കൊന്നത്. ലോകോത്തര യുദ്ധ രഹസ്യ വിഭാഗങ്ങള്‍ സ്വന്തമായുള്ള ഇസ്രായേലി പട്ടാളത്തിന് മുന്‍കൂട്ടി അറിയാതിരുന്ന ഹമാസ് ആക്രമണം പാവപ്പെട്ട ഈ മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയാമായിരുന്നു എന്ന് പറഞ്ഞാണ് ഇവര്‍ ഇപ്പോഴും ആക്രമണം നടത്തുന്നത്. യുദ്ധം തുടങ്ങിയതിന് ശേഷം വിദേശ മാധ്യമങ്ങളെ മുഴുവന്‍ വിലക്കി അവരുടെ ഓഫീസുകള്‍ അടച്ചുപൂട്ടുകയും സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റുകള്‍ വരെ വിലക്കുകയും ചെയ്തു.

ഇത്രയൊക്കെ മാധ്യമങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ചെയ്തിട്ടും അവരുടെ പ്രചരണ തന്ത്രം പാളിയ കാഴ്ചയാണ് ലോകം കണ്ടത്. ജീവന്‍ വില കൊടുത്തും അനേകം മാധ്യമപ്രവര്‍ത്തകര്‍ യുദ്ധമുഖത്തെത്തി സമൂഹമാധ്യമം എന്ന ശക്തമായ സംവിധാനത്തിലൂടെ ഇപ്പോഴും ലോകത്തിന്റെ മുന്നിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നു. തലക്ക് മുകളില്‍ ബോംബുകള്‍ വീഴുമ്പോഴും, കുടുംബാംഗങ്ങള്‍ കൊല്ലപ്പെടുമ്പോഴും, തകര്‍ന്നു വീഴുന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നു അവര്‍ ഇപ്പോഴും ഫലസ്തീനിന്റെ നിസ്സഹായാവസ്ഥ ലോകത്തിന് മുന്നില്‍ അറിയിക്കുന്നു. അവിടുത്തെ നേര്‍ ദൃശ്യങ്ങള്‍ ഫോണില്‍ കൂടി തത്സമയം ഒപ്പിയെടുത്ത് ലോകത്തിന് മുന്നില്‍ അവര്‍ സമര്‍പ്പിക്കുന്നു. ആ കാഴ്ചകള്‍ കണ്ടാണ് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ലക്ഷക്കണക്കിനാളുകള്‍ ഫലസ്തീനൊപ്പം നിലകൊള്ളുന്നതും ഇസ്രായേല്‍ എന്ന ഭീകര രാഷ്ട്രത്തെ വെറുക്കുന്നതും.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ബഷീര്‍ മാടാല

Freeland Journalist

Author

Similar News