വിജയ് മല്യയുടെ വാഗ്ദാനം ബാങ്കുകളുടെ കണ്‍സോര്‍ഷ്യം തള്ളി

Update: 2018-05-18 08:35 GMT
Editor : admin
വിജയ് മല്യയുടെ വാഗ്ദാനം ബാങ്കുകളുടെ കണ്‍സോര്‍ഷ്യം തള്ളി
Advertising

പതിനായിരം കോടിയോളം വരുന്ന കടബാദ്ധ്യതയില്‍ നാലായിരം കോടി രൂപ മാത്രം അടച്ചു തീര്‍ക്കാമെന്ന കിങ്ഫിഷര്‍ ഉടമ വിജയ്മല്യയുടെ വാഗ്ദാനം ബാങ്കുകളുടെ കണ്‍സോര്‍ഷ്യം തള്ളി

പതിനായിരം കോടിയോളം വരുന്ന കടബാദ്ധ്യതയില്‍ നാലായിരം കോടി രൂപ മാത്രം അടച്ചു തീര്‍ക്കാമെന്ന കിങ്ഫിഷര്‍ ഉടമ വിജയ്മല്യയുടെ വാഗ്ദാനം ബാങ്കുകളുടെ കണ്‍സോര്‍ഷ്യം തള്ളി. വിജയ് മല്യ വ്യക്തിപരമായി ബാങ്കുകളോട് ചര്‍ച്ച നടത്തണമെന്നും പര്യാപ്തമായ ഒരു തുക സുപ്രീം കോടതിയില്‍ കെട്ടിവെയ്ക്കണമെന്നും കണ്‍സോര്‍ഷ്യം ആവശ്യപ്പെട്ടു. കുടുംബാംഗങ്ങളുടെ അടക്കം സ്വത്ത് വിവരങ്ങള്‍ ഈ മാസം 21നകം അറിയിയ്ക്കണമെന്ന് മല്യയ്ക്ക് നിര്‍ദേശം നല്‍കിയ കോടതി കേസ് 26ലേയ്ക്ക് മാറ്റിവെച്ചു.

17 ബാങ്കുകളിലായുള്ള പതിനായിരം കോടിയോളമുള്ള കടബാദ്ധ്യതയില്‍ 4000 കോടി അടച്ചു തീര്‍ക്കാമെന്ന വാഗ്ദാനം കഴിഞ്ഞയാഴ്ചയാണ് വിജയ് മല്യ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിനെക്കുറിച്ചുള്ള നിലപാട് അറിയിയ്ക്കാന്‍ കോടതി ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മല്യയുടെ വാഗ്ദാനം സ്വീകാര്യമല്ലെന്ന് ബാങ്കുകള്‍ കോടതിയെ അറിയിച്ചത്. വിജയ് മല്യയില്‍ നിന്ന് ഒരു പുതുക്കിയ വാഗ്ദാനം കഴിഞ്ഞ ദിവസം വൈകിട്ട് ലഭിച്ചുവെന്നും അത് സ്വീകാര്യമല്ലെന്നും ബാങ്കുകള്‍ കോടതിയെ അറിയിച്ചു. പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ മല്യ ആത്മാര്‍ത്ഥമായി ആഗ്രഹിയ്ക്കുന്നുവെങ്കില്‍ മല്യ ഇന്ത്യയിലുണ്ടാവണമെന്നും ബാങ്കുകളുമായി വ്യക്തിപരമായി ചര്‍ച്ച നടത്തണമെന്നും ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ആവശ്യപ്പെട്ടു. അതോടൊപ്പം പര്യാപ്തമായ ഒരു തുക സുപ്രീം കോടതിയില്‍ കെട്ടിവെയ്ക്കുകയും വേണം. പുതിയ വാഗ്ദാനം സമര്‍പ്പിയ്ക്കാന്‍ രണ്ടാഴ്ചത്തെ സമയം വിജയ് മല്യ ആവശ്യപ്പെട്ടു. തുടര്‍ന്ന് കുടുംബാംഗങ്ങളുടെയടക്കം സ്വത്തു വിവരങ്ങള്‍ പൂര്‍ണമായി ഈ മാസം 21നകം അറിയിയ്ക്കാന്‍ കോടതി ആവശ്യപ്പെട്ടു. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് 26 ലേയ്ക്ക് മാറ്റി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News