'യു.എസ് സ്റ്റേറ്റ് വിസിറ്റും' മോദിയുടെ യു.എസ് സന്ദര്‍ശനവും - മീനു മാത്യു

യു.എസ് നയതന്ത്ര പ്രോട്ടോക്കോള്‍ അനുസരിച്ച് പദവി കൊണ്ടും ബഹുമാനം കൊണ്ടും രാജ്യം ആഥിധേയത്വം നല്‍കുന്ന ഏറ്റവും സുപ്രധാനമായ സന്ദര്‍ശനത്തെയാണ് 'സ്റ്റേറ്റ് വിസിറ്റായി' കണക്കാക്കുന്നത്.

Update: 2023-09-10 15:18 GMT
Advertising

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചരിത്ര പ്രധാന യു.എസ് സന്ദര്‍ശനത്തെ അങ്ങേയറ്റം പ്രതീക്ഷയോടെയാണ് ഇന്ത്യയുടെ പ്രതിരോധ-വ്യാവസായിക-സാമ്പത്തിക-സാങ്കേതിക മേഖലകള്‍ ഉറ്റുനോക്കുന്നത്. രണ്ടുതവണ അമേരിക്കന്‍ കോണ്‍ഗ്രസ്സിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി എന്നതിനാലാണ് ഈ സന്ദര്‍ശനം ചരിത്രപ്രധാനമാകുന്നത്. ജൂണ്‍ ഇരുപത്തി ഒന്നിന് ആരംഭിക്കുന്ന സന്ദര്‍ശന പരിപാടികള്‍ ജൂണ്‍ ഇരുപത്തി നാല് വരെ നീണ്ടു നില്‍ക്കും.

തന്റെ ഒന്‍പത് വര്‍ഷത്തെ ഭരണ കാലയളവില്‍ ഏഴ് തവണ നരേന്ദ്ര മോദി യു.എസ് സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും, അതൊന്നും തന്നെ യു.എസ് നയതന്ത്ര പ്രോട്ടോക്കോള്‍ പ്രകാരം 'സ്റ്റേറ്റ്-വിസിറ്റ്' ഗണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നവ ആയിരുന്നില്ല. എന്നാല്‍, സാധാരണത്തേതിലും ഏറെ അധിക ഔപചാരികതകള്‍ ഇത്തവണത്തെ സന്ദര്‍ശനത്തിന് ഉണ്ട്.

ലോക നേതാക്കളെ സ്റ്റേറ്റ് വിസിറ്റിനായി ക്ഷണിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് നേരിട്ടാണ്. വിപുലമായ ചടങ്ങുകള്‍ ആദ്യാവസാനം കൊണ്ടാടപ്പെടുന്ന സന്ദര്‍ശനത്തിന്റെ ദൈര്‍ഘ്യം ശാരാശരി നാല് ദിവസമാണ്. യഥാര്‍ഥത്തില്‍ അവയുടെ പ്രധാന ശ്രദ്ധാ കേന്ദ്രം പ്രൗഡ ഗംഭീരമായ ചടങ്ങുകള്‍തന്നെയാണ്.

ഉഭയ കക്ഷി-സാമ്പത്തിക-സാങ്കേതിക കൂടിക്കാഴ്ചകള്‍, പ്രതിരോധ കരാറുകള്‍, യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തിലെ പങ്കാളിത്തം, വ്യാവസായിക പ്രമുഖരുമായുള്ള ചര്‍ച്ചകള്‍ എന്നിങ്ങനെ നിരവധി സുപ്രധാന വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന യു.എസ് സ്റ്റേറ്റ് വിസിറ്റിന്റെ മറ്റു പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

