അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടിന് ചര‌ടു വലിച്ചത് ശക്തമായ അദൃശ്യ കരം: പരിക്കര്‍

Update: 2017-07-25 10:31 GMT
Editor : admin
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടിന് ചര‌ടു വലിച്ചത് ശക്തമായ അദൃശ്യ കരം: പരിക്കര്‍
Advertising

അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടിന് പിന്നില്‍ ചര‌ടു വലിച്ചത് ശക്തമായ ഒരു അദൃശ്യ കരമാണെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരിക്കര്‍.

അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടിന് പിന്നില്‍ ചര‌ടു വലിച്ചത് ശക്തമായ ഒരു അദൃശ്യ കരമാണെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരിക്കര്‍. തുടക്കം മുതല്‍ തന്നെ ആ അദൃശ്യകരത്തിന്റെ സ്വാധീനമുണ്ടായിരുന്നുവെന്നും മനോഹര്‍ പരിക്കര്‍ പറഞ്ഞു. ഇന്ത്യാ ‌ടുഡേ ഗ്രൂപ്പിന് നല്‍കിയ അഭിമുഖത്തിലാണ് മനോഹര്‍പരിക്കര്‍ ഇക്കാര്യം പറഞ്ഞത്. ഹെലികോപ്ടര്‍ ഇടപാടില്‍ മുന്‍ പ്രതിരോധമന്ത്രി എ.കെ.ആന്‍റണി അഴിമതി കാണിച്ചതായി കരുതുന്നില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് കോ‌ട്ടയത്ത് പറഞ്ഞു.

അഗസ്ത വെസ്റ്റ് ലാന്‍ഡ് ഇടപാടിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ച 2005 മുതല്‍ തന്നെ എല്ലാ ചര്‍ച്ചകളെയും അദൃശ്യവും ശക്തവുമായ ഒരു കരം സ്വാധീനിച്ചിരുന്നുവെന്നാണ് പ്രതിരോധമന്ത്രി മനോഹര്‍ പരിക്കര്‍ മാധ്യമ അഭിമുഖത്തില്‍ പരാമര്‍ശിച്ചത്. 3600 കോടിയുടെ കരാര്‍ 2010ല്‍ ഒപ്പുവെയ്ക്കുന്നതു വരെയും ആ അദൃശ്യ കരത്തിന്റെ സാന്നിദ്ധ്യവും സ്വാധീനവും ഇടപാടിനു പിറകിലുണ്ടായിരുന്നു. കരാര്‍ ഒരേ ഒരു കമ്പനിയ്ക്കു തന്നെ ലഭിയ്ക്കുന്ന രൂപത്തില്‍ മാറ്റിയെടുക്കുന്നതില്‍ ആ കരം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും മനോഹര്‍ പരിക്കര്‍ പറഞ്ഞു. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്നും അഴിമതി പുറത്തു വന്നിട്ടും കരാര്‍ റദ്ദാക്കാന്‍ രണ്ടു വര്‍ഷം വൈകിയെന്നും പാര്‍ലമെന്റിന്റെ ഇരു സഭകളിലും മനോഹര്‍ പരിക്കര്‍ ആരോപിച്ചിരുന്നു. അതിന് തൊട്ടു പിറകെയാണ് പുതിയ ആരോപണവുമായി പരിക്കര്‍ മാധ്യമ അഭിമുഖത്തില്‍ രംഗത്തു വന്നത്.

അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടില്‍ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കേന്ദ്രീകരിച്ച് ആക്രമിയ്ക്കാന്‍ ബി.ജെ.പി ശ്രമിയ്ക്കുന്നതിനിടെയാണ് പുതിയ നീക്കം. ഹെലികോപ്ടര്‍ ഇടപാടില്‍ മുന്‍ പ്രതിരോധമന്ത്രി എ കെ ആന്‍റണി അഴിമതി കാണിച്ചതായി കരുതുന്നില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്ങ് പറഞ്ഞു. എന്നാല്‍ അഴിമതിയ്ക്ക് കൂട്ടു നില്‍ക്കുന്നത് അഴിമതി നടത്തുന്നതു പോലെ തന്നെ കുറ്റകരമാണെന്നും വി.കെ.സിങ്ങ് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News