കത്‍വ, ഉന്നാവോ: അര്‍ധരാത്രിയില്‍ ഇന്ത്യാഗേറ്റില്‍ മെഴുകുതിരി മാര്‍ച്ച്

Update: 2018-05-23 05:16 GMT
കത്‍വ, ഉന്നാവോ: അര്‍ധരാത്രിയില്‍ ഇന്ത്യാഗേറ്റില്‍ മെഴുകുതിരി മാര്‍ച്ച്

ഇന്ത്യാ ഗേറ്റില്‍ അര്‍ധരാത്രി നടന്ന മെഴുകുതിരി പ്രതിഷേധത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കി

കത്‍വ, ഉന്നാവോ പീഡനങ്ങളില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. ഇന്ത്യാ ഗേറ്റില്‍ അര്‍ധരാത്രി നടന്ന മെഴുകുതിരി പ്രതിഷേധത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കി. പാര്‍ട്ടി പ്രവര്‍ത്തകരും വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമടക്കം നൂറുകണക്കിന് പേരാണ് ഇന്ത്യ ഗേറ്റിലെത്തിയത്.

Full View

കത്‍വ, ഉന്നാവോ സംഭവങ്ങളില്‍ പ്രതിഷേധിച്ച് അര്‍ധരാത്രിയില്‍ നടത്തുന്ന മെഴുകുതിരി മാര്‍ച്ചില്‍ പങ്കെടുക്കണമെന്ന് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തത് ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു. 11.30യോടെ എഐസിസി, ഡിപിസിസി ഓഫീസുകളില്‍ നിന്നും ഇന്ത്യ ഗേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചു. ഗുലാം നബി ആസാദ്, അശോക് ഗഹ്ലോട്ട്, അംബികാ സോണി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു എഐസിസിയില്‍ നിന്നുള്ള മാര്‍ച്ച്.

ഇന്ത്യ ഗേറ്റില്‍ നടന്ന മെഴുകുതിരി പ്രതിഷേധത്തിന് രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും കുടുംബവും എത്തിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി, പീഡനത്തിനിരയായവര്‍ക്കും കുടുംബത്തിനും സുരക്ഷയും നീതിയും ലഭ്യമാക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍. ബേട്ടി ബച്ചാവോ മുദ്രാവാക്യം ഉയര്‍ത്തിക്കാണിക്കുന്ന പ്രധാനമന്ത്രി വിഷയത്തില്‍ മൌനം വെടിയണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
പ്രതിഷേധ മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയാണ് ഇന്ത്യാഗേറ്റിലും പരിസരത്തും ഒരുക്കിയിരുന്നത്.

Tags:    

Similar News