മോദി സര്‍ക്കാരിനെതിരെ രണ്ട് മഹാറാലികളുമായി കോണ്‍ഗ്രസ്

Update: 2018-05-19 17:21 GMT
Editor : Sithara
മോദി സര്‍ക്കാരിനെതിരെ രണ്ട് മഹാറാലികളുമായി കോണ്‍ഗ്രസ്

ഭരണഘടന സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ ടാല്‍ക്കത്തോറ സ്റ്റേഡിയത്തിലും മോദിയുടെ വാഗ്ദാന ലംഘനങ്ങള്‍ക്ക് എതിരെ 29ന് രാംലീല മൈതാനത്തുമാണ് റാലികള്‍ നടത്തുക

എല്ലാ മേഖലകളിലും കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് ആവര്‍ത്തിച്ച് ഒരാഴ്ചക്കിടെ കോണ്‍ഗ്രസ് നടത്താനിരിക്കുന്നത് രണ്ട് മഹാറാലികള്‍. ഭരണഘടന സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ ടാല്‍ക്കത്തോറ സ്റ്റേഡിയത്തിലും മോദിയുടെ വാഗ്ദാന ലംഘനങ്ങള്‍ക്ക് എതിരെ 29ന് രാംലീല മൈതാനത്തുമാണ് റാലികള്‍ നടത്തുക. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുക കൂടിയാണ് മഹാറാലികള്‍ കൊണ്ട് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്.

Advertising
Advertising

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം പൂർണമായും സ്തംഭിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ് റാലികൾ പ്രഖ്യാപിച്ചത്. രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി എല്ലാ മേഖലകളിലും സർക്കാർ പരാജയപ്പെട്ടിരിക്കുന്നു എന്ന പ്രഖ്യാപനമാണ് റാലികളിലൂടെ നടത്തുക. ബിജെപി ഭരണത്തിന് കീഴില്‍ ഭരണഘടന ആക്രമണത്തിന് ഇരയായിരിക്കുന്നു. ദലിത് - ആദിവാസി - പിന്നോക്ക വിഭാഗക്കാര്‍ക്ക് സ്വൈര്യജീവിതം, വിദ്യാഭ്യാസം, ജോലി തുടങ്ങിയവ നിഷേധിക്കപ്പെടുന്നു തുടങ്ങിയവ ഉയര്‍ത്തിക്കാട്ടിയാണ് നാളത്തെ റാലി. ടാല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ രാവിലെ 11 മണിക്ക് രാഹുല്‍ ഗാന്ധി റാലി ഉദ്ഘാടനം ചെയ്യും.

സ്ത്രീ സുരക്ഷ, തൊഴിലില്ലായ്മ, ബാങ്കിങ് തട്ടിപ്പ്, റാഫേല്‍ ഇടപാട്, കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍, സാമുദായിക സംഘര്‍ഷങ്ങള്‍ തുടങ്ങിയവയും മോദിയുടെ വാഗ്ദാന ലംഘനങ്ങള്‍ ഉയര്‍ത്തിക്കാണിച്ചുമാണ് 29ലെ രാം ലീല മൈതാനത്തെ റാലി. പൊതു പ്രശ്നങ്ങളോടുള്ള പ്രതികരണം ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സ്ത്രീ പീഡനങ്ങൾക്കെതിരെ ഇന്ത്യാ ഗേറ്റിൽ അര്‍ധരാത്രി നടത്തിയ മെഴുകുതിരി പ്രതിഷേധം വിജയമായതിന് പിന്നാലെയാണ് മഹാറാലികളിലേക്കുള്ള നീക്കം. സാമൂഹ്യ മാധ്യങ്ങളിലൂടെ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നടത്തിയ ആദ്യ പരിപാടി കൂടിയായിരുന്നു ഇന്ത്യാഗേറ്റിലേത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News