അമേരിക്കന്‍ ഐക്യ നാടുകളുടെ ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടല്‍ കാരണം, സ്വതന്ത്ര്യലബ്ധിക്ക് ഒരു നൂറ്റാണ്ടിനുശേഷവും അവിടേയ്ക്ക് ഒരു വിദേശ രാജ്യത്തിന്റെയോ രാഷ്ട്ര തലവന്മാരുടെയോ ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. 1874 ല്‍ അന്നത്തെ സ്വതന്ത്ര സാമ്രാജ്യമായിരുന്ന ഹവായി (Hawaii) യുടെ രാജാവായിരുന്ന കലകവുവയാണ് ആദ്യമായി അമേരിക്കന്‍ ഐക്യ നാടുകളില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയ രാഷ്ട്രതലവന്‍. ഇതിനു രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 1876 ല്‍ ബ്രസീലിയന്‍ സാമ്രാജ്യത്തിലെ ഡോം പെഡ്രോ രണ്ടാമന്‍ ചക്രവര്‍ത്തി ഔദ്യോഗിക സന്ദര്‍ശനം നടത്തി.


പിന്നീടങ്ങോട്ട് നിരവധി രാഷ്ട്ര തലവന്മാരെ അമേരിക്കന്‍ പ്രസിഡന്റ് നേരിട്ട് വാഷിംഗ്ടണിലെക്ക് സ്റ്റേറ്റ് വിസിറ്റുകള്‍ക്കായി ഔപചാരികമായി ക്ഷണിക്കുവാന്‍ ആരംഭിച്ചു. സ്റ്റേറ്റ് വിസിറ്റുകള്‍ക്ക് പുറമെ ഒഫീഷ്യല്‍ വര്‍ക്കിംഗ് വിസിറ്റുകള്‍ എന്ന പേരില്‍ നിരവധി വിദേശ വിശിഷ്ട വ്യക്തികളെയും മറ്റ് പ്രധാന ലോക തലവന്മാരെയും യു.എസ് എല്ലാ വര്‍ഷവും സ്വീകരിക്കാറുണ്ട്. അതില്‍ കിരീടാവകാശികള്‍, വൈസ് പ്രസിഡന്റുമാര്‍, മതാധ്യക്ഷന്‍മാര്‍ എന്നിവരും ഉള്‍പ്പെടും.

യു.എസ് നയതന്ത്ര പ്രോട്ടോക്കോള്‍ അനുസരിച്ച് പദവി കൊണ്ടും ബഹുമാനം കൊണ്ടും രാജ്യം ആഥിധേയത്വം നല്‍കുന്ന ഏറ്റവും സുപ്രധാനമായ സന്ദര്‍ശനത്തെയാണ് 'സ്റ്റേറ്റ് വിസിറ്റായി' കണക്കാക്കുന്നത്. ഈ ഉന്നതതല സന്ദര്‍ശനത്തിന്റെ യാഥാര്‍ഥ പ്രാധാന്യം പ്രധാനമന്ത്രിക്ക് ലഭിക്കാന്‍ പോകുന്ന സ്വീകരണത്തിലും അതിന്റെ ആഡംബരത്തിലും തന്നെ പ്രകടമാകും. തങ്ങളുടെ അടുത്ത സഖ്യ കക്ഷികള്‍ക്കും സൗഹൃദ രാജ്യങ്ങള്‍ക്കും മാത്രമാണ് അമേരിക്ക ഈ അപൂര്‍വ ക്ഷണം നല്‍കുക. ഇതിലൂടെ അതിഥി രാജ്യങ്ങളുമായുള്ള അമേരിക്കയുടെ ബന്ധത്തെയും ദൃഢതയെയും മറ്റ് ലോക രാജ്യങ്ങള്‍ക്ക് മുന്‍പില്‍ തുറന്നു കാട്ടുക കൂടി ചെയ്യപ്പെടുന്നു.

യു.എസ് ഭരണകൂടം ആഥിധേയത്വമരുളുന്ന സന്ദര്‍ശനങ്ങളെ പലതായി തരം തിരിക്കാം.

ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ അഥവാ ഒഫീഷ്യല്‍ വിസിറ്റ് (Official Visit), ഔദ്യോഗിക പ്രവര്‍ത്തന സന്ദര്‍ശനങ്ങള്‍ അഥവാ ഒഫീഷ്യല്‍ വര്‍ക്കിംഗ് വിസിറ്റ് (Official Working Visit), പ്രവര്‍ത്തന സന്ദര്‍ശനങ്ങള്‍ അഥവാ വര്‍ക്കിംഗ് വിസിറ്റ് (Working Visit), ഗവണ്‍മെന്റിന്റെ അതിഥിയായി എത്തുന്നവ അഥവാ ഗസ്റ്റ് ഓഫ് ഗവണ്‍മെന്റ് വിസിറ്റ് (Guest of Government visit), സ്വകാര്യ സന്ദര്‍ശനങ്ങള്‍ അഥവാ പ്രൈവറ്റ് വിസിറ്റ് (Private visit) എന്നിവയാണ് മറ്റ് സന്ദര്‍ശനങ്ങള്‍. ഓരോന്നിനും അതിന്റേതായ പ്രാധാന്യവും പാലിക്കേണ്ട വ്യത്യസ്തമായ പ്രോട്ടോക്കോളുകളും ഉണ്ട്.

സ്റ്റേറ്റ് വിസിറ്റ്

രാഷ്ട്രത്തിന്റെയോ ഭരണകൂടത്തിന്റെയോ തലവന്മാര്‍ ആയിരിക്കും സ്റ്റേറ്റ് വിസിറ്റിനായി ക്ഷണിക്കപ്പെടുക. 'മോദിയുടെ സ്റ്റേറ്റ് വിസിറ്റ്' എന്നത് തികച്ചും തെറ്റായ പ്രയോഗമാണ്. ഇത്തരം സന്ദര്‍ശനങ്ങള്‍ ഒരു വ്യക്തിയുടെയോ നേതാവിന്റെയോ പേരില്‍ അറിയപ്പെടുന്നതോ ഒരു വ്യക്തിക്ക് വിശിഷ്ടമായി നല്‍കുന്നതോ അല്ല. മറിച്ച് അവ ഒരു രാജ്യത്തിന് സവിശേഷമായി നല്‍കുന്ന ക്ഷണവും, യു.എസും ആ രാജ്യവുമായുള്ള ഉഷ്മളമായ ബന്ധത്തെ വെളിവാക്കുന്നതുമാണ്.

യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രിക്ക് വൈറ്റ് ഹൗസില്‍ പ്രസിഡന്റും ഭാര്യയും ചേര്‍ന്ന് നല്‍കുന്ന ഔദ്യോഗിക സ്റ്റേറ്റ് ഡിന്നറും സന്ദര്‍ശനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. ടെസ്ല സി.ഇ.ഒ എലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ള ഇരുപതോളം യു.എസ് ബിസിനസ് തലവന്മാരുമായി ചര്‍ച്ച നടത്തിയ ശേഷം അദ്ദേഹം ഈജിപ്റ്റിലേക്ക് തിരിക്കും.

ലോക നേതാക്കളെ സ്റ്റേറ്റ് വിസിറ്റിനായി ക്ഷണിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് നേരിട്ടാണ്. വിപുലമായ ചടങ്ങുകള്‍ ആദ്യാവസാനം കൊണ്ടാടപ്പെടുന്ന സന്ദര്‍ശനത്തിന്റെ ദൈര്‍ഘ്യം ശാരാശരി നാല് ദിവസമാണ്. യഥാര്‍ഥത്തില്‍ അവയുടെ പ്രധാന ശ്രദ്ധാ കേന്ദ്രം തന്നെ പ്രൗഡ ഗംഭീരമായ ചടങ്ങുകള്‍തന്നെയാണ്. ചടങ്ങുകളില്‍ ഫ്‌ളൈറ്റ് ലൈന്‍ സെറിമണി (Flight line ceremony), ഇരുപത്തി ഒന്ന് ഗണ്‍ സലുട്ടുകളോടെയുള്ള വൈറ്റ് ഹൗസ് അറൈവല്‍ സെറിമണി (white house arrival ceremony), വൈറ്റ് ഹൗസിലെ അത്താഴ വിരുന്ന്, നയതന്ത്ര സമ്മാനങ്ങളുടെ കൈമാറ്റം, യു.എസ് പ്രസിഡന്റിന്റെ ഗസ്റ്റ് ഹൗസായ ബ്ലയര്‍ ഹൗസില്‍ താമസിക്കാനുള്ള ക്ഷണം, ഫ്‌ളാഗ് സ്ട്രീട് ലൈനിംഗ് (flag street lining) എന്നിവയും ഉള്‍പ്പെടും. താരതമ്യേന അപൂര്‍വമായി മാത്രമേ നടത്തപ്പെടുകയുള്ളു എന്നതാണ് സ്റ്റേറ്റ് വിസിറ്റിന്റെ മറ്റൊരു പ്രത്യേകത. ഒരു രാജ്യത്ത് നിന്നും നാല് വര്‍ഷത്തില്‍ ഒരേയൊരു നേതാവിനെ മാത്രമേ യു.എസ് പ്രസിഡന്റ് ഇതിനായി ക്ഷണിക്കാന്‍ കഴിയൂ.


