നോട്ട് നിരോധത്തില്‍ സ്തംഭിച്ച് രാജ്യം

Update: 2018-05-04 07:13 GMT
നോട്ട് നിരോധത്തില്‍ സ്തംഭിച്ച് രാജ്യം

ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ മിക്ക എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നില്ല

നോട്ട് നിരോധം അഞ്ചാം ദിവസവത്തിലേക്ക് കടന്നതോടെ രാജ്യം സ്ഥംഭനാവസ്ഥയിലേക്ക്. ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍ പറയുമ്പോഴും പ്രാഥമികാവശ്യങ്ങള്‍ നിരവേറ്റാന്‍ ജനങ്ങള്‍ക്കാകുന്നില്ല. ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ മിക്ക എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നില്ല. കാര്യങ്ങള്‍ വഷളാകുമെന്നായതോടെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി അടിയന്തര ഉന്നതതല യോഗം വിളിച്ചു.

അവധിദിനം കൂടിയായ ഇന്ന് ബാങ്കുകള്‍ക്ക് മുന്നില്‍ പതിവിലും വലിയ ജനക്കൂട്ടമാണ് ദൃശ്യമായത്. കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനത്തോടുള്ള അടങ്ങാത്ത അമര്‍ഷം ആരും മറച്ച് വച്ചില്ല. നിലവില്‍ 2000 ത്തിന്‍റെയും 100 ന്‍റെയും 20 ന്‍റെയും 10 ന്‍റെയും നോട്ടുകളും നാണയങ്ങളുമാണ് ബാങ്കില്‍‌ നിന്നും ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ പുതിയ 500 ന്‍റെ നോട്ട് കൂടി ഉടന്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നാസികിലെ കറന്‍സി നോട്ട് അച്ചടി കേന്ദ്രത്തില്‍ നിന്ന് 500 ന്‍റെ 50 ലക്ഷം നോട്ടുകള്‍ റിസര്‍വ്വ് ബാങ്കിലേക്ക് അയച്ചതായി അധികൃതര്‍ അറിയിച്ചു.

ആശങ്ക വേണ്ടന്നും ബാങ്കില്‍ ആവശ്യത്തിന് പണമുണ്ടെന്നും റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ വെറും വാക്ക് മാത്രമാകുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ ആക്ഷേപം. രാജ്യത്തെ കള്ളപ്പണം ബിജെപി ഏജന്‍റുമാരിലേക്ക് എത്തിക്കാനുള്ള വന്‍ അഴിമതിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പറഞ്ഞു.

Tags:    

Similar News