ഗോരക്ഷയുടെ പേരില്‍ അക്രമം: കര്‍ശന നടപടിയെടുക്കണമെന്ന് സുപ്രീംകോടതി

Update: 2018-05-03 17:42 GMT
Editor : Sithara
ഗോരക്ഷയുടെ പേരില്‍ അക്രമം: കര്‍ശന നടപടിയെടുക്കണമെന്ന് സുപ്രീംകോടതി
Advertising

ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി.

ഗോ രക്ഷയുടെ പേരിൽ നടത്തുന്ന അതിക്രമങ്ങൾ നടത്തുന്ന സംഘടനകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി. അക്രമികൾക്കെതിരെ ഉടൻ നടപടിയെടുക്കാൻ ജില്ലാ തലങ്ങളിൽ ഉന്നത ഉദ്യോഗസ്ഥനെ നോഡൽ ഓഫീസറായി നിയോഗിക്കണം. ഹൈവേകളിൽ പട്രോളിംഗ് ശക്തമാക്കാനും കോടതി ഉത്തരവിട്ടു.

Full View

ഗോ രക്ഷയുടെ പേരിൽ നിയമം കയ്യിലെടുക്കുന്ന സംഘടനകളെ നിരോധിക്കണമെന്നും അക്രമകാരികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹരജികളിലാണ് കോടതിയുടെ ഉത്തരവ്. പ്രധാനമായും രണ്ട് നിർദേശങ്ങളാണ് സുപ്രീംകോടതി സംസ്ഥാനങ്ങൾക്ക് നൽകിയത്. ഒന്ന് എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ തലങ്ങളിൽ നോഡൽ ഓഫീസർമാരെ നിയോഗിക്കണം. എസ്പി അല്ലെങ്കിൽ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോസ്ഥരെ ഒരാഴ്ചക്കുള്ളിൽ നോഡൽ ഓഫീസർ സ്ഥാനത്തേക്ക് നിയമിക്കണം. ഗോ രക്ഷയുടെ പേരിൽ എന്തെങ്കിലും അക്രമങ്ങൾ നടന്നാൽ നിയമപരമായ നടപടികൾ കുറ്റവാളികൾക്കെതിരെ സ്വീകരിക്കേണ്ട ഉത്തരവാദിത്വവും അക്രമങ്ങൾ മുൻകൂട്ടി കണ്ട് നടപടിയെടുക്കേണ്ട ചുമതലയും ഈ ഓഫീസർക്കായിരിക്കുമെന്ന് കോടതി വ്യക്തമാക്കി.

ഗോ രക്ഷയുടെ മറവിൽ നടന്ന നിരവധി അക്രമ സംഭവങ്ങളിൽ പൊലീസ് എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന ഹരജിക്കാരുടെ വാദം കണക്കിലെടുത്താണ് കോടതിയുടെ ഈ നിർദേശം. ദേശീയ, സംസ്ഥാന പാതകൾ കേന്ദ്രീകരിച്ചാണ് ഗോരക്ഷകരുടെ അതിക്രമങ്ങൾ കൂടുതലായും നടക്കുന്നതെന്ന യാഥാർത്ഥ്യം കണക്കിലെടുത്ത് ഹൈവേകളിൽ പെട്രോളിംഗ് ശക്തമാക്കണമെന്നതാണ് രണ്ടാമത്തെ നിർദേശം. നിർദേശങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിമാർ ഡിജിപിമാരുമായി ചർച്ച നടത്തണം. തുടർന്ന് ചീഫ് സെക്രട്ടറിമാർ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു.

ഗോ രക്ഷയുടെ പേരിലുള്ള അക്രമങ്ങൾ തടയാൻ എന്ത് നടപടികൾ സ്വീകരിച്ചു എന്ന് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോടും കോടതി ആവശ്യപ്പെട്ടു. വിഷയത്തിൽ ആർട്ടിക്കിൾ 256 പ്രകാരം സംസ്ഥാന സർക്കാരുകൾക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ നിലപാടറിയിക്കാനും കേന്ദ്രത്തോട് നിർദേശിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News