ഉപരാഷ്ട്രപതിയായി വെങ്കയ്യനായിഡു സത്യപ്രതിജ്ഞ ചെയ്തു

Update: 2018-04-21 13:16 GMT
Editor : Subin
ഉപരാഷ്ട്രപതിയായി വെങ്കയ്യനായിഡു സത്യപ്രതിജ്ഞ ചെയ്തു
Advertising

ആര്‍എസ്എസ് നേതൃത്വവുമായി അടുത്തബന്ധം പുലര്‍ത്തുന്ന വെങ്കയ്യ ബിജെപിയിലെ മിതവാദിയായാണ് അറിയപ്പെടുന്നത്.

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി എം വെങ്കയ്യനായിഡു സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭയില്‍ രാവിലെ 10.30 ന് നടന്ന ചടങ്ങില്‍ രാഷ്ട്രപതി വെങ്കയ്യക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ. മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്. മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേന്ദ്ര നഗരവികസനകാര്യമന്ത്രി പദവി രാജിവെച്ചാണ് വെങ്കയ്യനായിഡു ഉപരാഷ്ട്രപദവിയിലേക്ക് മത്സരിച്ചത്.

സത്യപ്രതിജ്ഞക്ക് ശേഷം രാഷ്ട്രപതിഭവനിലും പാര്‍ലമെന്റിലും വെങ്കയ്യനായിഡുവിന് സ്വീകരണം നല്‍കും. 1949ല്‍ ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ജനിച്ച വെങ്കയ്യനായിഡു 1971 ല്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. 1977 ല്‍ ജനതപാര്‍ട്ടി യുവജനവിഭാഗം ആന്ധ്രാപ്രദേശ് സംസ്ഥാനപ്രസിഡണ്ട്. 1978 ലും 83 ലും ആന്ധ്രാപ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1985 ല്‍ ബിജെപി സംസ്ഥാനസെക്രട്ടറിയും 88 ല്‍ സംസ്ഥാനപ്രസിഡണ്ടുമായി.

അടിയന്തരാവസ്ഥക്കെതിരായ സമരത്തിലൂടെ ആന്ധ്രാപ്രദേശിലെ പ്രാദേശിക രാഷ്ട്രീയത്തില്‍ അവഗണിക്കാനാവാത്ത നേതാവായി വളര്‍ന്നു. 1993 ല്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി. 1998 ല്‍ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക്. വാജ്‌പേയ് സര്‍ക്കാരില്‍ ഗ്രാമവികസനമന്ത്രി. 2002 2004 കാലയളവില്‍ ബിജെപി ദേശീയ അധ്യക്ഷന്‍. 2004ലും 2010 ലും കര്‍ണാടകയില്‍ നിന്ന് വീണ്ടുംരാജ്യസഭയിലേക്ക്. 2006 മുതല്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡിലും ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റിയിലും അംഗമായിരുന്നു.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ നഗര വികസനകാര്യവും വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയത്തിന്റെയും ചുമതലക്കാരനായി. 2016 ജൂണില്‍ രാജസ്ഥാനില്‍ നിന്ന് വീണ്ടും രാജ്യസഭയിലെത്തി. ആര്‍എസ്എസ് നേതൃത്വവുമായി അടുത്തബന്ധം പുലര്‍ത്തുന്ന വെങ്കയ്യ ബിജെപിയിലെ മിതവാദിയായാണ് അറിയപ്പെടുന്നത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News