ജയലളിതയേയും ശശികലയേയും അന്ന് രക്ഷിച്ചത് 'കണക്കിലെ പിഴവ്'

Update: 2018-05-29 08:24 GMT
Editor : Subin
ജയലളിതയേയും ശശികലയേയും അന്ന് രക്ഷിച്ചത് 'കണക്കിലെ പിഴവ്'
Advertising

പത്ത് ബാങ്കുകളില്‍ നിന്നുള്ള ആകെ വായ്പാ തുക 24.17 കോടി എന്നത് 10.67 കോടിയായാണ് കര്‍ണ്ണാടക ഹൈക്കോടതി കണക്കാക്കിയത്. ഒറ്റയടിക്ക് സംഭവിച്ചത് 13.50 കോടി രൂപയുടെ പിഴവ്...

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ 2015ല്‍ ജയലളിതയും ശശികലയും അടക്കമുള്ളവരെ രക്ഷിച്ച് കോടതിയുടെ കണക്കിലെ പിഴവായിരുന്നു. ഈ പിഴവ് മനഃപൂര്‍വ്വമായിരുന്നെന്ന ആരോപണവും വലിയ തോതിലുള്ള വിമര്‍ശനങ്ങളും അന്ന് ഉയര്‍ന്നിരുന്നു. രാഷ്ട്രീയക്കാര്‍ക്കെതിരായ അഴിമതിക്കേസുകളില്‍ കാര്യമായ നടപടികളുണ്ടാകുന്നില്ലെന്ന വിമര്‍ശനത്തിനുള്ള മുറുപടി കൂടിയാണ് സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഏറ്റവും പുതിയ വിധി.

ജയലളിത ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായ 1991-1996 കാലയളവില്‍ അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചുവെന്നതാണ് കേസ്. ഇക്കാലയളവില്‍ പ്രതിമാസം ഒരു രൂപയായിരുന്നു ജയലളിത ശമ്പളമായി സ്വീകരിച്ചിരുന്നത്. 1997ല്‍ ഡിഎംകെ അധികാരത്തിലെത്തിയപ്പോഴാണ് ജയലളിതയ്ക്കും ശശികല, ശശികലയുടെ ബന്ധു ഇളവരശി, സുധാകരന്‍ എന്നിവരെ പ്രതികളാക്കി അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തത്. 1991-96 കാലയളവില്‍ തമിഴ്‌നാട്ടിലും പുറത്തുമുള്ള ഭൂമി, തേയിലത്തോട്ടങ്ങള്‍, ഫാംഹൗസുകള്‍, 28 കിലോ സ്വര്‍ണ്ണം, 800 കിലോ വെള്ളി, 10500 സാരി, 750 ജോഡി ചെരുപ്പ്, 91 വാച്ച് എന്നിവ സമ്പാദിച്ചെന്നായിരുന്നു കേസ്. 1997ല്‍ നടന്ന വിജിലന്‍സ് റെയ്ഡില്‍ സ്വര്‍ണ്ണവും വെള്ളിയും സാരിയും ചെരുപ്പുകളും വാച്ചും പിടിച്ചെടുത്തിരുന്നു.

നീണ്ട പതിനേഴ് വര്‍ഷത്തെ വിചാരണക്കൊടുവില്‍ 2014ല്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബംഗളൂരു പ്രത്യേക കോടതി ജയളിതക്ക് നാലു വര്‍ഷം തടവും 100 കോടി രൂപ പിഴയും വിധിച്ചിരുന്നു. ജഡ്ജി മൈക്കല്‍ ഡി കുന്‍ഹയുടെ വിധി വലിയ തോതില്‍ സ്വാഗതം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ പ്രത്യേക കോടതി വിധി പൂര്‍ണ്ണമായും തള്ളിക്കളഞ്ഞാണ് 2015ല്‍ കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജി കുമാരസ്വാമി വിധി പുറപ്പെടുവിച്ചത്. വിരമിക്കുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അതിനിര്‍ണ്ണായകമായ ഈ കോടതി വിധ പുറപ്പെടുവിച്ച കുമാരസ്വാമിക്കെതിരെ ഫഌറ്റ് അഴിമതി ആരോപണങ്ങള്‍ അടക്കം ഉയരുകയും ചെയ്തിരുന്നു.

