കോണ്‍ഗ്രസ് സ്ഥാനാർഥി സാധ്യതാ പട്ടികയില്‍ മുസ്‍ലിം പ്രാതിനിധ്യം കുറവ്

കഴിഞ്ഞ തവണ മത്സരിച്ചിരുന്ന എം എം ഹസന്‍, എം എ വാഹിദ്, വർക്കല കഹാർ, സി പി മുഹമ്മദ് എന്നീ പ്രധാന നേതാക്കള്‍ക്ക് ഇത്തവണ സീറ്റില്ല.

Update: 2021-03-13 16:06 GMT

2016ലെ സ്ഥാനാർഥി പട്ടിക അപേക്ഷിച്ച് ഇത്തവണ കോണ്‍ഗ്രസില്‍ മുസ്‍ലിം സ്ഥാനാർഥികള്‍ കുറവായിരിക്കുമെന്നാണ് സാധ്യതാ പട്ടിക നല്‍കുന്ന സൂചന. കഴിഞ്ഞ തവണ മത്സരിച്ചിരുന്ന എം എം ഹസന്‍, എം എ വാഹിദ്, വർക്കല കഹാർ, സി പി മുഹമ്മദ് എന്നീ പ്രധാന നേതാക്കള്‍ക്ക് ഇത്തവണ സീറ്റില്ല. രാഹുല്‍ ഗാന്ധിക്കായി വയനാട് പാർലമെന്‍റ് സീറ്റ് ഒഴിയേണ്ടി വന്ന ടി സിദ്ധീഖിന്‍റെ പേര് കല്‍പറ്റയില്‍ പരിഗണിച്ചെങ്കിലും ക്രിസ്ത്യന്‍ സഭയുടെ എതിർപ്പ് തിരിച്ചടിയായി. ഷാഫി പറമ്പില്‍, ഷാനിമോള്‍ ഉസ്മാന്‍, അന്‍വർ സാദത്ത്, ബി ആർ എം ഷഫീർ, പി എം നിയാസ് എന്നിവർ മാത്രമാണ് നിലവില്‍ സീറ്റ് ഉറപ്പിച്ചവർ.

Advertising
Advertising

വിജയ സാധ്യതയുള്ള തിരുവന്തപുരം നെടുമങ്ങാട് പരിഗണിച്ചിരുന്ന യുവ നേതാവ് ബി ആർ എം ഷഫീറിനെ ഇപ്പോള്‍ വിജയ സാധ്യതയില്ലാത്ത വർക്കലയിലാണ് പരിഗണിക്കുന്നത്. മലപ്പുറത്ത് കോണ്‍ഗ്രസ് മത്സരിക്കുന്ന 4 സീറ്റില്‍ 2 സീറ്റില്‍ മുസ്‍ലിംകളെ പരിഗണിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ യുഡിഎഫ് സ്വതന്ത്രനായി എത്തുന്ന ഫിറോസ് കുന്നംപറമ്പിലിലൊതുങ്ങും മുസ്‍ലിം പ്രാതിനിധ്യം. ആര്യാടന്മാർ മത്സരിച്ചിരുന്ന നിലമ്പൂരില്‍ വി വി പ്രകാശാണ് സ്ഥാനാർഥിയാവുക. സിപിഎം സ്ഥാനാർഥി തർക്കത്തെ മുതലെടുക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടെങ്കിലും പൊന്നാനി സ്ഥാനാർഥി പരിഗണനയിലും മുസ്‍ലിം ഇല്ല.

എം എം ഹസന്‍, ടി സിദ്ധീഖ് തുടങ്ങി യുഡിഎഫിന് അധികാരം ലഭിച്ചാല്‍ മന്ത്രിസഭയില്‍ ഇടംപിടിക്കാന്‍ സാധ്യതയുള്ളവരെ ഒഴിവാക്കുന്ന സാഹചര്യത്തെ മുസ്‍ലിം സംഘടനകള്‍ ഗൗരവത്തോടെയാണ് കാണുന്നത്. വിജയ സാധ്യതയുള്ള സീറ്റുകൾ കയ്യടക്കുകയും പരാജയപ്പെടുന്ന സീറ്റുകളിൽ 'നോക്കുകുത്തികളാക്കി' പിന്നോക്കക്കാരനെ നിർത്തി പ്രാതിനിധ്യം ഒപ്പിക്കുകയും ചെയ്യുന്ന ചെപ്പടിവിദ്യ മതിയാക്കാൻ സമയമായിരിക്കുന്നുവെന്ന് സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ ഫേസ് ബുക്കില്‍ കുറിച്ചു. നിയമ നിർമ്മാണ സഭകളിൽ ഒരു കാലത്തും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം മുസ്‍ലിംകൾ ഉൾപ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങൾക്ക് ലഭിക്കാറില്ലെന്നും അദ്ദേഹം എഴുതി. തെരഞ്ഞെടുപ്പിന് നേതൃത്വം നൽകാൻ കോൺഗ്രസ് പാർട്ടി രൂപീകരിച്ച പത്തംഗ ഉന്നതാധികാര സമിതിയിൽ പോലും മുസ്‍ലിം പ്രാതിനിധ്യം ഇല്ലാത്തതും മുസ്തഫ മുണ്ടുപാറ ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടികയില്‍ മുസ്‍ലിം പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് മുസ്‍ലിം അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്.