നരേന്ദ്ര മോദി 2021 ല്‍ അമേരിക്കന്‍ സന്ദര്‍ശനത്തിടെ ജോ ബൈഡനോടൊപ്പം

വിദേശ തലവന്മാരുടെ അമേരിക്കയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ പലപ്പോഴും വിവാദങ്ങള്‍ക്കും വഴി വെക്കാറുണ്ട്. ഉദാഹരണത്തിന് 1995 ല്‍ ചൈന നടത്താനിരുന്ന സന്ദര്‍ശനം ചര്‍ച്ചയില്‍ മാത്രം ഒതുങ്ങിയ ഒന്നായി മാറി. ചൈനക്കുള്ള ക്ഷണം, യു.എസ് കോണ്‍ഗ്രസിന്റെ അപ്രീതിക്ക് കാരണമാകും എന്നാണ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ അന്ന് പറഞ്ഞത്. പിന്നീട് ഒരു സ്വകാര്യ കൂടിക്കാഴ്ചയ്ക്കായി വൈറ്റ് ഹൗസിലേക്ക് ചൈനീസ് പ്രതിനിധി ജിയാങ് സെമീനെ ക്ലിന്റണ്‍ ക്ഷണിച്ചുവെങ്കിലും, തങ്ങളുടെ പ്രതിനിധി ഒരു ഔപചാരിക കൂടിക്കാഴ്ചയ്ക്ക് അര്‍ഹനാണ് എന്ന് ചൂണ്ടിക്കാട്ടി ചൈന ആ ക്ഷണം നിരസിച്ചു. 1995 ല്‍ ന്യൂയോര്‍ക്കില്‍ വെച്ച് നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലിയില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയെങ്കിലും 1997 വരെ യു.എസിലേക്ക് ചൈനയുടെ ഔദ്യോഗിക സന്ദര്‍ശനം ഉണ്ടായിട്ടില്ല.

ഒരു രാഷ്ട്രത്തിനുള്ള സ്റ്റേറ്റ്-ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ക്കുള്ള ക്ഷണം യു.എസ് നിരസിക്കുക്കയോ റദ്ദാക്കുകയോ ചെയ്താല്‍ അത് അന്താരാഷ്ട്ര വേദിയില്‍ അമേരിക്കയുടെ ശാസനമായാണ് വ്യാഖ്യാനിക്കപ്പെടുക. 1986 ല്‍ മൊറോക്കോയിലെ ഹസ്സന്‍ രണ്ടാമന്‍ തന്റെ ആരോഗ്യപരമായ അവശതകള്‍ ചൂണ്ടിക്കാട്ടി വാഷിംഗ്ടണ്‍ ഡി.സി സന്ദര്‍ശനം റദ്ദാക്കിയതിനെ ലോകം നിരീക്ഷിച്ചത് മറ്റൊരു തരത്തിലായിരുന്നു. ഗദ്ദാഫിയുടെ ലിബിയയുമായുള്ള മൊറോക്കന്‍ ബന്ധത്തെക്കുറിച്ച് യു.എസ് നടത്തിയ വിമര്‍ശനത്തിന്റെ ഫലമായാണ് സന്ദര്‍ശനം റദ്ദാക്കപ്പെട്ടത് എന്നായിരുന്നു വിമര്‍ശനം.


