ജഡ്ജിമാരുടെ നിയമനം: പ്രധാനമന്ത്രിയുടെ മൌനത്തെ വിമര്‍ശിച്ച് സുപ്രിം കോടതി ചീഫ് ജസ്റ്റിസ്
'ജഡ്ജിമാരുടെ നിയമനങ്ങള്‍ വൈകുമ്പോള്‍ ജനങ്ങള്‍ക്ക് കിട്ടേണ്ട നീതിയും വൈകും'
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍. ജഡ്ജിമാരുടെ നിയമനങ്ങള്‍ വൈകുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി മൌനം പാലിക്കുകയാണെന്നും, സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിലെങ്കിലും അദ്ദേഹം ഇക്കാര്യം പരാമര്‍ശിക്കണമായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രിം കോടതിയില്‍ നടത്തിയ സ്വതന്ത്ര്യദിന പ്രസംഗത്തിലാണ് ടിഎസ് താക്കൂര്‍ വിമര്‍ശം ഉയര്‍ത്തിയത്.
സുപ്രിം കോടതിയിലെയും, ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനങ്ങളുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയും കേന്ദ്ര സര്‍ക്കാരും കഴിഞ്ഞ ഏതാനും മാസങ്ങളായി കടുത്ത അഭിപ്രായ ഭിന്നതയിലാണ്. ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന കൊളീജിയം സംവിധാനം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ടാരംഭിച്ച തര്‍ക്കം കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ജഡ്ജിമാരുടെ നിയമനങ്ങള്‍ നടക്കാത്തതിന് ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണെന്നും, എട്ട് മാസം മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൊളീജിയം അയച്ച പേരുകള്‍ പോലും കേന്ദ്രം തടഞ്ഞ് വെച്ചിരിക്കുകയാണെന്നും ഇതുമയി ബന്ധപ്പെട്ട ഒരു ഹരജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രധാനമന്ത്രിക്ക് പരോക്ഷ വിമര്‍ശവുമായി ചീഫ് ജസ്റ്റിസ് രംഗത്തെത്തിയിരിക്കുന്നത്.
സ്വതന്ത്ര്യ ദിന പ്രഭാഷണത്തിലെങ്കിലും പ്രധാനമന്ത്രി ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് പ്രതികരിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചതായി അദ്ദേഹം പറഞ്ഞു. ദേശ സ്നേഹിയായ പ്രധാനമന്ത്രിയുടെയും നിയമമന്ത്രിയുടെയും പ്രഭാഷണങ്ങള്‍ ഞാന്‍ കേട്ടു. അതില്‍ നീതിയെക്കുറിച്ചും, ജഡ്ജിമാരുടെ നിയമനങ്ങളെക്കുറിച്ചുമൊക്കെ പറയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. ഇംഗ്ലീഷുകാരുടെ കാലത്ത് പത്ത് വര്‍ഷമൊക്കെ ഒരു കേസിലെ വിധി വരാന്‍ എടുക്കുമായിരുന്നു. ഇപ്പോള്‍ അതിലും കൂടുതല്‍ സമയം എടുക്കുന്നു. ഇത് വലിയൊരു പ്രശ്നമാണ് എന്നായിരുന്നു താക്കൂര്‍ പറഞ്ഞത്.
ചൂഷണത്തില്‍ നിന്നു മോചനം നേടുമ്പൊഴാണ് ജനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കുക. അതിന് ജനങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും, ജഡ്ജിമാരുടെ നിയമനങ്ങള്‍ വൈകുന്നത് ആ നീതിയെയാണ് വൈകിപ്പിക്കുന്നതെന്നും സുപ്രിം കോടതിയില്‍ നടത്തിയ സ്വാതന്ത്ര്യ ദിന പ്രഭാഷണത്തില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു.