തോക്കുമേന്തി വീല്‍ചെയറിലെത്തിയ 'മരണമാസ്സ്' അമ്മാമ്മ; 'ബാലനി'ലെ ഡോളി ജൂണ്‍ പറയുന്നു, 'ജീവിതത്തിലും ഞാന്‍ തന്റേടിയാ!'

മാസ്സ് സീനുകള്‍ കൊണ്ട് പ്രേക്ഷകരുടെ മനംകവര്‍ന്നിരിക്കുകയാണ് തൃശൂര്‍ കയ്പറമ്പ് സ്വദേശിനിയായ ഈ 76കാരി

Update: 2026-06-27 13:28 GMT

തിയറ്ററുകളില്‍ നിറഞ്ഞോടുന്ന 'ബാലന്‍: ദ ബോയ്' സിനിമയിലെ തന്റേടിയായ അമ്മാമ്മയെ സിനിമ കണ്ടവരാരും മറക്കാന്‍ വഴിയില്ല. മാസ്സ് സീനുകള്‍ കൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ മനംകവര്‍ന്നിരിക്കുകയാണ് തൃശൂര്‍ കയ്പറമ്പ് സ്വദേശിനിയായ 76കാരി ഡോളി ജൂണ്‍. അമ്മച്ചി ചുമ്മാ തീയെന്നും ഫാന്‍ ആക്കിക്കളഞ്ഞെന്നെല്ലാമുള്ള പ്രശംസകളാണ് കഥാപാത്രത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്. കൊച്ചുമകനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ ഉരുളയ്ക്കുപ്പേരി പോലെ ഉത്തരം പറയുന്ന അമ്മാമ്മയുടെ മാസ്സിന് ഒരുപാട് ആരാധകരുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സിനു ശേഷം സംവിധായകന്‍ ചിദംബരത്തിന്റെ പുതിയ ചിത്രമായ ബാലന്‍, തിയേറ്ററുകളില്‍ നിറഞ്ഞ കൈയടികളോടെ പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ വിശേഷങ്ങള്‍ മീഡിയവണിനോട് പങ്കുവെക്കുകയാണ് ചിത്രത്തില്‍ പേരില്ലാത്ത അമ്മാമ്മ കഥാപാത്രത്തെ അവതരിപ്പിച്ച ഡോളി ജൂണ്‍.

Advertising
Advertising

'ബാലന്‍' എന്നെ സ്റ്റാറാക്കി

സിനിമയിലെ ഞെട്ടിപ്പിക്കുന്ന എന്‍ട്രിയും തുടര്‍ന്ന് അങ്ങോട്ട് ദേഷ്യം, പുച്ഛം, കുറുമ്പ്, കരുതല്‍ തുടങ്ങി വിവധതരം ഭാവങ്ങളുമായി അമ്മാനമാടുന്ന അമ്മാമ്മയെ കാണുമ്പോള്‍ പലരും ചോദിച്ചു പോകും, ഇത്രയും കാലം എവിടെയായിരുന്നെന്ന്. വിശപ്പ് മൂത്താല്‍ വട്ട് മൂക്കും, എനിക്ക് ഒരു ഉണ്ട ലാഭം, പച്ച പേടിപ്പിക്കാന്‍, ചുവപ്പ് കൊല്ലാന്‍... തുടങ്ങിയ ഡയലോഗുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കൊച്ചുമകനുമൊത്തുള്ള റീലുകള്‍ കണ്ട് ആദ്യം ബന്ധപ്പെടുന്നത് തിരക്കഥാകൃത്ത് ജിത്തു മാധവന്റെ ഭാര്യ ഷിഫിനയാണ്. റീലിലെ തഗ്ഗുകള്‍ സിനിമയിലെത്തിക്കാന്‍ താല്‍പ്പര്യമുണ്ടോയെന്ന് ചോദിച്ച് പിന്നീട് കാസ്റ്റിങ് ഡയരക്ടറായ ഗണപതി വന്ന് കണ്ട് സംസാരിക്കുകയായിരുന്നു. അമ്മാമ്മയ്ക്ക് ആരോഗ്യമൊന്നുമില്ല, നടക്കാന്‍ പറ്റില്ല ഇരുന്നുകൊണ്ടേ ചെയ്യാന്‍ കഴിയൂ എന്നായിരുന്നു കൊച്ചുമോന്റെ മറുപടി. പിന്നെ ധൈര്യായിട്ട് ചെയ്യാമെന്ന് ഞാന്‍ പറഞ്ഞതോടെ അവര്‍ അങ്ങ് ഉറപ്പിച്ചു. ഇതിനൊക്കെ എന്തൂട്ട് ധൈര്യാ വേണ്ടേ എന്നായിരുന്നു എന്റെ ചോദ്യം. ഓടിച്ചു പഠിക്കാന്‍ ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ടുമൂന്ന് മാസം മുമ്പേ വീല്‍ചെയറും സ്‌ക്രിപ്റ്റും തന്നു. കുറച്ചൊക്കെ പ്രാക്ടീസ് ചെയ്തു പിന്നെ എല്ലാം വരുന്നിടത്ത് വെച്ച് കാണാമെന്ന ഒറ്റ മൈന്‍ഡായിരുന്നു.

