അഗസ്ത വെസ്റ്റ് ലാന്‍ഡ്: പാര്‍ലമെന്റില്‍ ഇന്ന് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന

Update: 2018-04-21 01:44 GMT
Editor : admin
അഗസ്ത വെസ്റ്റ് ലാന്‍ഡ്: പാര്‍ലമെന്റില്‍ ഇന്ന് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന
Advertising

യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് എല്ലാ ഇടപാടുകളും നടന്നതെന്ന നിലപാട് പാര്‍ലമെന്റില്‍ രേഖകളുടെ പിന്‍ബലത്തോടെ ആവര്‍ത്തിയ്ക്കുകയാവും മനോഹര്‍ പരീക്കര്‍ ചെയ്യുക

അഗസ്ത വെസ്റ്റ് ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പാര്‍ലമെന്റില്‍ ഇന്ന് പ്രസ്താവന നടത്തും. അഗസ്ത വെസ്റ്റ് ലാന്‍ഡ് ഇടപാട് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നല്‍കിയ നോട്ടീസ് ഇരു സഭകളിലും പരിഗണിയ്ക്കും. എ.കെ.ആന്റണിയ്ക്ക് ഇടപാട് സംബന്ധിച്ച കാര്യങ്ങള്‍ അറിയാമായിരുന്നുവെന്നും ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പാര്‍ലമെന്റില്‍ വെയ്ക്കുമെന്നും മനോഹര്‍ പരിക്കര്‍ നേരത്തെ പ്രസ്താവിച്ചിരുന്നു.

അഗസ്ത വെസ്റ്റ് ലാന്‍ഡ് അഴിമതിക്കേസില്‍ കോണ്‍ഗ്രസിനെ രാഷ്ട്രീയമായി സമ്മര്‍ദ്ദത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി പാര്‍ലമെന്റിന്റെ ഇരുസഭകളിലും നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ വിഷയം ചര്‍ച്ചയ്ക്കെടുക്കുന്നതിനു മുന്‍പായി സോണിയാഗാന്ധിയ്ക്കും രാഹല്‍ ഗാന്ധിയ്ക്കും എതിരായി ബി.ജെ.പി ആരോപണം ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ട്.

മുന്‍പ്രതിരോധമന്ത്രി എ.കെ.ആന്റണിയ്ക്ക് ഇടപാടിന്റെ എല്ലാ വിവരങ്ങളും അറിയാമായിരുന്നവെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരിക്കര്‍ നേരത്തെ ആരോപിച്ചിട്ടുണ്ട്. അതായത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ആളുകള്‍ ഇപ്പോള്‍ ആരോപണത്തിന്റെ നിഴലിലാണ്.

ഇനി പാര്‍ലമെന്റിന്റെ ഇരു സഭകളിലും ചര്‍ച്ച ഉയരുമ്പോള്‍ ഉന്നത നേതാക്കള്‍ക്കെതിരായ ആരോപണത്തിനെതിരെ പ്രതിരോധം തീര്‍ക്കുന്നതില്‍ കോണ്‍ഗ്രസിന് ശ്രദ്ധ കേന്ദ്രീകരിയ്ക്കേണ്ടി വരും. ഇടപാടിനെക്കുറിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമെന്നും രേഖകള്‍ മേശപ്പുറത്ത് വെയ്ക്കുമെന്നും പ്രതിരോധമന്ത്രി മനോഹര്‍ പരിക്കര്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് എല്ലാ ഇടപാടുകളും നടന്നതെന്ന നിലപാട് പാര്‍ലമെന്റില്‍ രേഖകളുടെ പിന്‍ബലത്തോടെ ആവര്‍ത്തിയ്ക്കുകയാവും മനോഹര്‍ പരീക്കര്‍ ചെയ്യുക.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News