നാല് വര്‍ഷത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്കില്ലാത്ത സംഭാവന 384 കോടി രൂപ

Update: 2018-04-26 15:51 GMT
Editor : Subin
നാല് വര്‍ഷത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്കില്ലാത്ത സംഭാവന 384 കോടി രൂപ
Advertising

ഏറ്റവും കൂടുതല്‍ കോര്‍പറേറ്റ് സംഭാവന ലഭിച്ച ദേശീയ പാര്‍ട്ടി ബിജെപിയാണ്(705.81 കോടിരൂപ). കോണ്‍ഗ്രസിന് 198 കോടി രൂപ മാത്രമാണ് കോര്‍പറേറ്റ് സംഭാവനയായി ലഭിച്ചത്...

കഴിഞ്ഞ നാല് വര്‍ഷത്തിനിട രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ വലിയ തോതില്‍ ഉറവിടം വെളിപ്പെടുത്താത്ത പണം സംഭാവനയായി സ്വീകരിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇക്കാലത്ത് ലഭിച്ച മൂവായിരത്തോളം സംഭാവനകളാണ് പാന്‍ കാര്‍ഡ് വിവരങ്ങളോ വിലാസമോ ഇല്ലാത്തതായുള്ളത്. ഡല്‍ഹി ആസ്ഥാനമായുള്ള അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റ് റൈറ്റ്‌സ് (എഡിആര്‍) എന്ന സംഘടനയാണ് ഈ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

20000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകളെക്കുറിച്ച് പ്രതിവര്‍ഷം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വിവരങ്ങള്‍ നല്‍കണമെന്ന് നിയമമുണ്ട്. ഇതനുസരിച്ച് നല്‍കിയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. 2012-16 കാലത്തെ 1933 സംഭാവനകളില്‍ നിന്നും ലഭിച്ച 384 കോടി രൂപയ്ക്കാണ് കണക്കില്ലാത്തത്. ഇതേ കാലയളവില്‍ ലഭിച്ച 1546 സംഭാവനകളില്‍ നിന്നായി 355 കോടി രൂപക്ക് കൃത്യമായ രേഖകളുണ്ട്.

കണക്കില്ലാത്ത പണം കൂടുതലുള്ളത് ബിജെപിയുടെ പേരിലാണ്, 159 കോടിരൂപ. പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ സ്വീകരിക്കുന്ന ഭൂരിഭാഗം സംഭാവനയും ഉറവിടം വ്യക്തമാക്കാത്ത മേഖലയില്‍ നിന്നുള്ളതാണെന്നും എഡിആര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതേ കാലയളവില്‍ വന്‍കിടകോര്‍പ്പറേറ്റുകളില്‍ നിന്നും 956.77 കോടി രൂപയാണ് ദേശീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. രേഖയുള്ള സംഭാവനകളില്‍ 89 ശതമാനം വരുമിത്.

ഏറ്റവും കൂടുതല്‍ കോര്‍പറേറ്റ് സംഭാവന ലഭിച്ച ദേശീയ പാര്‍ട്ടി ബിജെപിയാണ്(705.81 കോടിരൂപ). കോണ്‍ഗ്രസിന് 198 കോടി രൂപ മാത്രമാണ് കോര്‍പറേറ്റ് സംഭാവനയായി ലഭിച്ചത്. ആകെ ലഭിച്ച സംഭാവനയില്‍ കോര്‍പറേറ്റ് സംഭാവനകളുടെ ശതമാനം ഏറ്റവും കുറവുള്ളത് സിപിഐക്കും(4) സിപിഎമ്മിനുമാണ്(14).

കഴിഞ്ഞ ദശാബ്ദത്തില്‍ കോണ്‍ഗ്രസിന് ലഭിച്ച സംഭാവനയില്‍ 3323.39 കോടിരൂപ(65%) കണക്കില്ലാത്ത പണമാണ്. ബിജെപിയുടെ കണക്കില്ലാത്ത പണം ഇതേ കാലയളവില്‍ 2125.91 കോടി രൂപവരും. 20000 രൂപക്ക് മുകളില്‍ ചെക്ക് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന സ്വീകരിച്ചാല്‍ നികുതിയടക്കണമെന്നാണ് ചട്ടം. 20000 രൂപയില്‍ കുറവ് സംഭാവന നല്‍കുന്നവരുടെ വിവരങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ സൂക്ഷിക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയിലെ കണക്കില്ലാത്ത പണം കാണിക്കുന്നത് ബ്ലാക്ക് മണി വെളുപ്പിക്കാന്‍ പലരും രാഷ്ട്രീയ പാര്‍ട്ടികളെ ഉപയോഗിക്കുന്നുവെന്നാണ് ഉന്നയിക്കപ്പെടുന്ന പ്രധാന വിമര്‍ശം.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News