റോബര്‍ട്ട് വാദ്രക്ക് വിവാദ ആയുധ ഇടനിലക്കാരന്‍ സന്‍ജയ് ബന്‍ധാരിയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്

Update: 2018-05-06 15:07 GMT
Editor : admin
റോബര്‍ട്ട് വാദ്രക്ക് വിവാദ ആയുധ ഇടനിലക്കാരന്‍ സന്‍ജയ് ബന്‍ധാരിയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്

പുതിയ ആരോപണം കൂടി വരുന്നതോടെ വാദ്ര വീണ്ടും കോണ്‍ഗ്രസിന് രാഷ്ട്രീയ തലവേദനയാവുകയാണ്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രക്ക് വിവാദആയുധ ഇടനിലക്കാരന്‍ സഞ്ജയ് ബന്‍ധാരിയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. സഞ്ജയ് ബന്‍ധാരിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിച്ചതായി സൂചന. ലണ്ടനില്‍ കോടികളുടെ വിലയുള്ള ബംഗ്ലാവ് വാദ്രക്ക് വേണ്ടി വാങ്ങിയത് സഞ്ജയ് ആണെന്നാണ് വിവരം.

2008ല്‍ ഒരു ലക്ഷം രൂപയുടെ മൂലധനത്തില്‍ ഓഫ്സെറ്റ് ഇന്ത്യ സൊല്യൂഷന്‍ എന്ന കമ്പനി ആരംഭിച്ച് വര്‍ഷങ്ങള്‍ക്കകം, ശതകോടികളുടെ ആസ്ഥിക്കുടമയായ വ്യക്തിയാണ് സഞ്ജയ് ബന്‍ധാരി. ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്ത കേസില്‍ 2015ല്‍ അറസ്റ്റിലായ ബന്‍ധാരി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Advertising
Advertising

കഴിഞ്ഞ ആറ് വര്‍ഷത്തെ സഞ്ജയ് ബന്‍ധാരിയുടെ വ്യാപാര ഇടപാടുകള്‍ മുഴുവന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണ വിധേയമാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സഞ്ജയുടെ ഉടമസ്ഥതയിലുള്ള 18 സ്ഥാപനങ്ങളില്‍ ഇ ഡി കഴിഞ്ഞയാഴ്ച നടത്തിയ റെയ്ഡിലാണ് റോബര്‍ട്ട് വാദ്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചതെന്നാണ് സൂചന.

2009ല്‍ റോബര്‍ട്ട് വാദ്രക്ക് വേണ്ടി സജ്ഞയ് ബന്‍ഡാര ലണ്ടനില്‍ 19 കോടി രൂപയുള്ള ബംഗ്ലാവ് വാങ്ങിയെന്ന വിവരമാണ് ഇ ഡിക്ക് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് റോബര്‍ട്ട് വാദ്രയും, അദ്ദേഹത്തിന്‍റെ സെക്രട്ടറി മനോജ് അറോറയും ബന്‍ധാരയുടെ ബന്ധു, ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സുമിത് ഛദ്ദയുമായി നടത്തിയ ഈമെയിലുകളാണ് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന് ലഭിച്ചത്. ലണ്ടനില്‍ ബംഗ്ലാവ് വാങ്ങിയത് റോബര്‍ട്ട് വാദ്രക്ക് വേണ്ടിയാണെന്ന ആരോപണത്തെ ചോദ്യം ചെയ്യലില്‍ ബന്‍ധാര നിഷേധിച്ചില്ലെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

ഹരിയാനയില്‍ ഡിഎല്‍എഫുമായി ചേര്‍ന്ന് നടത്തിയ ഭൂമിയിടപാടുകള്‍ക്ക് നിലവില്‍ റോബര്‍ട്ട് വാദ്ര അന്വേഷണം നേരിടുന്നുണ്ട്. പുതിയ ആരോപണം കൂടി വരുന്നതോടെ വാദ്ര വീണ്ടും കോണ്‍ഗ്രസിന് രാഷ്ട്രീയ തലവേദനയാവുകയാണ്

Tags:    

Writer - admin

contributor

Editor - admin

contributor

Similar News