വരുമാനവും അനധികൃത സ്വത്തും തമ്മിലുള്ള അന്തരം പത്ത് ശതമാനത്തില്‍ താഴെയാണെങ്കില്‍ പൊതുപ്രവര്‍ത്തകരുള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജയലളിതയുടെ വരുമാനവും സ്വത്തും തമ്മിലുള്ള അന്തരം 66.65 കോടിയല്ലെന്നും വെറും 2.82 കോടി മാത്രമാണെന്നുമായിരുന്നു കര്‍ണ്ണാടക ഹൈക്കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍ ഈ കണ്ടെത്തല്‍ കണക്കിലെ പിഴവായിരുന്നെന്ന് കാണിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച കേസിലാണ് ശശികലക്കും കൂട്ടര്‍ക്കുമെതിരായ വിധിയുണ്ടായിരിക്കുന്നത്. കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജ് കുമാരസ്വാമി പുറപ്പെടുവിച്ച വിധിയുടെ പകര്‍പ്പിലെ 852ആം പേജിലാണ് വിവാദമായ കണക്കിലെ 'പിഴവ്' സംഭവിച്ചത്.

ജയലളിതയുടേയും കൂട്ടാളികളുടേയും വായ്പ തുകകളുടെ ഇനം തിരിച്ചുള്ള കണക്കാണ് വിധി പ്രസ്താവത്തിന്റെ ഈ ഭാഗത്തിലുള്ളത്. 10 ബാങ്കുകളില്‍ നിന്നും 24.17 കോടി രൂപ വായ്പയെടുത്തെന്നാണ് കാണിക്കുന്നത്. ജയലളിതയുടേയും കൂട്ടരുടേയും സമ്പാദ്യമായി 5.99 കോടി രൂപ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ഡയറക്ടര്‍ വരുമാനമായി കണക്കാക്കിയിട്ടുണ്ട്. ഇത് കുറച്ചുള്ള 18.17 കോടി രൂപയാണ് ആകെയുള്ള വായ്പാതുകയായി കണക്കാക്കേണ്ടത്.

പത്ത് ബാങ്കുകളില്‍ നിന്നുള്ള ആകെ വായ്പാ തുക 24.17 കോടി എന്നത് 10.67 കോടിയായാണ് കര്‍ണ്ണാടക ഹൈക്കോടതി കണക്കാക്കിയത്. ഒറ്റയടിക്ക് സംഭവിച്ചത് 13.50 കോടി രൂപയുടെ പിഴവ്. ഈ പിഴവാണ് ജയലളിതയേയും കൂട്ടരേയും അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റവിമുക്തരാക്കുന്നതിലേക്ക് നയിച്ചത്. സമ്പാദ്യവും വരുമാനവും തമ്മിലുള്ള യഥാര്‍ഥ അന്തരം 76.75 ശതമാനമാണെന്നിരിക്കെ ഇത് വെറും 8.12 ശതമാനമായി മാറ്റുകയാണ് ഈ കണക്കിലെ കളിയിലൂടെ നടന്നത്. ഇതോടെ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസുകളില്‍ പത്ത് ശതമാനത്തില്‍ കുറവാണ് വരുമാനവും സമ്പാദ്യവും തമ്മിലുള്ള അന്തരമെങ്കില്‍ കേസെടുക്കേണ്ടെന്ന പഴുതിലൂടെ ജയലളിതയും ശശികലയും അടക്കമുള്ള വന്‍മീനുകള്‍ രക്ഷപ്പെട്ടത്.

ബംഗളൂരു ഹൈക്കോടതിയുടെ കണക്ക്
ആകെ സമ്പാദ്യം 37,59,02,466
ആകെ വരുമാനം 34,76,65,654
വ്യത്യാസം 2,82,36,812
അനധികൃത സ്വത്തിന്റെ ശതമാനം 8.12%

13,50,00,000 രൂപയുടെ പിഴവ് ഒഴിവാക്കിയാല്‍ അനധികൃത സ്വത്ത് 16,32,36,812 രൂപയായി കുത്തനെ ഉയരും(2,82,36,812+ 13,50,00,000)
ഈ കണക്കുകകള്‍ പ്രകാരം അനധികൃത സ്വത്തിന്റെ ശതമാനം 76.75 ആയി ഉയരും
.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News