കേന്ദ്ര അവഗണനക്കെതിരായ സമരജ്വാലയില്‍ കേരള മുഖ്യമന്ത്രിയും ആപ് മുഖ്യമന്ത്രിമാരും അണിനിരന്നപ്പോള്‍

സമരത്തിന്റെ തുടക്കത്തിലേ, തെക്ക്-വടക്ക് എന്നിങ്ങനെ സംസ്ഥാനങ്ങളെ വിഭജിക്കുകയാണ് ഈ സമരമെന്ന വാദമാണ് ബി.ജെപി അവതരിപ്പിക്കാന്‍ ശ്രമിച്ചത്. പക്ഷെ, സമരത്തില്‍ അവഗണന നേരിട്ട മറ്റ് സംസ്ഥാനങ്ങളുടെ പങ്കാളിത്തം അതിനെ തച്ചുടച്ചിരിക്കുകയാണ്.

Update: 2024-02-15 08:15 GMT
Advertising

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ ചരിത്ര പോരാട്ടം തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഡല്‍ഹി ജന്തര്‍മന്ദറില്‍ ആയിരുന്നു പ്രതിഷേധ സമരത്തിന്റെ വേദി. മന്ത്രിമാര്‍ക്കും, എം.പി മാര്‍ക്കും, എം.എല്‍.എ മാര്‍ക്കും പുറമെ മറ്റ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ദേശീയ നേതാക്കളും സമരത്തില്‍ അണിനിരന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയും പിന്തുണ അറിയിച്ച് എത്തിയത്തോടു കൂടെ സമരത്തിന് ദേശീയ ശ്രദ്ധ ലഭിച്ചു.

കേന്ദ്ര അവഗണന അത് തെക്കെ ഇന്ത്യയുടെയോ കേരളത്തിന്റേയോ മാത്രം പ്രശ്‌നം അല്ല എന്ന നിലപാടാണ് സി.പി.എം സമരത്തിലൂടെ ഉയര്‍ത്തികാട്ടിയത്. കേന്ദ്ര നയങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ച് കൊണ്ടാണ് ഓരോ നേതാക്കളും വേദിയില്‍ പ്രസംഗിച്ചതും. കേന്ദ്ര അവഗണന അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയില്‍ സംസാരിച്ചത്. നികുതി വിഹിതത്തില്‍ കേരളത്തിന് മാത്രം 18,000 കോടി രൂപയുടെ നഷ്ടമുണ്ടായി എന്ന് പിണറായി വിജയന്‍ ആരോപിച്ചു. കേരളത്തിന്റെ വിഹിതം പത്താം ധനകാര്യ കമീഷന്റെ കാലത്ത് 3.87% ആയിരുന്നു. പതിനഞ്ചാം ധനകാര്യ കമീഷന്റെ കാലത്ത് 1.9%ശതമാനമായും കുറഞ്ഞു. ഇതിന്റെ ഫലയമായി കേരളത്തിനുണ്ടായ നഷ്ടം പതിനെട്ടായിരം കോടി രൂപയാണെന്ന് കേന്ദ്രത്തിന് അറിയാത്തതല്ല. ഇപ്പോള്‍ പ്രഖ്യാപിച്ച ഇടക്കാല ബജറ്റില്‍ കേരളത്തോടുള്ള അനീതിയും വിവേചനവും പ്രകടമാണ്. കേരളത്തിന്റെ ആവശ്യങ്ങളായ എയിംസ്, കെ. റെയില്‍, ശബരിപാത, കോച്ച് ഫാക്ടറി തുടങ്ങിയ ആവശ്യങ്ങളൊന്നും കേന്ദ്രം ഗൗനിച്ചില്ല എന്നീ ആരോപണങ്ങളാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് പിണറായി വിജയന്‍ ഉന്നയിച്ചത്.

കേരള മുഖ്യമന്ത്രി സ്വന്തം കുടുംബത്തിലേക്ക് പണം ചോദിച്ചു കൊണ്ടല്ല ഈ സമരം ചെയ്യുന്നതെന്നാണ് സമരത്തില്‍ പങ്കെടുത്ത പ്രധാന ദേശീയ നേതാക്കളില്‍ ഒരാളായ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞത്. പ്രതിപക്ഷം ഒരുമിച്ച് നിന്നില്ലെങ്കില്‍ നിലനില്‍പ്പില്ല എന്ന് ഓര്‍മപ്പെടുത്തിയാണ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല സംസാരിച്ചത്. സമരത്തിന്റെ തുടക്കത്തിലേ ഇത് ഒരു തെക്ക്-വടക്ക് എന്നിങ്ങനെ സംസ്ഥാനങ്ങളെ വിഭജിക്കുകയാണ് ഈ സമരമെന്ന വാദമാണ് ബി.ജെപി അവതരിപ്പിക്കാന്‍ ശ്രമിച്ചത്. പക്ഷെ, സമരത്തില്‍ അവഗണന നേരിട്ട മറ്റ് സംസ്ഥാനങ്ങളുടെ പങ്കാളിത്തം അതിനെ തച്ചുടച്ചിരിക്കുകയാണ്.

പ്രതിപക്ഷ പാര്‍ട്ടികള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത് ബി.ജെ.പി എങ്ങിനെയാണ് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നതിന് വലിയ ഉദാഹരണമാണ് കര്‍ണ്ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നും ഉയരുന്ന സമരങ്ങള്‍. കേരളത്തിലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തൂം അഴിമതിയും കെടുകാര്യസ്ഥതയും മറച്ച് പിടിക്കാനുള്ള ഉപാധിയായിട്ടാണ് സമരത്തെ കാണുന്നത്. കേരളം നിലവില്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായ ഒരുപാട് കാര്യങ്ങളില്‍ ഒന്ന് മാത്രമാണ് കേന്ദ്രം എന്നുമാണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ ആരോപണം.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News