ഭരണഘടനാ സംരക്ഷണത്തിന് രാജ്യവ്യാപക പ്രചാരണം നടത്തുമെന്ന് കോണ്‍ഗ്രസ്
ദലിത് - ആദിവാസി - പിന്നാക്ക വിഭാഗങ്ങള്‍ക്കും ഭരണഘടനക്കും എതിരായ ആക്രമണം ഉയര്‍ത്തിക്കാണിക്കുകയാണ് കാമ്പയിന്‍ കൊണ്ട് ലക്ഷ്യമിടുന്നത്.
ഭരണഘടനാ സംരക്ഷണത്തിന് രാജ്യവ്യാപകമായി പ്രചാരണം നടത്തുമെന്ന് കോണ്‍ഗ്രസ്. ഏപ്രില്‍ 23ന് കല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ രാജ്യവ്യാപക കാമ്പയിന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. ദലിത് - ആദിവാസി - പിന്നാക്ക വിഭാഗങ്ങള്‍ക്കും ഭരണഘടനക്കും എതിരായ ആക്രമണം ഉയര്‍ത്തിക്കാണിക്കുകയാണ് കാമ്പയിന്‍ കൊണ്ട് ലക്ഷ്യമിടുന്നത്.
കത്‍വ, ഉന്നാവോ പീഡനക്കേസുകളില്‍ ശക്തമായ പ്രതിഷേധം തുടരുന്ന കോണ്‍ഗ്രസ് രാജ്യ വ്യാപക കാമ്പയിനുമായി മുന്നോട്ട് പോകാനാണ് ഒരുങ്ങുന്നത്. ഭരണഘടന സംരക്ഷണ കാമ്പയിനാണ് രണ്ടാം ഘട്ടമായി നിശ്ചയിച്ചിരിക്കുന്നത്. ബിജെപി ഭരണത്തിന് കീഴില്‍ ഭരണഘടന ആക്രമണത്തിന് ഇരയായിരിക്കുന്നു, ദലിത് - ആദിവാസി - പിന്നോക്ക വിഭാഗക്കാര്‍ക്ക് സ്വൈര്യ ജീവിതം, വിദ്യാഭ്യാസം, ജോലി തുടങ്ങിയവ നിഷേധിക്കപ്പെടുന്നു എന്നിങ്ങനെയാണ് കോണ്‍ഗ്രസ് ആരോപണങ്ങള്‍.
ഈ സാഹചര്യത്തിലാണ് ഏപ്രില്‍ 23ന് ഭരണഘടന സംരക്ഷണ കാമ്പയിന്‍ ആരംഭിക്കാനൊരുങ്ങുന്നത്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും കാമ്പയിനില്‍ പങ്കുചേര്‍ന്നേക്കുമെന്നും സൂചനകളുണ്ട്. മോദി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് 29ന് രാം ലീല മൈതാനത്ത് മഹാറാലി നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ബാങ്കിങ് തട്ടിപ്പ്, റാഫേല്‍ ഇടപാട്, കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍, തൊഴിലില്ലായ്മ, സാമുദായിക സംഘര്‍ഷങ്ങള്‍ തുടങ്ങിയവ ഉയര്‍ത്തിക്കാണിച്ചാണ് മഹാറാലി. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുക കൂടിയാണ് മഹാറാലി കൊണ്ട് കോണ്‍ഗ്രസ് ഉദ്ദേശിച്ചിട്ടുള്ളത്.