വിവിധ ജില്ലകളിലെ മുസ്‍ലിം സ്ഥാനാർഥികളുടെ കണക്ക്

തിരുവനന്തപുരം

വർക്കലയില്‍ നിന്ന് വർക്കല കഹാറും കഴക്കൂട്ടത്ത് നിന്ന് എം എ വാഹിദുമായിരുന്നു 2016ലെ മുസ്‍ലിം സ്ഥാനാർഥികള്‍. ഇത്തവണ സാധ്യതാ പട്ടികയിലുള്ളത് ബി ആർ എം ഷഫീർ മാത്രമാണ്. വിജയ സാധ്യതയുള്ള നെടുമങ്ങാടാണ് ഷഫീറിനെ പരിഗണിച്ചതെങ്കിലും എ ഗ്രൂപ്പിലെ യുവനേതാവിനായി ഷഫീറിനെ വിജയ സാധ്യത കുറഞ്ഞ വർക്കലയിലേക്കാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. വർക്കലയില്‍ ഷഫീർ വരുന്നതിനെതിരെ എതിർപ്പും ഉയർന്നിട്ടുണ്ട്

കൊല്ലം

എം എം ഹസന്‍ ചടയമംഗലത്ത് നിന്ന് മത്സരിച്ചിരുന്നു. ഇത്തവണ ആരും സാധ്യതാ പട്ടികയിലില്ല

ആലപ്പുഴ

2016 ല്‍ സ്ഥാനാർഥികളായി ആരും ഇല്ലായിരുന്നെങ്കിലും ഉപതെരഞ്ഞെടുപ്പിലൂടെ ഷാനിമോള്‍ ഉസ്മാന്‍ വിജയിച്ചു. ഷാനിമോള്‍ ഇത്തവണയും മത്സരരംഗത്തുണ്ട്.

എറണാകുളം

ഒരു കാലത്ത് എം ഐ ഷാനവാസും ടി എച്ച് മുസ്തഫയും എ മുഹമ്മദാലിയും എല്ലാം മത്സരിക്കുകയും നിയമസഭയിലെത്തുകയും ചെയ്തിരുന്ന എറണാകുളത്ത് മുസ്ലിം പ്രാതിനിധ്യം ആലുവ മണ്ഡലത്തിലെ അന്‍വർ സാദത്തിലൊതുങ്ങി.

തൃശൂര്‍

മണലൂരില്‍ നിന്ന് ഒ അബ്ദുറഹ്മാന്‍കുട്ടി 2016ല്‍ മത്സരിച്ചിരുന്നു. ഇത്തവണ ആരും സാധ്യതാ പട്ടികയിലില്ല

പാലക്കാട്

ഷാഫി പറമ്പിലും സി പി മുഹമ്മദും ഷാനിമോള്‍ ഉസ്മാനും 2016 തെരഞ്ഞെടുപ്പില്‍ ജനവിധി തേടി. ഇത്തവണ ഷാഫി പറമ്പിലും കെ എസ് ബി എ തങ്ങളും ഫിറോസ് ബാബുവും ഉണ്ടായേക്കും.

മലപ്പുറം

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് തവനൂരിലും ഇഫ്തിഖറുദ്ദീനും ആയിരുന്നു മലപ്പുറത്തെ മുസ്‍ലിം സ്ഥാനാർഥികള്‍. ഇത്തവണ നിലമ്പൂരില്‍ ഡിസിസി പ്രസിഡന്‍റ് വി വി പ്രകാശാണ് സാധ്യതാ പട്ടികയില്‍. തവനൂരില്‍ സ്വതന്ത്ര സ്ഥാനാർഥിയായി ഫിറോസ് കുന്നംപറമ്പില്‍ മാത്രമാണ് സ്ഥാനാർഥി പട്ടികയിലുള്ളത്. വിജയസാധ്യതയുള്ള പൊന്നാനിയിലെ സാധ്യതാ പട്ടികയിലും മുസ്‍ലിം സ്ഥാനാർഥികളില്ല.

കോഴിക്കോട്

2016ല്‍ ടി സിദ്ധീഖ് കുന്ദമംഗലത്ത് നിന്നും ആദം മുല്‍സി ബേപ്പൂരില്‍ നിന്നും മത്സരിച്ചു. ഇത്തവണ ബേപ്പൂരില്‍ നിന്ന് പി എം നിയാസ് മാത്രമാണ് മുസ്‍ലിം പ്രാതിനിധ്യം.

കണ്ണൂര്‍

പയ്യന്നൂർ മണ്ഡലത്തില്‍ നിന്ന് സാജിദ് മൗവ്വല്‍ 2016ല്‍ മത്സരിച്ചു. ഇത്തവണ ആർക്കും സീറ്റ് സാധ്യയില്ല.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, കാസർകോട് ജില്ലകളില്‍ 2016 മുസ്‍ലിം സ്ഥാനാർഥികളില്ലായിരുന്നു. ഇത്തവണയും തല്‍സ്ഥിതി തുടരും.

Tags:    

Similar News