ബംഗാളില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി

Update: 2018-02-07 10:17 GMT
Editor : admin
ബംഗാളില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി
Advertising

ഒന്നു രണ്ടിടത്ത് ചെറിയ അക്രമ സംഭവങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ പൊതുവെ സമാധാനപരമായിരുന്നു വോട്ടെടുപ്പ്.

പശ്ചിമ ബംഗാള്‍ നിയമസഭയിലേക്കുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 80 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തിയതായാണ് അവസാന മണിക്കൂറുകളിലെ റിപ്പോര്‍ട്ടുകള്‍. ഒന്നു രണ്ടിടത്ത് ചെറിയ അക്രമ സംഭവങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ പൊതുവെ സമാധാനപരമായിരുന്നു വോട്ടെടുപ്പ്.

സൌത്ത് ട്വന്റി ഫോര്‍ പര്‍ഗാന, കൊല്‍ക്കത്ത സൌത്ത്, ഹൂഗ്ലി ജില്ലകളിലായി 53 മണ്ഡലങ്ങളിലേയ്ക്കാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയും നാരദാ ന്യൂസിന്റെ ഒളിക്യാമറാ അന്വേഷണത്തില്‍ കുടുങ്ങിയ തൃണമൂല്‍ നേതാക്കളുടെയും മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നു. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമായ സിംഗൂരിലും വോട്ടെടുപ്പ് പൂര്‍ത്തിയായി. രാവിലെ ഹുഗ്ലി ജില്ലയിലെ അരംബാഗില്‍ തൃണമൂല്‍ - സി.പി.എം സംഘട്ടനത്തെ തുടര്‍ന്ന് ഒരു സി.പി.എം പ്രവര്‍ത്തകന് പരിക്കേറ്റു. തൃണമൂല്‍ പ്രവര്‍ത്തകര്‍ ജനങ്ങളെ ഭീഷണിപ്പെടുത്തി വോട്ടു ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രശ്നങ്ങളുണ്ടായതെന്ന് സി.പി.എം ആരോപിച്ചു.

സംസ്ഥാന നഗരവികസന മന്ത്രിയും ഇന്ന് ജനവിധി തേടുന്ന തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായ ഫിരാദ് ഹക്കിം കൊല്‍ക്കത്തയിലെ ഗാര്‍ഡന്‌‍ റീച്ചിനെ മിനി പാകിസ്താന്‍ എന്ന് വിശേഷിപ്പിച്ചത് വോട്ടെടുപ്പ് ദിനത്തില്‍ വിവാദമായി. ഒരു പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകനോടാണ് ഫിരാദ് ഹക്കിം ഈ പരാമര്‍ശം നടത്തിയത്. തന്റെ വാക്കുകള്‍ വളച്ചൊടിയ്ക്കപ്പെട്ടതാണെന്ന് ഫിരാദ് ഹക്കിം പ്രതികരിച്ചു. ഇവയൊഴിച്ചു നിര്‍ത്തിയാല്‍ പൊതുവെ സമാധാനപരമായിരുന്നു അഞ്ചാം ഘട്ട വോട്ടെടുപ്പ്. ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് അഞ്ചാം ഘട്ടത്തിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News