ജീവിതത്തിലും ഞാന്‍ മരണ മാസ്സാ!

ചട്ടയും മുണ്ടുമുടുത്ത് കൈയില്‍ തോക്കുമായി വീല്‍ചെയറില്‍ കറങ്ങി വരുന്ന സീന്‍ പ്രേക്ഷകരെയാകെ കൈയ്യിലെടുത്തിരിക്കുകയാണ്. സിനിമയില്‍ തോക്ക് ഉപയോഗിച്ച് കണ്ടല്ലോ... ഇതിന് മുമ്പ് എപ്പോഴെങ്കിലും തോക്ക് എടുത്തിരുന്നോയെന്ന ചോദ്യത്തിന് ഇതൊക്കെ ഉപയോഗിക്കാന്‍ എന്തൂട്ട് പഠിക്കാനാ, സാഹചര്യം വരുമ്പോള്‍ അങ്ങോട്ട് ചെയ്യണം എന്നായിരുന്നു അമ്മാമ്മയുടെ മാസ്സ് മറുപടി. ഡയലോഗ് പറയാന്‍ പേടി ഇല്ലായിരുന്നു. ഒരുവിധം ഓര്‍മശക്തിയുള്ള ആളാണ് ഞാന്‍. ഷൂട്ടിങ് സ്ഥലത്തുവെച്ച് അവര്‍ പറഞ്ഞു തരും, ഓര്‍മിപ്പിക്കാന്‍. അപ്പോള്‍ ഓര്‍മവരും, അങ്ങനെ ഞാന്‍ സാധാരണ ചെയ്യുന്ന പോലെ അങ്ങ് ചെയ്തു. ജീവിതത്തിലും ആ കഥാപാത്രം പോലെ തന്നെ തന്റേടിയാണ് ഞാന്‍. അതുകൊണ്ട് അഭിനയിക്കുകയാണെന്ന് തോന്നിയതേയില്ല.

വീല്‍ ചെയറില്‍ കറങ്ങി വരുന്ന സീന്‍ മുമ്പ് ഡ്യൂപ്പിനെ വെച്ച് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ചെയ്യാന്‍ വന്ന ആളിന് ആരോഗ്യ പ്രശ്‌നം വന്നപ്പോള്‍ ഡ്യൂപ്പ് വേണ്ടാ സ്വയം ചെയ്‌തോളാമെന്ന് പറയുകയായിരുന്നു. ആ സീനില്‍ ഞാന്‍ വീഴുമെന്ന് പലരും പേടിച്ചെന്ന് പറഞ്ഞു. പക്ഷേ എനിക്ക് പേടിയില്ലായിരുന്നു. സിനിമയില്‍ മരിക്കുന്നത് കണ്ടപ്പോള്‍ സങ്കടം തോന്നിയോയെന്ന ചോദ്യത്തിന് ഞാന്‍ മരിക്കുന്നത് എനിക്ക് നേരിട്ട് കാണാന്‍ പറ്റിയല്ലോയെന്നായിരുന്നു അമ്മാമ്മയുടെ മാസ്സ് മറുപടി.

പുളുക്കഥകള്‍ പറയാന്‍ ഞങ്ങള്‍ പണ്ടേ ബെസ്റ്റാ

കൊച്ചുമകന്‍ റിയോണ്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്ല്‍ പങ്കുവെച്ച വീഡിയോകളില്‍ ഉരുളയ്ക്ക് ഉപ്പേരി പോലെ ഉത്തരം പറയുന്ന അമ്മാമ്മ ബാലന് മുമ്പേ ഹിറ്റാണ്. ഞാനും കൊച്ചുമോനും പുളുക്കഥകള്‍ പറയാന്‍ പണ്ടേ ബെസ്റ്റാ... ഞങ്ങള്‍ നല്ല കട്ട ഫ്രണ്ട്‌സാ. ഇവനാ എന്നെ കുടുക്കിയത്. ദേഷ്യം പിടിപ്പിച്ച് ഞാന്‍ അറിയാതെ വീഡിയോ പകര്‍ത്തും, വൈറലായെന്ന് പറഞ്ഞ് കാണിക്കുമ്പോഴാ വീഡിയോ പകര്‍ത്തിയ വിവരം തന്നെ അറിയുക. ഇവനാ എന്നെ ഫെയ്മസ് ആക്കിയതെന്ന് വീണ്ടും ചിരിച്ചുകൊണ്ട് അമ്മാമ്മ പറയുന്നു.

ഒന്നല്ല ഒരു നൂറു സിനിമയില്‍ വേണമെങ്കില്‍ അഭിനയിക്കും

ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അവസരമാണ് ബാലനിലേത്. ഇനി അങ്ങനെയൊരു അവസരം കിട്ടുമോയെന്ന് അറിയില്ല. ഇപ്പോഴും സനിമയിലെ ഗണപതിയെയും ചിദംബരത്തെയും അല്ലാതെ മറ്റാരുടെയും പേര് പറഞ്ഞാല്‍ എനിക്ക് അറിയില്ല. ഇങ്ങനെയൊരു തള്ളയെ കൊണ്ടുവന്നിട്ട് അതിനെ സംരക്ഷിക്കണം, എന്ന മനോഭാവം ഉണ്ടെങ്കില്‍ ഒന്നല്ല, ഒരു നൂറു സിനിമയില്‍ വരെ ഒരു കൈ നോക്കാമെന്നായിരുന്നു, ഇനി അവസരം കിട്ടിയാല്‍ അഭിനയിക്കുമോയെന്ന ചോദ്യത്തിന് അമ്മാമ്മയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി.

നല്ല കാലമൊക്കെ കഴിഞ്ഞെന്നായിരുന്നു വിചാരിച്ചത്. അപ്പോഴാണ് ഈ സിനിമ തന്നെ തേടിയെത്തിയത്. മമ്മൂട്ടിയെ ഒരുപാട് ഇഷ്ടമാ. പഴയ സിനിമകളെല്ലാം തേടിപിടിച്ച് യൂട്യൂബില്‍ കാണും. കൂടെ ചെറിയൊരു കഥാപാത്രമെങ്കിലും അഭിനയിക്കാന്‍ പറ്റുമോയെന്ന് അറിയില്ലെന്നും അതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹമെന്നും അമ്മാമ്മ കൂട്ടിച്ചേര്‍ക്കുന്നു.

ഞാന്‍ ഭയങ്കര ഹാപ്പിയാ!

തൃശൂര്‍ കയ്പറമ്പ് വീട്ടില്‍ കൊച്ചുമോനും പെങ്ങളും അവരുടെ അമ്മയും ഉള്‍പ്പെടെ നാലുപേരുണ്ട്. മകള്‍ പഞ്ചമി, റിയോണും റോമിയും കൊച്ചുമക്കള്‍. ഭര്‍ത്താവ് പരേതനായ താരാ ജോസ്. പ്രായം 76 ആയെങ്കിലും കൊച്ചുമകന്‍ റിയോണിന്റെ വെള്ളേപ്പം ബിസിനസ്സില്‍ സ്ഥിരം സഹായിയാണ് അമ്മാമ്മ. ചെറിയ ജനകീയം ഹോട്ടല്‍ നടത്തുന്നുണ്ട്. നടക്കാന്‍ വയ്യെങ്കിലും എപ്പോഴും എനിക്ക് എന്തെങ്കിലും എടുത്ത് നടക്കണം, വെറുതെ ഇരിക്കാന്‍ ഇഷ്ടമല്ല. മുമ്പ് റീലുകള്‍ കണ്ട് പലരും കുറ്റം പറഞ്ഞിരുന്നു. ഇന്നവരെല്ലാം എന്നെ പ്രശംസിക്കുന്നു. നാട്ടിലെ സ്വീകരണവും ഇന്റര്‍വ്യൂവും ഒക്കെയായി ഇപ്പോള്‍ തിരക്കിലാണ്. ഇനി എന്തൂട്ട് വേണം... ഏറെ ഹാപ്പിയാ. -അമ്മാമ്മ പറഞ്ഞു നിര്‍ത്തി.

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - അഭിരാമി ഒതയോത്ത്

contributor

Similar News