'ധൈര്യമുണ്ടേല്‍ പാകിസ്താനിലേക്ക് ചാവേറുകളെ അയക്കൂ'; താക്കറെയെ വെല്ലുവിളിച്ച് എസ്‍പി

Update: 2018-01-03 10:23 GMT
Editor : Alwyn K Jose
'ധൈര്യമുണ്ടേല്‍ പാകിസ്താനിലേക്ക് ചാവേറുകളെ അയക്കൂ'; താക്കറെയെ വെല്ലുവിളിച്ച് എസ്‍പി
Advertising

ഇന്ത്യന്‍ വിസയില്‍ നിയമാനുസൃതമായി ഇന്ത്യയിലെത്തിയ പാകിസ്താന്‍ സ്വദേശികളെ നാടുകടത്തുന്നതിനു പകരം ലാഹോറിലേക്കും കറാച്ചിയിലേക്കും നിങ്ങളുടെ ചാവേര്‍ ബോംബര്‍മാരെ അയക്കാനാണ് രാജ് താക്കറെയോടുള്ള അബു ആസ്മിയുടെ വെല്ലുവിളി.

മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെയെ വെല്ലുവിളിച്ച് സമാജ്‍വാദി പാര്‍ട്ടി നേതാവ് അബു ആസ്മി. ഇന്ത്യന്‍ വിസയില്‍ നിയമാനുസൃതമായി ഇന്ത്യയിലെത്തിയ പാകിസ്താന്‍ സ്വദേശികളെ നാടുകടത്തുന്നതിനു പകരം ലാഹോറിലേക്കും കറാച്ചിയിലേക്കും നിങ്ങളുടെ ചാവേര്‍ ബോംബര്‍മാരെ അയക്കാനാണ് രാജ് താക്കറെയോടുള്ള അബു ആസ്മിയുടെ വെല്ലുവിളി. പാകിസ്താനില്‍ നിന്നെത്തിയ നടന്‍മാരോടും കലാകാരന്‍മാരോടും 48 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിട്ടുപോകണമെന്നും മറിച്ചാണെങ്കില്‍ അവരെ പിടിച്ചുപുറത്താക്കുമെന്നും മുന്നറിയിപ്പ് നല്‍കിയ രാജ് താക്കറെയുടെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അബു ആസ്മിയുടെ പ്രതികരണം. പാകിസ്താന്റെ തീവ്രവാദത്തോടു ഏറ്റുമുട്ടാന്‍ ധൈര്യമുണ്ടേല്‍ അവര്‍ ചെയ്യുന്നതു പോലെ കറാച്ചിയിലേക്കും ലാഹോറിലേക്കുമൊക്കെ ചാവേറുകളെ അയക്കാന്‍ താക്കറെ തയാറാകണം. അതല്ലാതെ നിയമവിധേയമായി ഇന്ത്യയിലെത്തിയവരെ വേട്ടയാടുകയല്ല ചെയ്യേണ്ടത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് എക്കാലവും എല്ലാവരെയും വിഡ്ഢിയാക്കാമെന്ന് കരുതരുതെന്നും അബു ആസ്മി പറഞ്ഞു. പാകിസ്താനിലേക്ക് ചാവേറുകളെ അയക്കാന്‍ നിങ്ങള്‍ക്ക് പേടിയുണ്ടെങ്കില്‍ മഹാരാഷ്ട്രയില്‍ തന്നെ വിവിധ മേഖലകളില്‍ സൈനികരെ നക്സലുകള്‍ വധിക്കുന്നുണ്ട്. നിങ്ങളുടെ പ്രവര്‍ത്തകരെ അവിടേക്ക് അയച്ച് നമ്മുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സഹായം നല്‍കാനെങ്കിലും ധൈര്യം കാണിക്കണമെന്നും അബു ആസ്മി പറഞ്ഞു. വാചകമടിയിലല്ല, പ്രായോഗികതയിലാണ് കാര്യമെന്ന് തെളിയിക്കാനും താക്കറെയെ അബു ആസ്മി വെല്ലുവിളിച്ചു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News