നരേന്ദ്ര മോദി ന്യൂയോര്‍ക്കിലെത്തിയപ്പോള്‍

2013 ല്‍ ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൂസഫ് തന്റെ യു.എസ് സ്റ്റേറ്റ് വിസിറ്റ് റദ്ദാക്കിയത്, യു.എസ് ദേശീയ സുരക്ഷാ ഏജന്‍സി തന്റെയും മറ്റ് ബ്രസീലിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ആശയവിനിമയങ്ങളില്‍ അനുവാദമില്ലാതെ നിരീക്ഷണം ഏര്‍പ്പെടുത്തി എന്ന വെളിപ്പെടുത്തലിന്‍ മേലായിരുന്നു.

മോദിയുടെ സന്ദര്‍ശനം ലക്ഷ്യംവെക്കുന്നത്

ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് നടക്കുന്ന യോഗ ദിന പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചുകൊണ്ടാവും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇത്തവണത്തെ സ്റ്റേറ്റ് വിസിറ്റിന്റെ ഔദ്യോഗിക തുടക്കം. പിന്നാലെ, വൈറ്റ് ഹൗസിലെ സ്വീകരണവും പ്രസിഡന്റ് ജോ ബൈഡനുമായുള്ള ഉഭയ കക്ഷി ചര്‍ച്ചയും ഉണ്ടാകും.

ജനറല്‍ ഇലക്ട്രിക് കമ്പനിയുടെ എഫ് 414 ജെറ്റ് എന്‍ജിന്‍ ഇന്ത്യയില്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡിന്റെ സഹായത്തോടെ നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ണായക പ്രതിരോധ കരാറുകളില്‍ ഇരുവരും ഒപ്പ് വയ്ക്കും എന്നാണ് പ്രതീക്ഷ. വ്യോമയാന സാങ്കേതിക വിദ്യയുടെ ഏറ്റവും നൂതനമായ ഈ എന്‍ജിനുകള്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന തേജസ് ഉള്‍പ്പെടെയുള്ള യുദ്ധ വിമാനങ്ങളില്‍ ഉപയോഗിക്കാന്‍ ഈ കരാര്‍ കാരണമാകും.


ന്യൂയോര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെസ്ല സി.ഇ.ഒ എലോണ്‍ മസ്‌കിനോടൊപ്പം

യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രിക്ക് വൈറ്റ് ഹൗസില്‍ പ്രസിഡന്റും ഭാര്യയും ചേര്‍ന്ന് നല്‍കുന്ന ഔദ്യോഗിക സ്റ്റേറ്റ് ഡിന്നറും സന്ദര്‍ശനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. ടെസ്ല സി.ഇ.ഒ എലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ള ഇരുപതോളം യു.എസ് ബിസിനസ് തലവന്മാരുമായി ചര്‍ച്ച നടത്തിയ ശേഷം അദ്ദേഹം ഈജിപ്റ്റിലേക്ക് തിരിക്കും. ഇന്ത്യ-യു.എസ് ബന്ധം കൂടുതല്‍ ദൃഢമാകുമ്പോള്‍ അത് ഇരു രാജ്യത്തിന്റെയും സാമ്പത്തിക-സാങ്കേതിക-കച്ചവട ബന്ധങ്ങളെ എങ്ങനെയൊക്കെ ബാധിക്കുമെന്നും, രാജ്യത്തിനും പൗരന്മാര്‍ക്കും അതുവഴി എന്തൊക്കെ നേട്ടങ്ങള്‍ ഉണ്ടാവുമെന്നും കാത്തിരുന്നു കാണാം


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - മീനു മാത്യു

Media Student

Similar News