കാര്‍ഷികകടം എഴുതിത്തള്ളും: ഗുജറാത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക

Update: 2018-05-17 22:43 GMT
Editor : Sithara
കാര്‍ഷികകടം എഴുതിത്തള്ളും: ഗുജറാത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക

തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 4000 രൂപ നല്‍കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം നല്‍കുന്നു

കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന വാഗ്ദാനവുമായി ഗുജറാത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക. തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 4000 രൂപ നല്‍കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം നല്‍കുന്നു. നിലവിലെ സംവരണനയത്തില്‍ മാറ്റംവരുത്തില്ലെന്നും കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക വ്യക്തമാക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്തെ കോണ്‍ഗ്രസിന്‍റെ കള്ളവാഗ്ദാനങ്ങള്‍ ഗുജറാത്തിലെ ജനം തള്ളിക്കളയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.

Advertising
Advertising

യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും വലിയ വാഗ്ദാനമാണ് കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക നല്‍കുന്നത്. കര്‍ഷക കടം എഴുതിതള്ളുമെന്നതിനൊപ്പം കാര്‍ഷികാവശ്യത്തിനായി 16 മണിക്കൂര്‍ വൈദ്യുതി നല്‍കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു. 25 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനായി 32000 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും. ഇതിനുപുറമെ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് 4000 രൂപ വീതം തൊഴിലില്ലായ്മ വേതനം നല്‍കും. സര്‍ക്കാര്‍ ജോലികളില്‍ കരാര്‍ വ്യവസ്ഥ അവസാനിപ്പിച്ച് കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തും. പട്ടേല്‍ വിഭാഗക്കാര്‍ക്ക് പഠനത്തിലും ജോലിയും തുല്യാവകാശം നല്‍കുമെന്നും നിലവിലെ സംവരണ സംവിധാനത്തില്‍ യാതൊരുവിധ മാറ്റം വരുത്തില്ലെന്നും കോണ്‍ഗ്രസ് ഉറപ്പ് നല്‍കുന്നു. പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 10 രൂപ കുറയ്ക്കുമെന്ന വാഗ്ദാനവും കോണ്‍ഗ്രസ് വോട്ടര്‍മാരുടെ മുന്നില്‍ വെക്കുന്നുണ്ട്.

അതേസമയം കോണ്‍ഗ്രസിന്‍റേത് പൊള്ളയായ വാഗ്ദാനങ്ങളാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കാലത്തെ ഇത്തരം കള്ളവാഗ്ദാനങ്ങള്‍ ഗുജറാത്തിലെ ജനങ്ങള്‍ തള്ളികളയുമെന്നും ഭാവനഗറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി പറഞ്ഞു. കോണ്‍ഗ്രസില്‍ ഔറംഗസീബ് രാജാണെന്നും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണത്തെ പരിഹസിച്ചുകൊണ്ട് മോദി പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News