സാമ്പത്തിക പ്രതിസന്ധി: പശ്ചിമ ബംഗാളില്‍ സിപിഎം പാര്‍ട്ടി ഓഫീസ് വാടകയ്ക്ക് നല്‍കി

Update: 2018-05-28 23:29 GMT
സാമ്പത്തിക പ്രതിസന്ധി: പശ്ചിമ ബംഗാളില്‍ സിപിഎം പാര്‍ട്ടി ഓഫീസ് വാടകയ്ക്ക് നല്‍കി

പാര്‍ട്ടി ഓഫീസിൽ ഉണ്ടായിരുന്ന മാര്‍ക്സിന്‍റെയും ലെനിനിന്‍റെയും ഏംഗൽസിന്‍റെയും ജ്യോതിബസുവിന്‍റേയുമടക്കമുള്ള ചിത്രങ്ങൾ എടുത്തുമാറ്റി.

സാമ്പത്തിക പ്രതിസന്ധിയിലായതോടെ പശ്ചിമ ബംഗാളില്‍ സിപിഎം പാര്‍ട്ടി ഓഫീസ് വാടകയ്ക്ക് നല്‍കി. പൂര്‍ബ ബര്‍ദമാന്‍ ജില്ലയിലെ ഗുസ്കാര മുനിസിപ്പാലിറ്റിയിലെ മൂന്ന് നില കെട്ടിടമാണ് വാടകയ്ക്ക് നല്‍കിയത്. 1999ൽ ജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ചായിരുന്നു പാര്‍ട്ടി ഓഫീസ് നിര്‍മ്മിച്ചത്.

സിപിഎമ്മിന്‍റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായിരുന്ന പുര്‍ബ ബര്‍ദമാന്‍ ജില്ലയിലെ ഗുസ്‌കര മുനിസിപ്പാലിറ്റി ഏഴാം വാര്‍ഡിലുള്ള ലോക്കല്‍ കമ്മിറ്റി ഓഫീസാണ് വാടകയ്ക്ക് നല്‍കിയത്. മൂന്ന് നില കെട്ടിടത്തില്‍ മൂന്ന് റൂമുകളും രണ്ട് ഹാളുകളും ശുചിമുറിയും അടുക്കളയുമാണ് ഉണ്ടായിരുന്നത്. 15,000 രൂപ മാസ വാടകയാണ് കെട്ടിടത്തിന് നിശ്ചിയിച്ചിട്ടുള്ളത്. കെട്ടിടം നൽകാൻ തീരുമാനിച്ച് വാടക കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു. പാര്‍ട്ടി ഓഫീസിൽ ഉണ്ടായിരുന്ന മാര്‍ക്സിന്‍റെയും ലെനിനിന്‍റെയും ഏംഗൽസിന്‍റെയും ജ്യോതിബസുവിന്‍റേയുമടക്കമുള്ള ചിത്രങ്ങൾ എടുത്തുമാറ്റി.

Advertising
Advertising

കോച്ചിംഗ് സെന്റര്‍ തുടങ്ങുന്നതിനായി സ്വപന്‍ പാല്‍ എന്നയാളാണ് ഓഫീസ് കെട്ടിടം വാടകയ്ക്ക് എടുത്തത്. ഗുഷ്‌കരയിലുള്ള സോണല്‍ ഓഫീസിലേക്കാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം മാറ്റുന്നത്. ഓഫീസിലെ വൈദ്യുതി ബില്ലും മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്കുളള ശമ്പളമടക്കമുള്ള ചെലവുകളും കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് തീരുമാനം.

1999 ല്‍ ജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ചായിരുന്നു പാര്‍ട്ടി ഓഫീസ് നിര്‍മ്മിച്ചത്. 2011ൽ അധികാരം നഷ്ടമായതോടെ താഴെ തട്ടിലുള്ള പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടതാണ് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയത്. 2011വരെ പൂര്‍വ്വ ബര്‍ദ്വാൻ ജില്ലയിലെ 15 നിയമസഭാ സീറ്റും സിപിഎമ്മിന്‍റേതായിരുന്നു. നിലവില്‍ ഒരു സീറ്റ് മാത്രമാണ് സിപിഎമ്മിനുള്ളത്.

Tags:    

Similar News