സ്വച്ഛ് ഭാരത് പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ച് സി എ ജി റിപ്പോര്‍ട്ട്

Update: 2018-05-26 09:01 GMT
Editor : admin
സ്വച്ഛ് ഭാരത് പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ച് സി എ ജി റിപ്പോര്‍ട്ട്
Advertising

സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി പുതുതായി കൊണ്ടുവന്ന ഉപകരണങ്ങളും യന്ത്രങ്ങളും സ്റ്റേഷന്‍ വൃത്തിയാക്കുന്നതില്‍ പരാജയമായിരുന്നു

റെയില്‍വേയില്‍ സ്വഛ്ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ശുചീകരണ പ്രവര്‍ത്തികളെ രൂക്ഷമായി വിമര്‍ശിച്ച് സിഎജി റിപ്പോര്‍ട്ട്. റെയില്‍വേ സ്റ്റേഷനുകളുടെയും, ട്രെയിനുകളുടെയും ശുചിത്വത്തിനായി പുതിയ ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങിയെങ്കിലും ശുചിത്വ പ്രശ്നം തുടരുന്നതായി സിഎ ജി കുറ്റപ്പെടുത്തി. റെയില്‍വേയിലെ സുരക്ഷാ പദ്ധതികള്‍ മന്ത്രിയുടെ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങിയെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.

കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടിലാണ് സിഎജി യുടെ രൂക്ഷ വിമര്‍ശങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിക്ക് കീഴില്‍ റയില്‍വെയില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളൊന്നും ഫലം കണ്ടില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കോടികള്‍ മുടക്കി വാങ്ങിയ ശുചീകരണ ഉപകരണങ്ങള്‍ മിക്ക സ്റ്റേനുകളിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. ഇത് യാത്രക്കാരില്‍ വലിയ അസംതൃപ്തിയുണ്ടാക്കുന്നുണ്ട്.

കുടിവെള്ള പൈപ്പുകള്‍, മൂത്രപ്പുരകള്‍, കക്കൂസുകള്‍ വിശ്രമ കേന്ദ്രങ്ങള്‍ തുടങ്ങിയവയൊന്നും ഭിന്ന ശേഷിക്കാര്‍ക്ക് കൂടി ഉപയോഗിക്കാവുന്ന തരത്തിലല്ല ഇപ്പോഴുള്ളതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റെയില്‍വേയുടെ സുരക്ഷാകാര്യത്തില്‍ കൈകൊണ്ട നടപടികളെയും സി എജി കുറ്റപ്പെടുത്തുന്നുണ്ട്. പല പദ്ധതികളും മന്ത്രിയുടെ ബജറ്റ് പ്രഖ്യാപനത്തില്‍ ഒതുങ്ങി. 2010 മുതല്‍ 2014 വരെ ലെവല്‍ ക്രോസുകളില്‍ 33445 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 2015 ലും ഇത്തരം അപകടങ്ങള്‍ തുടര്‍ന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ ആളില്ലാ ക്രോസുകള്‍ ഒഴിവാക്കുമെന്ന് പ്രഖാപിച്ച് റെയില്‍വെ കര്‍മ പദ്ധതി തയ്യാറാക്കിയിട്ടും 2015 എപ്രിലിലെ കണക്ക് പ്രകാരം രാജ്യത്ത് 11,630 ആളില്ലാ റെയില്‍ ക്രോസുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റെയില്‍വെയുടെ ആധുനിക വല്‍ക്കരണപ്രവര്‍ത്തനങ്ങളുടെ മേല്‍ നോട്ടച്ചുമതല ഐ ആര്‍ എസ് ടി സി എന്ന ഏജന്‍സിക്ക് നല്‍കിയിട്ടും പൊതു സ്വകാര്യ പങ്കാളിത്വത്തോടെയുള്ള ആധുനിക വല്‍ക്കരണ പദ്ധതികള്‍ പോലും പ്രാരംഭ ഘട്ടത്തില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News