ഒരു കിലോ ഉള്ളിക്ക് അഞ്ച് പൈസ, പ്രതിഷേധവുമായി നാസികിലെ കര്‍ഷകര്‍

Update: 2017-08-22 20:06 GMT
Editor : Jaisy
ഒരു കിലോ ഉള്ളിക്ക് അഞ്ച് പൈസ, പ്രതിഷേധവുമായി നാസികിലെ കര്‍ഷകര്‍

ഉള്ളിയ്ക്ക് ഫിക്‌സഡ് മിനിമം സപ്പോര്‍ട്ട് പ്രൈസ് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ രംഗത്തെത്തിയിരിക്കുകയാണ്

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉള്ളി വിപണി കേന്ദ്രമായ നാസികിലെ കര്‍ഷകര്‍ ഉള്ളിക്ക് ന്യായവില പോലും കിട്ടാതെ വലയുന്നു. ഒരു കിലോ ഉള്ളിക്ക് അഞ്ചു പൈസ നിരക്കിലാണ് വില്‍ക്കേണ്ടി വരുന്നതെന്നും കര്‍ഷകര്‍ പറയുന്നു. ഉള്ളിയ്ക്ക് ഫിക്‌സഡ് മിനിമം സപ്പോര്‍ട്ട് പ്രൈസ് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന തലത്തില്‍ പ്രക്ഷോഭം നടത്തുമെന്നും കര്‍ഷകര്‍ മുന്നറിയിപ്പു നല്‍കി.

Advertising
Advertising

ഉള്ളിയുടെ ഉല്പാദനം കൂടിയതിനാല്‍ കിലോ ഉള്ളിയ്ക്ക് അഞ്ചു പൈസ മാത്രമാണ് തനിക്കു ലഭിച്ചതെന്ന് നാസിക് ജില്ലയില്‍ നിന്നുള്ള സുധാകര്‍ ദരാദെയെന്ന കര്‍ഷകന്‍ പറയുന്നു. കാര്‍ഷികോല്‍പന്ന വിപണന കമ്മിറ്റിയില്‍ (എ.പി.എം.സി) ഒരു ക്വിന്റല്‍ ഉള്ളിക്ക് അഞ്ചുരൂപ മാത്രമാണ് ലഭിച്ചത്. ഉള്ളി വിപണിയിലത്തെിക്കാനുള്ള വാഹനക്കൂലി 780 രൂപയായി. എന്നാല്‍, 13 ക്വിന്റലിന് 65 രൂപ മാത്രമാണ് വിലയിട്ടത്. ഇതില്‍ പ്രതിഷേധിച്ച് മുഴുവന്‍ ഉള്ളിയും തിരികെ പാടത്ത് തള്ളിയെന്നും ദരാദെ പറഞ്ഞു.

ആവശ്യത്തിലധികം ഉള്ളി വിപണിയിലെത്തുന്നതാണ് വില കുറയാന്‍ കാരണമെന്ന് അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ മാര്‍ക്കറ്റ് കമ്മിറ്റി ചെയര്‍മാന്‍ നാനാസാഹബ് പട്ടേല്‍ പറയുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കും. ഉള്ളിയുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ തുക ലഭിക്കാന്‍ സഹായകരമാകുമെന്നും അവര്‍ പറഞ്ഞു.

ഉള്ളിയുടെ ആവശ്യത്തിലധികം എത്തിയതോടെ നല്ല ഗുണമേന്മയുള്ള ഉള്ളിമാത്രം വാങ്ങുന്ന അവസ്ഥയുമുണ്ടായി. അതുകൊണ്ടുതന്നെ ഗുണമേന്മ കുറഞ്ഞ ഉള്ളികള്‍ക്ക് കിലോയ്ക്ക് അഞ്ചുപൈസ മുതല്‍ രണ്ടു രൂപവരെയായെന്നും അദ്ദേഹം പറയുന്നു.

ഉല്‍പാദന ചെലവിനെക്കാള്‍ കുറഞ്ഞ വിലയാണ് വിപണിയില്‍ ലഭിക്കുന്നതെന്നും കര്‍ഷകര്‍ക്ക് സഹായകമായരീതിയില്‍ ഉള്ളിവില ക്വിന്റലിന് 2000 രൂപയായി ഉയര്‍ത്തണമെന്നും എന്‍.സി.പി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഉള്ളിയുടെ കുറഞ്ഞ വിലയില്‍ എന്‍സിപി ജില്ലയിലെ താലൂക്ക് ഓഫീസുകളുടെ മുറ്റത്ത് ഉള്ളി കൊണ്ടിട്ടു പ്രതിഷേധിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News