ആണ്‍കുട്ടികളോട് സംസാരിച്ചതിന് പിതാവ് പതിനഞ്ചുകാരിയെ കൊലപ്പെടുത്തി

Update: 2018-05-25 00:14 GMT
Editor : Jaisy
ആണ്‍കുട്ടികളോട് സംസാരിച്ചതിന് പിതാവ് പതിനഞ്ചുകാരിയെ കൊലപ്പെടുത്തി
Advertising

ഹൈദരാബാദിലെ നാല്‍ഗോണ്ട ജില്ലയിലാണ് സംഭവം

ആണ്‍കുട്ടികളോട് സംസാരിച്ചതിനും സൌഹൃദം പുലര്‍ത്തിയതിനും പതിനഞ്ചുകാരിയെ പിതാവ് കൊലപ്പെടുത്തി. പി.രാധികയാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദിലെ നാല്‍ഗോണ്ട ജില്ലയിലാണ് സംഭവം.

ചിന്തപ്പള്ളി നിവാസികളും കര്‍ഷകരുമായ നരസിംഹയുടെയും ലിംഗമ്മയുടെയും മകളാണ് രാധിക. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുക്കിയായ രാധിക സ്കൂളില്‍ വളരെ ആക്ടീവായ വിദ്യാര്‍ഥിനി ആയിരുന്നു. പെണ്‍കുട്ടികളോടും ആണ്‍കുട്ടികളോടും ഒരു പോലെ സൌഹൃദം സൂക്ഷിച്ചിരുന്ന രാധികയ്ക്ക് സ്കൂളില്‍ വലിയൊരു സൌഹൃദവലയം തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും പിതാവ് നരസിംഹയ്ക്ക് ഇഷ്ടമുണ്ടായിരുന്നില്ല. മകളില്‍ വലിയ പ്രതീക്ഷയുള്ള അയാള്‍ ആണ്‍കുട്ടികളുമായി കൂട്ടുകൂടരുതെന്ന് രാധികയെ പലവട്ടം താക്കീത് ചെയ്തിരുന്നു. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞ് രാധിക അത് അവഗണിച്ചു. എന്നാല്‍ നരസിംഹ കൂടുതല്‍ കര്‍ക്കശക്കാരനാവുകയാണ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളിനടുത്തു വച്ച് ആണ്‍കുട്ടികളടങ്ങുന്ന കൂട്ടത്തോട് സംസാരിച്ചുകൊണ്ട് നിന്ന രാധികയെ നരസിംഹ കാണുകയും ദേഷ്യപ്പെടുകയും ചെയ്തു. ഉടന്‍ തന്നെ രാധികയെ വീട്ടിലേക്ക് കൊണ്ടുവന്ന് വഴക്കു പറയുകയും ചെയ്തു. രാധികയും പിതാവിനോട് കയര്‍ത്തു സംസാരിക്കുകയും ചെയ്തു. ഇതില്‍ രോഷാകുലനായ നരസിംഹ മകളുടെ തല ഭിത്തിയിലിടിക്കുകയും വയറില്‍ തൊഴിക്കുകയും ചെയ്തു. ഇതോടെ രാധിക അബോധാവസ്ഥയിലായി തറയില്‍ വീണു. മകള്‍ മരിച്ചുവെന്ന മനസിലായ നരസിംഹ ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ രാധികയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയും ചെയ്തു. നരസിംഹ ഭാര്യയോടും ഒന്നു പറഞ്ഞില്ല. എന്നാല്‍ വീട്ടില്‍ നിന്നും പുക വരുന്നത് കണ്ട് ഒരു അയല്‍വാസി കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.

മകള്‍ ആത്മഹത്യ ചെയ്തുവെന്നാണ് നരസിംഹയും ലിംഗമ്മയും പറഞ്ഞതെന്ന് ചിന്തപ്പിള്ളി സബ് ഇന്‍സ്പെക്ടര്‍ എം.നാഗഭൂഷന്‍ റാവു പറഞ്ഞു. എന്നാല്‍ ലിംഗമ്മയുടെ സഹായത്തോടെയാണ് നരസിംഹ രാധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. മാതാപിതാക്കള്‍ക്കെതിരെ കൊലപാതകത്തിനും തെളിവുകള്‍ നശിപ്പിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News