കര്‍ണാടകയില്‍ ബിജെപിയുടെ വിജയത്തിനായി ആര്‍എസ്എസ് സംഘം
ഓരോ നിയമസഭാ മണ്ഡലങ്ങളിലും ആര്‍എസ്എസിന്റെ പ്രത്യേക ടീം
കര്‍ണാടകയില്‍ ബിജെപിയുടെ വിജയത്തിനായി ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ പ്രത്യേകം പരിശീലിക്കപ്പെട്ട സംഘം പ്രചാരണ രംഗത്ത്. എന്ത് വിലകൊടുത്തും ദക്ഷിണേന്ത്യയില്‍ അധികാരമുറപ്പിക്കലാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. മുഴുവന്‍ ഹിന്ദുസംഘടനകളുടെയും ഏകീകരണവും ആര്‍എസ്എസ് ലക്ഷ്യമിടുന്നു.
ഓരോ നിയമസഭാ മണ്ഡലങ്ങളിലും മഹാ ശക്തി കേന്ദ്ര, ശക്തി കേന്ദ്ര എന്നീ പേരുകളിലാണ് ആര്‍എസ്എസിന്റെ പ്രത്യേക ടീം പ്രവര്‍ത്തിക്കുന്നത്. ആര്‍എസ്എസ് പ്രമുഖ് നേതൃത്വം കൊടുക്കുന്ന മൂന്ന് പേരടങ്ങുന്ന സംഘമാണിത്. മറ്റ് രണ്ട് പേരില്‍ ഒരാള്‍ ഹിന്ദു സംഘടനയുടെ ഭാരവാഹിയും മൂന്നാമത്തെ അംഗം ബിജെപി നേതാവും ആയിരിക്കും. ഒരു നിയമസഭാ മണ്ഡലത്തില്‍ ഇങ്ങിനെയുള്ള 8 മഹാ ശക്തികേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഇതിന് കീഴിലായി ബൂത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിന് 50 മുതല്‍ 70 വരെ ശക്തികേന്ദ്രങ്ങളും ഉണ്ടാവും.
പ്രധാനമായും ബിജെപിയുടെയും മറ്റ് ഹിന്ദു സംഘടനകളുടെയും ഏകോപനമാണ് ഈ ടീമിന്റെ ഉദ്ദേശം. മണ്ഡലത്തിലെ മുഴുവന്‍ വോട്ടര്‍മാരിലേക്കും നേരിട്ട് പ്രചാരണമെത്തിയെന്ന് ഈ ടീം ഉറപ്പ് വരുത്തും. വോട്ടര്‍ ലിസ്റ്റിലെ ഓരോ പേജും ഓരോ ആര്‍എസ്എസ് പ്രമുഖിന് വീതിച്ചു നല്‍കിയിട്ടുണ്ട്. ആ പേജിലുള്ള മുഴുവന്‍ വോട്ടര്‍മാരുടെയും വീട്ടില്‍ നേരിട്ടെത്തി വോട്ട് ഉറപ്പിക്കല്‍ ഈ പ്രമുഖിന്റെ ചുമതലയാണ്.
ഇതിന് പുറമെ വാട്സ് ആപ്പ് ഫേസ് ബുക്ക് പേജുകളും പ്രചാരണത്തിനായി ഉപയോഗിക്കാന്‍ ആര്‍ എസ് എസ് വളണ്ടിയര്‍മാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ട്. ത്രിപുരയിലെ ബിജെപിയുടെ വിജയത്തിന് പിന്നില്‍ ആര്‍എസ്എസിന്റെ ഈ തന്ത്രമാണെന്നാണ് വിലയിരുത്തല്‍. ഇതേ തന്ത്രം ഉപയോഗിച്ച് കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരിനെ താഴെ ഇറക്കുകയാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്.